കേക്ക് നിര്‍മാണത്തിലെ പുതിയ പരീക്ഷണങ്ങളുമായി മലയാളി വീട്ടമ്മ
ഡോ. അമാനുല്ല വടക്കാങ്ങര
കേക്ക് നിര്‍മാണത്തിലെ പുതിയ പരീക്ഷണങ്ങളുമായി മലയാളി വീട്ടമ്മ. ഖത്തറിലെ ദീര്‍ഘകാല പ്രവാസിയായ അബ്ദുല്‍ റസാഖ് റാഹില ദമ്പതികളുടെ സീമന്തപുത്രിയായായ തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ സ്വദേശിനി റാഷിദ എ.വിയാണ് പ്രവാസ ലോകത്ത് തനിക്ക് ലഭിച്ച ഒഴിവ് സമയം പ്രയോജനപ്പെടുത്തി കേക്ക് നിര്‍മാണം പഠിച്ച് പ്രൊഫഷല്‍ നിലവാരത്തിലുള്ള കേക്കുകളുമായി സ്വദേശികളുടേയും വിദേശികളുടേയും രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തി ശ്രദ്ധേയയാകുന്നത്. ഇന്ന് ഹോം മെയിഡ് കേക്കുകളില്‍ റാഷീസ് കേക്കിന് ഖത്തറില്‍ നല്ല പേരുണ്ട്.
പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌ക്കൂളിലും കോളേജിലുമായിരുന്നു റാഷിദയുടെ പഠനം. ബിരുദാനന്തരം വിവാഹം നടന്നു. ജോലിക്ക് പോകുന്നതിനെക്കുറിച്ചൊന്നും ആലോചിക്കാന്‍ പറ്റിയ സാഹചര്യമുണ്ടായില്ല. അധികം താമസിയാതെ പ്രിയതമനുമൊത്ത് ഖത്തറില്‍ പ്രവാസിയായി. കുട്ടികളൊക്കെ വളര്‍ന്നു വലുതായതോടെ വീട്ടില്‍ കുറേ സമയം ലഭിച്ചപ്പോഴാണ് ക്രിയാത്മകമായ എന്തെങ്കിലും ചെയ്യുന്നത് സംബന്ധിച്ച് ചിന്തിച്ചത്. സ്വയം തൊഴിലിന്റെ പുതിയ രൂപഭാവങ്ങളോടെ വീട്ടിലെ ഭക്ഷണമെന്നത് നാട്ടിലും പ്രവാസലോകത്തും പ്രചാരംനേടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ചിന്തിക്കുന്നത്.
കേക്കുകളോട് റാഷിദക്ക് നേരത്തെ തന്നെ കമ്പമുണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ അവസരമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് ഒരു വെക്കേഷന് നാട്ടില്‍ പോയ സമയത്ത് ഗുരുവായൂരിലെ റിബിന്റെ ക്‌ളാസില്‍ പങ്കെടുക്കാനും കേക്ക് നിര്‍മാണത്തിന്റെ ബാലപാഠങ്ങള്‍ സ്വന്തമാക്കാനും അവസരം ലഭിച്ചു. നൂതനങ്ങളായ സാങ്കേതിക സംവിധാനങ്ങളുള്ള ഓവണുകളും മറ്റുസൗകര്യങ്ങളുമൊക്കെ അത്യാവശ്യമായതിനാല്‍ പെട്ടെന്ന് പ്രായോഗിക രംഗത്തേക്ക് വരാന്‍കഴിഞ്ഞില്ല. എങ്കിലും കേക്കിനോടുള്ള കമ്പം മനസില്‍ സജീവമായി തന്നെ നിലനിന്നു. ആയിടക്കാണ് ഒരു സെക്കന്റ് ഹാന്റ് ഓവണ്‍ ലഭിച്ചത്. ആ ഓവണില്‍ പല പുതിയ പരീക്ഷണങ്ങളും നടത്തി വിജയിച്ചതോടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും കേക്ക് നിര്‍മിക്കാന്‍ പറ്റിയ ഒരു ഓവണ്‍ സ്വന്തമായി വാങ്ങുകയും ചെയ്തു.
