വാഹിദ നസീറിന്റെ കരവിരുതില്‍ വിരിയുന്ന വിസ്മയങ്ങള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ലോകം മനോഹരമാണ്. പലപ്പോഴും മനുഷ്യരുടെ തെറ്റായ നിലപാടുകളും നടപടികളും ആവാസ വ്യവസ്ഥയില്‍ വരുത്തുന്ന മാറ്റമാണ് പ്രകൃതിയുടേയും പ്രപഞ്ചത്തിന്റേയും താളലയങ്ങള്‍ നശിപ്പിക്കുന്നത്. ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥയായ ആലുവ സ്വദേശി വാഹിദ നസീര്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ അനശ്വര പാഠങ്ങളാണ് അടയാളപ്പെടുത്തുന്നത്. ട്രാഷ് ടു ക്രാഫ്റ്റ് എന്ന ആശയത്തോടെ കരവിരുതില്‍ വിസ്മയം തീര്‍ക്കുന്ന വാഹിദയുടെ ലോകം ഏതൊരു കലാസ്വാദകന്റേയും ശ്രദ്ധയാകര്‍ഷിക്കും.
പാഴ് വസ്തുക്കളില്‍ നിന്നും മനോഹരമായ ശില്‍പങ്ങളൊരുക്കുന്ന ഈ കലാകാരി മനസുവെച്ചാല്‍ എന്തും മനോഹരമാക്കാമെന്നാണ് വിശ്വസിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഫലപ്രദമായി ഉപയോഗിച്ചാണ് വാഹിദ മാതൃകയാകുന്നത്. ദീര്‍ഘനേരം ഓഫീസില്‍ ജോലി ചെയ്ത് തിരിച്ചെത്തിയ ശേഷമാണ് പൂക്കളേയും ചെടികളേയും പക്ഷികളേയും പരിപാലിക്കാനും പാഴ്‌വസ്തുക്കളില്‍ നിന്നും കമനീയമായ വസ്തുക്കള്‍ നിര്‍മിക്കാനും സമയം കണ്ടെത്തുന്നത് എന്നത് ജോലി കഴിഞ്ഞ് ഒന്നിനും സമയമില്ലെന്ന് പരിതപിക്കുന്ന നിരവധി പേര്‍ക്ക് ഒരോര്‍മപ്പെടുത്തലാണ്. മനസുവെച്ച് പരിശ്രമിക്കുകയും ജീവിതത്തിലെ അഭിനിവേശം പിന്തുടരുകയും ചെയ്യുമ്പോള്‍ എല്ലാം സാധ്യമാണെന്നാണ് വാഹിദ പ്രായോഗികമായി തെളിയിക്കുന്നത്.
അറ നിറഞ്ഞ കലാകാരിയായ വാഹിദക്ക് എല്ലാറ്റിലും സൗന്ദര്യമാണ് കാണാനാവുന്നത്. അതുകൊണ്ട് തന്നെ തൂവലുകളും കടലാസും അരി മണിയും നൂലുമെന്നല്ല മുട്ടത്തോടും ഐസ്‌ക്രീം സ്റ്റിക്കും അലൂമിനിയം ഫോയിലും പഴയ ന്യൂസ് പേപ്പറുമൊക്കെ വാഹിദയുടെ കരവിരുതില്‍ ജീവന്‍ തുടിക്കുന്ന രൂപങ്ങളായി മാറാന്‍ അധികം നേരം വേണ്ടി വരില്ല. പാഴ് വസ്തുക്കളില്‍ നിന്നും നിര്‍മിക്കുന്ന കരകൗശല വസ്തുക്കളുടെ കൗതുകം മാത്രമല്ല ഏതൊരു കാര്യവും നാം നോക്കികാണുന്നതുപോലെയും പ്രയോജനപ്പെടുത്തുന്നതുപോലെയയുമാകുമെന്ന സുപ്രധാന കാര്യമാണ് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നത്. വ്യത്യസ്ത പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് വാഹിദ നിര്‍മ്മിച്ച വൈവിധ്യവും മനോഹരവുമായ നിര്‍മ്മിതികള്‍ ഏറെ ആകര്‍ഷകമാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഖത്തറിലുള്ള വാഹിദ പത്തു വര്‍ഷത്തിലധികമായി കരകൗശലരംഗത്ത് സജീവമാണ്. ദോഹയില്‍ ഒരു വര്‍ഷത്തോളം ജോലിയില്ലാതെ വെറുതേയിരുന്ന സമയത്ത് ചെറുതായി ഓരോ പൂക്കള്‍ ഉണ്ടാക്കിയാണ് വാഹിദയുടെ ക്രാഫ്റ്റ് ജീവിതം തുടങ്ങുന്നത്. മക്കളുടെ സ്‌ക്കൂള്‍ പ്രൊജക്റ്റുകളില്‍ സഹായിക്കുമായിരുന്നു. തന്റെ വര്‍ക്കുകള്‍ക്ക് മികച്ച അഭിപ്രായങ്ങളും പ്രതികരണങ്ങളുമുണ്ടാവാന്‍ തുടങ്ങിയതോടെ ക്രാഫ്റ്റ് ചെയ്യാനുള്ള ഇഷ്ടം കൂടി. ഖാഫ്‌കോ വെജിറ്റബിള്‍ ആന്റ് ഫ്‌ളവര്‍ ഷോയിലും വിവിധ സംഘടനകള്‍ നടത്തിയ മത്സരങ്ങളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടാന്‍ തുടങ്ങിയതോടെ ആവേശം കൂടി. വാഹിദയുടെ വീട്ടിലെ ട്രോഫികളാല്‍ നിറഞ്ഞ ഷെല്‍ഫ് ഈ അംഗീകാരങ്ങളുടെ സാക്ഷ്യ പത്രമാണ്.
