
ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കുന്ന നിയമം പ്രഖ്യാപിച്ചു, 6 മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കുന്ന നിയമം പ്രഖ്യാപിച്ചു, 6 മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരും . രാജ്യത്തെ ആരോഗ്യ പരിപാലന സേവനങ്ങള്‍ നിയന്ത്രിക്കുന്ന 2021 ലെ 22 ാം നമ്പര്‍ നിയമമാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി പുറപ്പെടുവിച്ചത്. രാജ്യത്തെ ആരോഗ്യ മേഖലയുടെ വികസനം, നിയന്ത്രണം എന്നിവ സംബന്ധിച്ചതാണ് മേല്‍ നിയമം.
പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍, രാജ്യത്തെ എല്ലാ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുജനാരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ ആരോഗ്യ സൗകര്യങ്ങളിലും സ്വകാര്യ മേഖലയിലും ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ വഴി അവര്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് കവറേജ് പോളിസിയാണ് നിര്‍ബന്ധമാക്കുക.
സ്വദേശികളല്ലാത്ത തൊഴിലാളികള്‍ക്ക് അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കേണ്ടത് തൊഴിലുടമയാണ് . അതിനായി പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേന വിദേശി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാനും നിയമത്തിലെ വ്യവസ്ഥകള്‍ തൊഴിലുടമയെ ബാധ്യസ്ഥമാക്കുന്നു.
നിയമം പുറപ്പെടുവിച്ചതിന് ശേഷം ആറ് മാസം കഴിഞ്ഞാണ് പ്രാബല്യത്തില്‍ വരിക. ഈ കാലയളവില്‍ എല്ലാ താമസക്കാര്‍ക്കും സേവനങ്ങള്‍ നല്‍കുന്നത് തുടരും, കൂടാതെ വരും ദിവസങ്ങളില്‍ നിയമത്തിന്റെയും ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിന്റെയും അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും മന്ത്രാലയം പുറത്തിറക്കും.
ഒക്ടോബര്‍ 19 നാണ് ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കുന്ന 2021 ലെ 22 ാം നമ്പര്‍ നിയമം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരും.
ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ആരോഗ്യമേഖലയുടെയും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെയും വികാസത്തിന് വഴിയൊരുക്കുമെന്ന് മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.