കേക്ക് നിര്‍മാണം വിജയിച്ചതോടെ സ്വന്തം പരീക്ഷിച്ചറിഞ്ഞ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും റാഷിദ സമയം കണ്ടെത്തി. കേക്ക് നിര്‍മാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച ക്‌ളാസുകള്‍ തുടങ്ങിയതോടെ സമൂഹത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. ഈ രംഗത്ത് തനിക്ക് പലതും ചെയ്യാനാകുമെന്ന് തിരിച്ചറിഞ്ഞ റാഷിദ കൂടുതല്‍ പഠിക്കണമെന്ന് തീരുമാനിക്കുകയും കേക്ക് നിര്‍മാണത്തിലും ഡെക്കറേഷനിലും ശ്രദ്ധേയരായ വില്‍ട്ടണ്‍ സെന്ററില്‍ നിന്നും രണ്ട് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. ഫസീല ശമീര്‍, ഷാമില യൂസുഫ് എന്നിവരില്‍ നിന്നും പുതിയ പല കാര്യങ്ങളും പഠിച്ചു മനസ്സിലാക്കി. പാചക രംഗത്ത് ശ്രദ്ധേയരായ മലയാളി വീട്ടമ്മമാരുടെ മേല്‍നോട്ടത്തിലുള്ള മലബാര്‍ അടുക്കളയുമായുള്ള സഹവാസം കൂടുതല്‍ പ്രായോഗിക വിവരങ്ങള്‍ മനസിലാക്കുവാന്‍ സഹായകമായി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി റാഷിദ കേക്ക് നിര്‍മാണത്തില്‍ സജീവമാണ്. ഹോം മെയിഡ് കേക്കുകള്‍ക്ക് അനുദിനം ഡിമാന്റ് വര്‍ദ്ധിക്കുകയാണെന്നാണ് റാഷിദയുടെ അനുഭവം. കൃത്രിമമായ ചേരുവകളില്ലാത്തതിനാലും ഫ്രഷായി ഓര്‍ഡര്‍ അനുസരിച്ച് മാത്രം തയ്യാറാക്കുന്നതിനാലും കുറേ ദിവസം കേടാവാതെ സൂക്ഷിക്കാമെന്നതും കൂടുതല്‍ രുചികരമാകുമെന്നതുമാകാം ഹോം മെയിഡ് കേക്കുകളെ കൂടുതല്‍ ജനകീയമാക്കുന്നത് എന്നാണ് റാഷിദ കരുതുന്നത്.
ഓരോരുത്തര്‍ക്കും അവര്‍ക്കാവശ്യമുള്ള തീമുകളില്‍ കേക്ക് നിര്‍മിക്കാമെന്നതും ഹോം മെയിഡ് കേക്കുകളുടെ പ്രത്യേകതയാണ്. ഓരോരുത്തരും ആവശ്യപ്പെടുന്ന അലങ്കാരങ്ങളോടെയൊണ് കേക്കുകള്‍ തയ്യാറാക്കുന്നത്. കേക്ക് ഡെക്കറേഷന്‍ ഏറെ പ്രധാനമാണ്. വ്യത്യസ്ത അവസരങ്ങള്‍ക്കനുസരിച്ച് ഡെക്കറേഷനുകള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടും. ജന്മദിനത്തിനും വിവാഹവാര്‍ഷികത്തിനും വിജയാഘോഷത്തിനുമൊക്കെ അത്യാകര്‍ഷകങ്ങളായ ഡക്കറേഷനുകളില്‍ കേക്കുകളെ അണിയിച്ചൊരുക്കിയാണ് റാഷിദ കേക്ക് നിര്‍മാണരംഗത്തെ തന്റെ വൈദഗ്ധ്യം തെളിയിക്കുന്നത്. കലയും കരവിരുതും ഭാവനയും സമ്മേളിക്കുമ്പോള്‍ അതിമനോഹരമായ രൂപഭാവങ്ങളിലുള്ള കേക്കുകള്‍ രൂപപ്പെടുകയാണ്.
