Breaking News

പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുവാന്‍ അനുമതി നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുവാന്‍ അനുമതി നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഫൈസര്‍ , മോഡേണ വാക്‌സിനുകളുടെ മൂന്നാം ഡോസിനാണ് അംഗീകാരം നല്‍കിയത്.

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്നിവയുടെ അംഗീകാരവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഗവേഷണഫലങ്ങളുമനുസരിച്ചാണ് മന്ത്രാലയത്തിന്റെ അനുമതി. ഗുരുതരമായ പ്രതിരോധശേഷി കുറവുള്ള വ്യക്തികള്‍ക്കും കോവിഡ് -19 അണുബാധ ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമായേക്കാവുന്നവര്‍ക്കും മാത്രമേ മൂന്നാമത്തെ ഡോസ് നല്‍കുകയുള്ളൂവെന്നും മൂന്നാമത്തെ ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ള വ്യക്തികളെ വാക്‌സിന്‍ മൂന്നാം ഡോസ് സ്വീകരിക്കുന്ന തീയതി സംബന്ധിച്ച് പ്രാഥമിക ആരോഗ്യ പരിപാലന കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) അല്ലെങ്കില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ അവരുടെ ചികിത്സയുടെ മേല്‍നോട്ടം വഹിക്കുന്ന സ്‌പെഷ്യലൈസ്ഡ് കെയര്‍ ടീം അംഗങ്ങള്‍ നേരിട്ട് ബന്ധപ്പെടുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഗുരുതരമായതും നീണ്ടുനില്‍ക്കുന്നതുമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കും. സാധാരണ രോഗ പ്രതിരോധ ശേഷിയുളളവരെപ്പോലെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷവും രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങള്‍ക്ക്് വൈറസിനെ കാര്യക്ഷമമായി പ്രതിരോധിക്കുവാന്‍ സാധിച്ചേക്കില്ല. ഇത്തരം വിഭാഗങ്ങള്‍ക്ക് കോവിഡ് -19 വൈറസിനെതിരെ മതിയായ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് അധിക ഡോസ് വാക്‌സിന്‍ നല്‍കുന്നത്.

നിര്‍ദ്ദിഷ്ട ഗ്രൂപ്പിന് മൂന്നാമത്തെ ഡോസ് നല്‍കാനുള്ള തീരുമാനം നിലവിലെ ക്ലിനിക്കല്‍ തെളിവുകളുമായി പൊരുത്തപ്പെടുന്നുവെന്നും മന്ത്രാലയം പതിവായി അവലോകനങ്ങള്‍ നടത്തുകയും കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുമ്പോള്‍ മറ്റ് ഗ്രൂപ്പുകള്‍ക്ക് അധിക ഡോസ് നല്‍കുന്നത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി

കോവിഡ് -19 വാക്‌സിന്റെ മൂന്നാമത്തെ ഡോസ് സ്വീകരിക്കാന്‍ അര്‍ഹതയുള്ള ഗ്രൂപ്പുകള്‍ താഴെ പറയുന്നവയാണ്

1. ട്യൂമര്‍, രക്താര്‍ബുദം തുടങ്ങിയവക്ക് നിലവില്‍ കാന്‍സര്‍ ചികിത്സകള്‍ സ്വീകരിക്കുന്ന വ്യക്തികള്‍.

2. അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗപ്രതിരോധ സംവിധാനത്തെ അടിച്ചമര്‍ത്തുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍
3. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത വ്യക്തികള്‍, അല്ലെങ്കില്‍ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍

4. മിതമോ കഠിനമോ ആയ പ്രാഥമിക രോഗപ്രതിരോധ ശേഷി ഇല്ലാത്ത വ്യക്തികള്‍ (ഉദാ. ഡിജോര്‍ജ് സിന്‍ഡ്രോം, വിസ്‌കോട്ട്-ആല്‍ഡ്രിക്ക് സിന്‍ഡ്രോം).

5. ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്‌ഐവി) അണുബാധയുള്ളവര്‍
6. നിലവില്‍ ഉയര്‍ന്ന അളവില്‍ കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ അല്ലെങ്കില്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ (ടിഎന്‍എഫ്) ബ്ലോക്കറുകള്‍, മറ്റ് രോഗപ്രതിരോധ ശേഷി അല്ലെങ്കില്‍ ഇമ്മ്യൂണോമോഡുലേറ്ററി ബയോളജിക്കല്‍ ഏജന്റുകള്‍ എന്നിവ പോലുള്ള രോഗപ്രതിരോധ പ്രതികരണത്തെ അടിച്ചമര്‍ത്തുന്ന മറ്റ് മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ സ്വീകരിക്കുന്നവര്‍

7. അസ്‌പ്ലെനിയ, വിട്ടുമാറാത്ത വൃക്കരോഗം തുടങ്ങിയ അവസ്ഥകളുള്ള വ്യക്തികള്‍.
മൂന്നാമത്തെ ഡോസ് ആവശ്യമുള്ളവരെ മന്ത്രാലയം നേരിട്ട്് ബന്ധപ്പെടുമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി

Related Articles

Back to top button
error: Content is protected !!