ദിവസവും വലിച്ചെറിയുന്ന പാഴ്വസ്തുകൊണ്ട് മനോഹരമായ അലങ്കാര വസ്തുക്കളുണ്ടാക്കി വീടിനെ അഴകുറ്റതാക്കാന്‍ പരിശ്രമിക്കുന്ന വാഹിദയുടെ ഓരോ സൃഷ്ടിയും പ്രൊഫഷണലിസത്തിലും ക്രാഫ്റ്റിന്റെ മികവിലും വേറിട്ട് നില്‍ക്കുന്നു. ആലില, ചിരട്ട, ഡിസ്‌പോസിബള്‍ ഗ്ലാസ്, വൂള്‍, ഓല, ബോട്ടില്‍, ക്രേപ്പ് പേപ്പര്‍, ക്ലോത്സ്, സീ ള്‍ഷെല്‍, ആപ്പിള്‍ കവര്‍, മുട്ട കാര്‍ട്ടന്‍, പിസ്ത ഷെല്‍, സാറ്റിണ്‍ റിബണ്‍, മുത്തുകള്‍ എന്നിവകൊണ്ടാണ് സാധാരണയായി ശില്‍പങ്ങളുണ്ടാക്കുന്നത്. ഓരോ അവസരത്തിനനുസരിച്ച് തീം ബേസ്ഡ് ആയി ഡ്രൈ ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, ഫ്രഷ് ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് എന്നിവയും ചെയ്യാറുണ്ട്.
വാഹിദയുടെ മക്കളും കലാവാസനയുള്ളവരാണ്. മൂത്ത മകള്‍ നസ്വീഹ നസീര്‍ അന്നൂര്‍ ഡെന്റല്‍ കോളേജില്‍ ബി.ഡി.എസ്. അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഇളയ മകള്‍ നഹ്‌ല നസീര്‍ ഉപരി പഠനത്തിന് തയ്യാറെടുക്കുകയാണ്.
പൂക്കളും പച്ചക്കറികളും പക്ഷികളുമാണ് വാഹിദയൊരു മറ്റൊരു പ്രധാന ഹോബി. വിടര്‍ന്നുനില്‍ക്കുന്ന പൂക്കളുടെ സൗന്ദര്യം കണ്ടുണരാന്‍ കഴിയുക, വൈവിധ്യമാര്‍ന്ന പൂക്കളുടെ പരിമളവും അനുഭൂതിയുമുണര്‍ത്തുന്ന തലോടലേല്‍ക്കാനാവുക, തത്തയും പ്രാവും കുയിലുമടക്കമുള്ള പക്ഷികളുടെ സംഗീതസാന്ദ്രമായ ആദാനപ്രദാനങ്ങള്‍ തീര്‍ക്കുന്ന ഗൃഹാതുരമായ സാമൂഹ്യപരിസരത്ത്് ജീവിക്കുക, വിളഞ്ഞുനില്‍ക്കുന്ന പച്ചക്കറികളുടെ പറുദീസയിലൂടെ ഉലാത്തുക. ഏത് മനുഷ്യനും അവാച്യമായ അനുഭൂതി സമ്മാനിക്കുന്ന മഹാഭാഗ്യമാണിതൊക്കെ. ജനസാന്ദ്രതയില്‍ വീര്‍പ്പുമുട്ടി ഫ്‌ളാറ്റുകളുടെ ഇടനാഴികകളില്‍ തളക്കപ്പെടുന്ന പലര്‍ക്കും ഇതൊക്കെ സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങളായി തോന്നാം. എന്നാല്‍ മനസുവെച്ചാല്‍ നമുക്കും മരുഭൂമിയില്‍പോലും മനോഹരമായ മലര്‍വാടി തീര്‍ക്കാനാകുമെന്ന് തെളിയിക്കുകയാണ് വാഹിദ. കഴിഞ്ഞ ദിവസം അടുക്കള തോട്ടം ദോഹയുടെ ഫേസ് ബുക്ക് ലൈവില്‍ വാഹിദയുടെ തക്കാളി കൃഷിയും വൈവിധ്യമാര്‍ന്ന പൂക്കളും പക്ഷികളുമൊക്കെ ചിത്രീകരിക്കപ്പെട്ടപ്പോള്‍ പലരും അത്ഭുതപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത്തിരണ്ടോളം ഇനം തക്കാളികള്‍, വിവിധ തരം വഴുതനങ്ങ എന്നിവ വാഹിദയുടെ ഗാര്‍ഹിക തോട്ടത്തിന്റെ സവിശേഷതയാണ്.