കങ്കാരുവിന്റേയും അരയന്നത്തിന്റേയും മയിലിന്റേയും ബാര്‍ബി ഡോളിന്റേയുമൊക്കെ രൂപങ്ങളില്‍ റാഷിദ അണിയിച്ചൊരുക്കിയ കേക്കുകള്‍ ഏതൊരാളിലും കൗതുകമുണര്‍ക്കും. രുചി മുകുളങ്ങളേയും സൗന്ദര്യ സങ്കല്‍പങ്ങളേയും ഒരേ പോലെ തൃപ്തിപ്പെടുത്തുന്ന നൂതന പരീക്ഷണങ്ങളിലൂടെ ഹോം മെയിഡ് കേക്കുകളും പലഹാരങ്ങളും നിര്‍മിക്കുന്ന വീട്ടമ്മമാരുടെയിടയില്‍ റാഷിദ വേറിട്ട മാതൃകയാവുകയാണ്. നിത്യവും പുതിയ തരം കേക്കുകള്‍ നിര്‍മിച്ചും പരീക്ഷിച്ചും നേടുന്ന അറിവുകള്‍ പങ്കുവെക്കുവാനും റാഷിദ സമയം കണ്ടെത്തുവെന്നത് പ്രത്യേകപരാമര്‍ഹിക്കുന്നു. നിരവധി പേരാണ് ഇതിനകം റാഷിദയില്‍ നിന്നും കേക്ക് നിര്‍മാണം പഠിച്ചത്. കോവിഡ് സാഹചര്യം പരിഗണിച്ച് ക്‌ളാസുകള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും വിവിധ തരം കേക്കുകള്‍ക്കുള്ള ഓര്‍ഡറുകള്‍ കൂടിവരികയാണെന്ന് റാഷിദ പറഞ്ഞു.
ബട്ടര്‍സ്‌കോച്ച് കേക്ക്, ഗ്രാവിറ്റി കേക്ക്, ചോക്‌ളേറ്റ് കേക്ക്, പിസ്താഷിയോ കേക്ക് ഫെറാറോ റോഷര്‍ കേക്ക്, പൈനാപ്പിള്‍, മാങ്കോ, ചീസ് തുടങ്ങി നിരവധി ഇനങ്ങളിലും രുചികളിലുമുള്ള കേക്കുകളാണ് റാഷിദ അധികമായും നിര്‍മിക്കുന്നത്.
കേക്ക് നിര്‍മാണം പൊടിപൊടിക്കുന്നതിനിടയിലും ഖത്തറില്‍ നടക്കുന്ന പല മല്‍സരങ്ങളിലും റാഷിദ തന്റെ മികവ് തെളിയിച്ച് സമ്മാനങ്ങള്‍ വാരിക്കൂട്ടാറുണ്ട്. ഏറ്റവും മികച്ച കേക്ക് നിര്‍മാണത്തിനുള്ള സമ്മാനം സ്വന്തമാക്കിയതോടെ റാഷിദയുടെ കരവിരുതും വിദ്യകളും നിരവധി പേരെ ആകര്‍ഷിക്കാന്‍ തുടങ്ങി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവയായ റാഷിദ തന്റെ അനുഭവങ്ങളും പരീക്ഷണങ്ങളും പങ്കുവെച്ചും ശ്രദ്ധേയയാണ്. കേക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വന്തമായൊരു യു ട്യൂബ് ചാനല്‍ തുടങ്ങിയെങ്കിലും കേക്കുകള്‍ക്ക് ഓര്‍ഡര്‍ കൂടിയപ്പോള്‍ തുടരാനായില്ല. കൂടുതലായും ഇന്‍സ്റ്റഗ്രാമിലാണ് കേക്കുകളുടെ ഡെക്കറേഷനും ഫോട്ടോകളുമൊക്കെ പങ്കുവെക്കാറുള്ളത്.
