
റേഡിയോ ആര്‍.ജെകളോടൊപ്പം കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ( 4)
അക്ഷര നഗരിയിലെ വിശേഷങ്ങള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ഖത്തറിലെ പ്രമുഖ റേഡിയോ നെറ്റ് വര്‍ക്കായ റേഡിയോ സുനോ ഒലീവ് നെറ്റ് വര്‍ക്കിലെ ആര്‍.ജെ.കളോടൊപ്പമുള്ള ഇന്നത്തെ യാത്ര നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലേക്കായിരുന്നു. കോവിഡ് പ്രതിസന്ധി പൂര്‍ണമായും വിട്ടുമാറിട്ടില്ലെങ്കിലും അക്ഷര നഗരി സന്ദര്‍ശകരാല്‍ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടിയത് കണ്ടപ്പോള്‍ പുസ്തകങ്ങള്‍ ഇന്നും മനുഷ്യ സാംസ്‌കാരിക ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുകയായിരുന്നു.
മനുഷ്യന്റെ ഏറ്റവും സാര്‍ഥകമായ സര്‍ഗ പ്രവര്‍ത്തനമാണ് വായന. അറിവിന്റേയും ആശയങ്ങളുടേയും വിശാല ഭൂമികയിലൂടെ സഞ്ചരിച്ച് ഭാവനയുടേയും ആസ്വാദനത്തിന്റേയും അതിരുകളില്ലാത്ത ലോകത്തേക്ക് നമ്മെ നയിക്കുകയും നന്മയുടേയും സുകൃതത്തിന്റേയും വാതായനങ്ങള്‍ തുറക്കുകയും ചെയ്യുവാന്‍ സഹായിക്കുന്ന മഹത്തായ സാംസ്‌കാരിക പ്രവര്‍ത്തനം. വായനയുടെ ആനന്ദം അനുഭവിക്കുമ്പോള്‍ മനുഷ്യന്‍ സാംസ്‌കാരികമായും വൈകാരികമായും ഉയര്‍ന്ന വിതാനങ്ങളിലാണ് അഭിരമിക്കുക. ഈ രംഗത്ത് മാതൃകാപരമായപ്രവര്‍ത്തനങ്ങളോടെയാണ് ഓരോ വര്‍ഷവും ഷാര്‍ജ ബുക്ക് അതോരിറ്റി പുസ്തകോല്‍സവമൊരുക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറ് കണക്കിന് പുതിയ എഴുത്തുകാരും പുസ്തകങ്ങളും ഈ മേളയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഒരു പക്ഷേ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പുതിയപുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന പുസ്തകമേള എന്ന വിശേഷണം ഷാര്‍ജ പുസ്തകോല്‍സവത്തിന് സ്വന്തമാകാം.
ഓരോ അവസരത്തിനും അനുയോജ്യമായ ഒരു പുസ്തകമുണ്ടെന്ന മഹത്തായ പ്രമേയമാണ് ഈ വര്‍ഷത്തെ പുസ്തകോല്‍സവം ചര്‍ച്ചക്ക് വെച്ചത് മനുഷ്യന്റെ നാഗരികവും സാംസ്‌കാരികവുമായ വളര്‍ച്ചയില്‍ പുസ്തങ്ങളുടെ പങ്ക് അടയാളപ്പെടുത്തുന്നതോടൊപ്പം പുസ്തകങ്ങളിലേക്ക് മടങ്ങുവാന്‍ പൊതുജനങ്ങളെ ആഹ്വോനം ചെയ്യുന്ന സുപ്രധാനമായ പ്രമേയമാണിത്.
പുതിയ പുസ്തങ്ങളുടെ വശീകരിക്കുന്ന മണം നുകര്‍ന്ന് അക്ഷര നഗരിയിലൂടെ ആര്‍.ജെകളോടൊപ്പം കറങ്ങിയപ്പോള്‍ ചിന്തകള്‍ വായനയുടെ സ്വര്‍ഗത്തിലൂടെയാണ് സഞ്ചരിച്ചത്. അറിവും തിരിച്ചറിവും ജീവിതലക്ഷ്യവുമൊക്കെ അടയാളപ്പെടുത്തുന്ന അമൂല്യകൃതികളിലൂടെയുള്ള സര്‍ഗസഞ്ചചാരം സമ്മാനിക്കുന്ന അനുഭൂതികള്‍ അയവിറക്കുന്നത് തന്നെ ആവേശകരമായിരുന്നു.
ശാരീരികാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും പോലെ മാനസാരോഗ്യത്തിനും ചിന്തയുടെ വികാസത്തിനുമുള്ള ഇന്ധനമാണ് വായന. ഭക്ഷണവും ഭാഷണവും മെച്ചപ്പെടുമ്പോഴാണ് മനുഷ്യന്‍ സംസ്‌കാര സമ്പന്നനാകുന്നത്. നൂതനങ്ങളായ അറിവുകളും ആശയങ്ങളുമാണ് ലോകത്ത് ചിന്താവിപ്‌ളവത്തിന് കാരണമായത്. കേവലം ജ്ഞാന വിജ്ഞാനങ്ങളുടെ ആദാനപ്രദാനങ്ങള്‍ക്കപ്പുറം ആശയങ്ങളുടേയും കാല്‍പനികതുടേയും വിശാലമായ ലോകമാണ് വായനയിലൂടെ നമുക്ക് മുന്നില്‍ തുറന്നുകിട്ടുന്നത്. മനുഷ്യന്റെ സാംസ്‌കാരിക വളര്‍ച്ചാചരിത്രത്തിന്റെ വളര്‍ച്ചാവികാസം തുറന്ന വായനയുടെ സാമൂഹിക പരിസരത്താണ് വളര്‍ന്ന് പരിലസിച്ചത്.
വിവരസമ്പാദനം വിരല്‍തുമ്പില്‍ ലഭിക്കുന്ന സമകാലിക ലോകത്തും വായനയുടെ പ്രാധാന്യം ഒട്ടും നഷ്ടപ്പെടുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. കാരണം വായനയുടെ ലക്ഷ്യം കേവലം വിവര ശേഖരണം മാത്രമല്ല. അറിവിനും തിരിച്ചറിവിനുമപ്പുറം ആസ്വാദനത്തിന്റേയും ആവിഷ്‌ക്കാരത്തിന്റേയും വിശാലമായ കാന്‍വാസുകളാണ് വായന സാക്ഷാല്‍ക്കരിക്കുന്നത്.
വായന രചിക്കുന്ന ഭാവനയുടെ സാമ്രാജ്യം നിസ്തുലവും മനോഹരവുമാണ്. ഭരണകൂടങ്ങളെ പിടിച്ചുകുലുക്കാനും ചരിത്രം തന്നെ മാറ്റിയെഴുതുവാനും ശക്തമായ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും സാധിക്കുമെന്നതിന് ചരിത്രം സാക്ഷിയാണ്. അതുകൊണ്ടാണ് അക്ഷരം അഗ്നിയാണ്, ആയുധമാണ് എന്നൊക്കെ പറയുന്നത്. ഏകാധിപതികളൊക്കെ അക്ഷരങ്ങളെ ഭയപ്പെട്ടിരുന്നതും അതുകൊണ്ടാണ്. വാനയും അക്ഷരങ്ങളും സമൂഹത്തിന്റെ, രാജ്യത്തിന്റെ, ലോകത്തിന്റെ സമാധാനപരമായ സഹവര്‍തിത്വത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് വായനാദിനത്തില്‍ ശ്രദ്ധേയമാകുന്ന ഏറ്റവും വലിയ ചിന്ത.
വായന വ്യത്യസ്ത സ്വഭാവത്തിലാണ്. ഒറ്റ വായന, ആവര്‍ത്തിച്ചുള്ള വായന, ഗാഡമായ വായന ഇങ്ങനെ പലരൂപത്തില്‍ വായനയെ തരം തിരിക്കാം. ഓരോ വായനക്കും അതിന്റേതായ സ്വഭാവ സവിശേഷതകളും ഗുണങ്ങളുമാണുള്ളത്. മനുഷ്യന്‍ അനിവാര്യമായും ഉള്‍കൊള്ളേണ്ട സ്വഭാവമാണ് വായന.
വായനയുടെ സര്‍ഗ സഞ്ചാരം മനുഷ്യന്റെ ചിന്തയേയും വികാരത്തേയും മാത്രമല്ല ബുദ്ധിയേയും തീരുമാനങ്ങളേയും വരെ സ്വാധീനിക്കും. വായിച്ചാലും വളരും വായിച്ചില്ലേലും വളരും. വായിച്ചു വളര്‍ന്നാല്‍ വിളയും, വായിക്കാതെ വളര്‍ന്നാല്‍ വളയുമെന്ന കുഞ്ഞുണ്ണി മാഷിന്റെ അനശ്വര വരികള്‍ വായനയുടെ സാംസ്‌കാരിക ദൗത്യമാണ് അടയാളപ്പെടുത്തുന്നത്.