ആധുനിക ലോകത്ത് സമ്മര്‍ദ്ധങ്ങളുടേയും തിരക്കുകളുടേയുമിടയില്‍ പ്രയാസമനുഭവിക്കുന്നവരാണ് അധികമാളുകളും. ശാന്തിയുടേയും സമാധാനത്തിന്റേയും കുളിരുപകരുന്ന ആരാമം മനസിനും ശരീരത്തിനും നല്‍കുന്ന ആശ്വാസം അവാച്യമാണ്. കണ്ണിനും കരളിനും കുളിരുപകരുന്ന സുന്ദരമായ സൂനങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ പരിസരം ജീവിതത്തിന്റെ ഓജസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് തന്റെ അനുഭവമെന്ന് വാഹിദ സാക്ഷ്യപ്പെടുത്തുന്നു. വീടിന്റെ മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റായതിനാല്‍ ഗ്രോ ബാഗുകളിലും തെര്‍മോകോള്‍ പെട്ടികളിലുമൊക്കെയാണ് കൃഷിയും പൂക്കളുമൊക്കെ വളര്‍ത്തുന്നത്.
വാക്കുകളില്‍ പുഞ്ചിരിയും മനസ്സില്‍ സ്‌നേഹവും സൂക്ഷിക്കുന്ന വാഹിദ വൈവിധ്യമാര്‍ന്ന കഴിവുകളുള്ള ഒരു കലാകാരിയാണ്. പ്രകൃതിയോടും മനുഷ്യനോടും പ്രണയം സൂക്ഷിക്കുന്ന വാഹിദയുടെ നേരം പുലരുന്നത് തന്നെ ഉദ്യാനത്തിന്റെ മനം മയക്കുന്ന കാഴ്ചകളിലേക്കാണ്. പൂക്കളോടും ചെടികളോടും കിന്നാരം പറഞ്ഞും അവയെ തൊട്ടുതലോടി പരിചരിച്ചും പ്രകൃതിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതോടൊപ്പം നന്മയുടേയും സ്‌നേഹത്തിന്റേയയും മഹത്തായ ആശയങ്ങളാണ് ഈ ആലുവക്കാരി പകര്‍ന്നുനല്‍കുന്നത്.
രാവിലെ ഏത് തിരക്കിനിടയിലും അല്‍പ നേരമെങ്കിലും തന്റെ പൂക്കളേയും ചെടികളേയും പക്ഷികളേയും പരിചരിച്ച ശേഷമാണ് വാഹിദ ഓഫീസിലേക്ക് പോവുക. ഓഫീസില്‍ നിന്നും തിരിച്ചെത്തിയാല്‍ ഏറെ നേരം ഇത് തന്നെയാണ് വാഹിദയുടെ ലോകം. കുട്ടികളെ താലോലിക്കുന്ന മാതാവിന്റെ കരുതലും വാല്‍സല്യവും. വാഹിദ തിരിച്ചെത്തുമ്പോള്‍ പക്ഷികള്‍ കാണിക്കുന്ന സ്‌നേഹവാല്‍സല്യങ്ങള്‍ വീട്ടിലെത്തുമ്പോള്‍ മക്കള്‍ അമ്മയെ കെട്ടിപ്പിടിക്കുന്നപോലെ ഊഷ്മളമാണ്.
മക്കളെ സ്‌നേഹിക്കുന്നതുപോലെ ചെടികളേയും പൂക്കളേയും സ്‌നേഹിച്ചും പരിചരിച്ചുമാണ് വാഹിദ മനോഹരമായ തന്റെ ഗാര്‍ഹിക തോട്ടമൊരുക്കിയത്. ഇതില്‍ നിന്നും നിത്യവും ലഭിക്കുന്ന കണ്ണും മനസ്സും നിറയുന്ന അനുഭൂതിയാണ് കൂടുതല്‍ സജീവമായ ഇടപെടലുകള്‍ക്ക് പ്രേരകം.
ഊശരമായ മരുഭൂമിയില്‍ കണ്ണിനും കരളിനും കുളിരുപകരുന്ന പൂക്കളുടെയും പച്ചക്കറികളുടെയും വിസ്മയം ലോകം തീര്‍ത്ത വാഹിദ മണ്ണും മനുഷ്യനും തമ്മിലുണ്ടാവേണ്ട അവിഭാജ്യമായ ബന്ധമാണ് അടയാളപ്പെടുത്തുന്നത്.
പെരിഞ്ഞനം സ്വദേശി നസീറാണ് ഭര്‍ത്താവ്. വാഹിദയുടെ എല്ലാ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണപിന്തുണ നല്‍കിയാണ് നസീര്‍ ഈ ദൗത്യത്തില്‍ പങ്കാളിയാകുന്നത്.