IM Special

സ്ട്രീറ്റ് ഫോട്ടോഗ്രാഫിയില്‍ പുതിയ പരീക്ഷണങ്ങളുമായി അജീഷ് പുതിയടത്ത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: സ്ട്രീറ്റ് ഫോട്ടോഗ്രാഫിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന മലയാളി കലാകാരനാണ് അജീഷ് പുതിയടത്ത്. ഐ.ടി. എഞ്ചിനീയറായി ജോലി ചെയ്യുമ്പോഴും ഈ ചെറുപ്പക്കാരന്റെ മനസ്സില്‍ കലയുടേയും സംസ്‌കാരത്തിന്റേയും നൈസര്‍ഗിക ഭാവങ്ങള്‍ ഒപ്പിയെടുക്കുവാനുള്ള വെഗ്രതയാണ്.


ചെറുപ്പത്തിലേ ഫോട്ടോ ഗ്രാഫി അജീഷിന് പാഷനാണ് . വീട്ടില്‍ ഒരു പഴയ കാമറയുണ്ടായിരുന്നത് ഉപയോഗിച്ചാണ് ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്. കൂട്ടുകാരില്‍ പലരും വെഡ്ഡിംഗ് ഫോട്ടോഗ്രാഫേര്‍സും മറ്റുമായി വളര്‍ന്നപ്പോള്‍ അവരുടെ കാമറകളും ഇടക്കൊക്കെ ഉപയോഗിക്കുമായിരുന്നു. എന്നാല്‍ പ്‌ളാന്‍ ചെയ്‌തെടുക്കുന്ന ഫോട്ടോകളോട് അജീഷിന് താല്‍പര്യമില്ല. തികച്ചും യാദൃശ്ചികമായ ദൃശ്യങ്ങളും പോസുകളുമാണ് അജീഷ് എന്നും ഇഷ്ടപ്പെടുന്നത്.


ജീവിതത്തിലെ അമൂല്യ മുഹൂര്‍ത്തങ്ങളും കാഴ്ചകളും ഒപ്പിയെടുത്താണ് അജീഷ് തന്റെ ഈ പാഷന്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. കോളേജ് ജീവിതത്തിന്റെ അവിസ്മരണീയമായ പല മുഹൂര്‍ത്തങ്ങളും തന്റെ ശേഖരത്തില്‍ ഭദ്രമാണെന്നത് ഏറ്റവും വലിയ നേട്ടമായാണ് അജീഷ് കരുതുന്നത്. ഓര്‍മകളെ താലോലിക്കുന്ന ഫോട്ടോകള്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് നല്‍കുക. പല കൂട്ടുകാരും ഈ ഫോട്ടോകള്‍ കാണാനായി മാത്രം തന്നെ സന്ദര്‍ശിക്കാറുണ്ട്. തന്റെ ഫോട്ടോകള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതും താന്‍ തന്നെയാണെന്നാണ് അജീഷിന്റെ അഭിപ്രായം.

പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളെ തനതായ രൂപത്തില്‍ പകര്‍ത്തുന്നുവെന്നതിനാല്‍ സ്ടീറ്റ് ഫോട്ടോ ഗ്രാഫിക്ക് മനുഷ്യ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. സാംസ്‌കാരിക ജീവിതത്തിന്റെ നിദര്‍ശനങ്ങളായും പുരോഗതിയുടെ അടയാളങ്ങളായും മാറുന്ന പല ചിത്രങ്ങളും സ്ട്രീറ്റ് ഫോട്ടോഗ്രാഫിയെ സവിശേഷമാക്കും.

എന്നും പുറത്തിറങ്ങുമ്പോള്‍ തന്റെ കൂടെപ്പിറപ്പായ കാമറയുമുണ്ടാകും. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ ഫോട്ടോകളുമെടുക്കുന്നത്. മനുഷ്യരും പ്രകൃതിയും ജീവജാലങ്ങളും സംവിധാനങ്ങളുമൊക്കെ ഈ കറക്കത്തില്‍ അജീഷിന്റെ ശ്രദ്ധയാകര്‍ഷിക്കും.


പലപ്പോഴും ജോലിയുടെ ഭാഗമായും പല സ്ഥലങ്ങളിലും പോകാറുണ്ട്. അപ്പോഴും വീണു കിട്ടുന്ന അമൂല്യ കാഴ്ചകള്‍ തന്റെ കാമറയില്‍ പകര്‍ത്താന്‍ അജീഷ് ശ്രദ്ധിക്കാറുണ്ട് .വെള്ളിയാഴ്ചകളില്‍ കൂട്ടുകാരുമൊത്തും ഫോട്ടോ സാധ്യത തേടി ഖത്തറിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കും. കൂടാതെ ജോലി കഴിഞ്ഞ് കാമറയും തോളിലേറ്റി ഓരോ സ്ഥലങ്ങളില്‍ കറങ്ങി നടക്കും. ആകര്‍ഷകമായി തോന്നുന്ന നിമിഷങ്ങള്‍ പകര്‍ത്തും. അതൊരാവേശമാണ്് .ഏറെ ആസ്വദിക്കുന്ന ആവേശം, അജീഷ് പറഞ്ഞു.