വിശാലമായ വിഹായസ്സിലേക്ക്, മനോഹരങ്ങളായ മഴവില്ലുകള്‍ തീര്‍ക്കുന്ന വര്‍ണവൈവിധ്യങ്ങളുടെ ദൃശ്യ സൗന്ദര്യത്തിലേക്ക്, കൂറ്റന്‍ തിരമാലകളോടൊപ്പം നൃത്തം വെച്ച് ആര്‍ത്തലറുന്ന സമുദ്രത്തിലേക്ക്, മഞ്ഞുമലകളും കാടുകളും സൃഷ്ടിക്കുന്ന വശ്യ സുന്ദരമായ പ്രാപഞ്ചിക പ്രതിഭാസങ്ങളിലേക്ക്, ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത രാജ്യങ്ങളുടെ തെരുവീഥികളിലേക്ക.് അങ്ങനെ അക്ഷരാര്‍ഥത്തില്‍ അതിരുകളില്ലാത്ത ലോകത്തിന്റെ വിശാലതയിലേക്കുള്ള കവാടങ്ങളാണ് പുസ്തകങ്ങളും വായനയും നമുക്ക് മുന്നില്‍ തുറന്നുവെക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തേക്കും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മെ കൊണ്ടുപോകുവാന്‍ കഴിവുള്ള കൂട്ടുകാരാണ് പുസ്തകങ്ങള്‍. അടുക്കിവെച്ചിരിക്കുന്ന ഭാവനയുടെ ചിറകുകള്‍ അവ നമുക്കായി തുറന്നുതരും. ആ ചിറകിലേറി പറന്നവരാരും പിന്നീട് പറക്കല്‍ നിര്‍ത്തിയിട്ടില്ല. കാരണം, അതൊരു വല്ലാത്ത അനുഭൂതിയാണ്. ആ അനുഭൂതിയും ആനന്ദവും ആസ്വദിക്കുന്നതും സുപ്രധാനമായൊരു സാംസ്‌കാരിക പ്രവര്‍ത്തനം തന്നെ
പുസ്തകമേളക്ക് ചുക്കാന്‍പിടിക്കുന്നത് മലയാളിയായ മോഹന്‍ കുമാറാണെന്നത് ഏറെ സന്തോഷകരമായി തോന്നി. എല്ലാ തിരക്കുകളും മാറ്റി വെച്ച് ഞങ്ങളെ കാണാനും കുറേ നേരം സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നിരവധി ഗ്രന്ഥകാരന്‍മാരേയും വായനക്കാരേയും പ്രചോദിപ്പിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് പുസ്തകോത്സവത്തിന്റെ എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹന്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
ഖത്തറില്‍ നിന്നും പുസ്തകോത്സവത്തിനെത്തിയ റേഡിയോ സുനോ സംഘം സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അമീര്‍ അലി പരുവള്ളിയുമായുള്ള സംഭാഷണത്തിലാണ് മഹത്തായ ഈ ഉദ്യമത്തിന്റെ പിന്നണി പ്രവര്‍ത്തകനാകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം മോഹന്‍ കുമാര്‍ പ്രകടിപ്പിച്ചത്.
