ഖത്തറില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നു, രാജ്യം അതിവേഗം സാധാരണ നിലയിലേക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഗവണ്‍മെന്റും പൊതുജനങ്ങളും കോവിഡ് പ്രതിരോധത്തിിന് കൈകോര്‍ക്കുകയും പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാല്‍ ഖത്തറില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നു, രാജ്യം അതിവേഗം സാധാരണ നിലയിലേക്ക്.
ഒന്നര വര്‍ഷത്തിലധികമായി സമ്മര്‍ദ്ധങ്ങളുടേയും മാനസിക പിരിമുറുക്കങ്ങളുടേയും നടുവില്‍ നെടുവീര്‍പ്പിട്ടിരുന്ന സ്വദേശികളും വിദേശികളും ആശ്വാസത്തിന്റെ നിറവിലാണ് . കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുന്നതും പുതിയ ട്രാവല്‍ നയം നടപ്പാക്കിയതുമൊക്കെ വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് സൃഷ്ടിക്കുന്നത്. സന്ദര്‍ശക വിസകളും, ടൂറിസ്റ്റ്, ബിസിനസ് വിസകളും ആരംഭിക്കുന്നതോടെ മാര്‍ക്കറ്റ് കൂടുതല്‍ സജീവമാകുമെന്നാണ് കരുതുന്നത് . രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെത്തുന്നത് ഹോസ്പിറ്റാലിറ്റി മേഖലയെ മാത്രമല്ല മൊത്തത്തില്‍ തന്നെ വളര്‍ച്ചക്ക് കാരണമാകും. ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ റിസര്‍വേഷന്‍ നിര്‍ബന്ധമായതിനാല്‍ ഹോട്ടല്‍ വ്യവസായവും ഉണരും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ബിസിനസുകളിലും പുതിയ നയം ക്രിയാത്മകമായ മാറ്റങ്ങളുണ്ടാക്കും.
വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയും ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗങ്ങളിലുമുള്ള രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തതോടെ കോവിഡിന് പ്രത്യേകമായി നിശ്ചയിച്ചിരുന്ന പല ആശുപത്രികളും ഇതിനകം തന്നെ സാധാരണ സേവനങ്ങള്‍ പുനരാരംഭിച്ച് കഴിഞ്ഞു. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ 31 രോഗികളും ആശുപത്രിയില്‍ 79 രോഗികളുമടക്കം രാജ്യത്ത് മൊത്തം 1498 രോഗികള്‍ മാത്രമാണ് ചികില്‍സയിലുള്ളത്.
രാജ്യത്ത് മൊത്തം 221549 പേര്‍ക്കാണ് ഇതിനകം രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. 3428791 ഡോസ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട് . പ്രായപൂര്‍ത്തിയായ 78.1 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു.60 വയസിന് മീതെ പ്രായമുള്ള 93.5 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണ് ഖത്തറിലുളളത്. ഖത്തറിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ലോക ശ്രദ്ധ നേടി കഴിഞ്ഞു.