ഓണ്‍ ലൈന്‍ ഓര്‍ഡറുകളും ഹോം ഡെലിവറി സൗകര്യവുമൊക്കെ റാഷീസ് കേക്കിനെ ജനക്കീയമാക്കിയപ്പോഴും മൗത്ത് പബ്‌ളിസിറ്റി തന്നെയാണ് റാഷിദയുടെ ഏറ്റവും വലിയ കരുത്ത്. ഗുണത്തിലും രുചിയിലും യാതൊരുവിട്ടുവീഴ്ചയില്ലാതെ ഉന്നത ഗുണനിലവാരത്തിലും മികച്ച പാക്കിംഗിലുമാണ് റാഷീസ് കേക്ക് ജനങ്ങളിലെത്തുന്നത്.
നാട്ടിലായാലും പ്രവാസ ലോകത്തായാലും വീടകങ്ങളിലെ പാസീവ് വിനോദങ്ങളില്‍ ബന്ധിതരാവാതെ ക്രിയാത്മക മേഖലകളില്‍ വ്യാപരിക്കുകയും ഓരോരുത്തരും അവരവരുടെ കഴിവിനും താല്‍പര്യത്തിനുമനുസരിച്ച പ്രവര്‍ത്തികള്‍ തെരഞ്ഞെടുക്കുകയയും ചെയ്യുമ്പോള്‍ സ്വയം തൊഴിലിന്റെ സായൂജ്യത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട പാതയൊരുങ്ങുന്നത് സമൂഹത്തിന്റെ വളര്‍ച്ചാവികാസത്തിന് ആക്കം കൂട്ടുമെന്നാണ് റാഷിദ കരുതുന്നത് .
ഖത്തറില്‍ ഗ്രാഫിക് ഡിസൈനറായ അബ്ദുല്‍ഖാദറാണ് റാഷിദയുടെ ഭര്‍ത്താവ്. ഖത്തറിലെ കോളേജ് ഓഫ് നോര്‍ത്ത് അതിലാന്റിക് സോഫ്റ്റ് വെയറില്‍ ബിരുദത്തിന് പഠിക്കുന്ന ആമിര്‍, എം.ഇ.എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികളായ ആയിദ, അഫ്‌നാന്‍ എന്നിവരാണ് മക്കള്‍.
സ്‌ക്കൂള്‍ കോളേജ് കാലത്ത് നല്ല പാട്ടുകാരിയായിരുന്ന റാഷിദ ഇപ്പോള്‍ കേക്കുകളുടെ ലോകത്താണ് സ്വന്തമായ ഇടം കണ്ടെത്തുന്നത്. 33175175 എന്ന നമ്പറില്‍ റാഷിദയുമായി ബന്ധപ്പെടാം. റാഷിദയുടെ കേക്കുകളുടെ ഫോട്ടോകളും വീഡിയോകളും https://www.instagram.com/rashicakes.qa/എന്ന ഇന്‍സ്റ്റഗ്രാം എക്കൗണ്ടില്‍ ലഭ്യമാണ്.
ഗാര്‍ഗിക തോട്ടത്തിലും കൃഷിയിലും തല്‍പരയായ റാഷിദ വീടിന് ചുറ്റും പൂച്ചെടികള്‍ നട്ടുവളര്‍ത്തിയും ഓരോ സീസണിലും പറ്റിയ കൃഷിയിറക്കിയും മണ്ണുമായുള്ള തന്റെ ഹൃദയബന്ധം സൂക്ഷിക്കാറുണ്ട് .