അക്ഷരങ്ങളെ നെഞ്ചേറ്റുന്ന സുല്‍ത്താനും അതിനെ പിന്തുണക്കുന്ന ഒരു വിഭാഗമാളുകളുമാണ് ഷാര്‍ജ പുസ്തകോത്സവത്തിന്റെ വിജയചരിത്രം രചിക്കുന്നത്. തൊഴില്‍ എന്നതിനുപ്പുറം പാഷനും, പുസ്തകങ്ങളും, ഗ്രന്ഥകാരന്‍മാരുമൊക്കെ കൂടിച്ചേരുന്ന ഒരു അഭിനിവേശമാണ് ഷാര്‍ജ പുസ്തകോത്സവത്തിന്റെ ജീവന്‍. കഴിഞ്ഞ 40 വര്‍ഷക്കാലമായി പുസ്തകോത്സവത്തിന്റെ ഭാഗമാവുന്നത് ഒരു വലിയ പുണ്യ പ്രവര്‍ത്തിയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരോ 25 മിനുറ്റിലും ഒരോ പുതിയ പുസ്തകങ്ങളാണ് ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യപ്പെടുന്നത്. അതില്‍ തന്നെ ഒരുപാട് പുതിയ ഗ്രന്ഥകാരന്‍മാര്‍ മുന്നോട്ട് വരുന്നുവെന്നത് അങ്ങേയറ്റം സന്തോഷകരമാണ്. പലപ്പോഴും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്ന പലരും അടുത്ത വര്‍ഷം എന്റെയും ഒരു പുസ്തകം ഇവിടെ പ്രകാശനം ചെയ്യണമെന്ന താല്‍പര്യവുമായാണ് പിരിഞ്ഞ് പോകുന്നത്. ഇങ്ങനെ പതിനായിരങ്ങളെ പ്രചോദിപ്പിക്കുന്ന അക്ഷര നഗരി പത്ത് ദിവസത്തെ ധന്യമായ രാപകലുകളാല്‍ സാംസ്‌കാരിക പ്രബുദ്ധതയുടെയും സാഹിത്യ നവോത്ഥാനത്തിന്റെയുമൊക്കെ ഭാഗമാവുന്നുവെന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജീവിത വിജയം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും എന്നാല്‍ വിജയിക്കണമെന്ന അദമ്യമായ ആഗ്രഹമാണ് ഏറ്റവും വലിയ വിജയമന്ത്രമെന്നുമാണ് എന്റെ വിജയമന്ത്രങ്ങളുടെ അഞ്ചാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടത്.
ജീവിതത്തില്‍ വിജയിക്കുന്നവരെല്ലാം ചില സവിശേഷമായ സ്വഭാവഗുണങ്ങള്‍ പിന്തുടരുന്നവരായിരുന്നുവെന്നതും മനസ്സ് വെച്ചാല്‍ ആര്‍ക്കും വിജയിക്കാമെന്നതും സമകാലിക ലോകം സാക്ഷ്യപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. അതിനാല്‍ ജീവിത വ്യവഹാരങ്ങളില്‍ ആത്മാര്‍ത്ഥമായും അഭിനിവേശത്തോട് കൂടിയും ഇടപെടുകയും തങ്ങളുടെ വിജയപാഥ ഒരുക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
വിജയിച്ച ആളുകളെല്ലാം അവരുടെ ജീവിതലക്ഷ്യത്തെക്കുറിച്ച വ്യക്തമായ ധാരണയുള്ളവരായിരുന്നതോടൊപ്പം ആ മാര്‍ഗത്തില്‍ സമര്‍പ്പിതരായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഏത് രംഗത്തും ആത്മാര്‍പ്പണമാണ് വിജയം രൂപപ്പെടുത്തുന്ന സുപ്രധാനമായ മറ്റൊരു മന്ത്രമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുസ്തകോല്‍സവത്തിലെ റൈറ്റേര്‍സ് ഹാളില്‍ ഒരു പ്രത്യേക സെഷനില്‍ എന്റെ മൂന്ന് പുസ്തകങ്ങള്‍ പകാശനം ചെയ്തതും ബന്ന ചേന്ദമംഗല്ലൂര്‍ ഔട്ട്സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് അവാര്‍ഡ് സമ്മാനിച്ചതും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളായിരുന്നു. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട്, മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍ എന്നിവരാണ് ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച എന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്. വിജയമന്ത്രങ്ങള്‍ പ്രകാശനം ചെയ്ത സഫാരി ഗ്രൂപ്പ് അധികൃതര്‍ ഖത്തറില്‍നിന്നുമെത്തിയ റേഡിയോ സംഘത്തിന് മുഴുവന്‍ വിജയമന്ത്രങ്ങള്‍ സമ്മാനിച്ചത്തും ധന്യമായ ഓര്‍മയായി.
പുസ്തകോല്‍സവത്തിലെ മറ്റു സന്തോഷങ്ങള്‍ കുറേ എഴുത്തുകാരേയും പ്രസാധകരേയയും നേരില്‍ കാണാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞുവെന്നതായിരുന്നു.
നാലാം വാര്‍ഷികത്തോടനുബന്ധിച്ച നാല് ദിവസത്തെ ദുബൈ സന്ദര്‍ശന പരിപാടി അവിസ്മരണീയമാക്കിയാണ് റേഡിയോ സംഘത്തെ യാത്രയാക്കിയത്. ( തുടരും)