തെരുവുകളിലെ പച്ചയായ ജീവിതം ഒപ്പിയെടുക്കുമ്പോള്‍ കാണുന്ന പല കാഴ്ചകളും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ജീവിക്കാന്‍ പാടുപെടുന്ന ജീവിതങ്ങള്‍, തെരുവുകളില്‍ സമയം ചിലവഴിക്കുന്ന കുടുംബങ്ങള്‍, വിനോദവും വിശ്രമവുമായി ജീവിതത്തിന് അര്‍ഥം പകരുന്ന യൗവ്വനങ്ങള്‍, സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിന്റെ അമൂല്യമായ എത്രയോ കാഴ്ചകളാണ് അജീഷിന്റെഫ്രെയിമുകളില്‍ പകരുന്നത്.


നഗരം ചുമലുകളില്‍ എന്ന അടിക്കുറിപ്പോടെ ഖത്തറിന്റെ വികസന പദ്ധതികളും ലോക കപ്പ് ഒരുക്കങ്ങളും ഒപ്പിയെടുത്ത അജീഷിന്റെ ഫോട്ടോക്ക് 2021 ല്‍ പാരിസ് ഇന്റര്‍നാഷനല്‍ സ്ട്രീറ്റ് ഫോട്ടോ അവാര്‍ഡ്സില്‍ സ്ട്രീറ്റ് ആന്റ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ഗ്രാന്‍ഡ് വിന്നര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇതേ മല്‍സരത്തില്‍ കഴിഞ്ഞ വര്‍ഷം സില്‍വര്‍, ബ്രോണ്‍സ് പുരസ്‌കാരങ്ങളും അജീഷിനായിരുന്നു.

ഒരു ദിവസം കോര്‍ണിഷിലൂടെ യാത്ര ചെയ്യുമ്പോള്‍ രണ്ട് തൊഴിലാളികള്‍ മാര്‍ബിള്‍ ചുമന്ന് പോകുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടനെ വണ്ടി ഒരു സൈഡില്‍ പാര്‍ക്ക് ചെയ്ത് കോര്‍ണിഷിലെ പടുകൂറ്റന്‍ ബില്‍ഡിംഗുകളുടെ പശ്ചാത്തലത്തില്‍ ക്‌ളിക്ക് ചെയ്തു. വിശാലമായ മാനങ്ങളുള്ള ഫോട്ടോയായി മാറുകയും അന്താരാഷ്ട്ര പുരസ്‌കാരം നേടുകയും ചെയ്തു.


കോര്‍ണിഷിലെ വലിയ ബ്വില്‍ഡിംഗുകള്‍ രണ്ട് തൊഴിലാളികള്‍ തങ്ങളുടെ ചുമലിലേറ്റി നില്‍ക്കുന്ന പോലെയാണ് ചിത്രം വിലയിരുത്തപ്പെട്ടത്. ഏറെ തന്മയത്തത്തോടെയാണ് അജീഷ് ആ മുഹൂര്‍ത്തം ഒപ്പിയെടുത്തത്. തൊഴിലാളികളുടെ വിയര്‍പ്പൊഴിക്കാതെ ഒരു കെട്ടിടവും കെട്ടിപ്പൊക്കാനാവില്ലെന്നതാണ് തന്റെ ഫോട്ടോ അടിവരയിടുന്നതെന്ന് അജീഷ് പറഞ്ഞു. എല്ലാ വികസനത്തിന്റേയും പുരോഗതിയുടേയും കാരണക്കാരായും കാവല്‍ക്കാരായും സാധാരണ തൊഴിലാളികളുമുണ്ടാകുമെന്ന യാഥാര്‍ഥ്യമാണ് അജീഷിന്റെ ചിത്രത്തെ ലോകോത്തര പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.


കഴിഞ്ഞ 7 വര്‍ഷത്തോളമായി ഫോട്ടോഗ്രാഫിയില്‍ സജീവമായ അജീഷിന് 2019 ലെ ഖത്തര്‍ മ്യൂസിയത്തിന്റെ ഇയര്‍ ഓഫ് കള്‍ച്ചര്‍ പുരസ്‌കാരം, ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കതാറയില്‍ പ്രദര്‍ശിപ്പിച്ച അജീഷ് പുതിയടത്തിന്റെ ഫോട്ടോകള്‍ ഖത്തര്‍ മ്യൂസിയംസ് സ്‌പോണ്‍സര്‍ ചെയ്ത് ഡല്‍ഹിയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് , വാഷിംഗ്ടണ്‍, മിനപോളിസ്, റോം എന്നിവിടങ്ങളിലും വിവിധ എക്‌സിബിഷനുകളില്‍ അജീഷ് പുതിയടത്തിന്റെ ഫോട്ടോകള്‍ സ്ഥാനം പിടിച്ചിരുന്നു.


കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ അധ്യാപകനായിരുന്ന പരേതനായ അച്ച്യൂതന്റേയും ഡോ. വിമലയുടേയും ഏക മകനായ അജീഷ് ചെന്നൈ ആശാന്‍ മെമ്മോറിയല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുംഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ബിരുദമെടുത്ത് ബാംഗ്‌ളൂര്‍, തിരുവനന്തുപുരം, മുമ്പൈ എന്നിവിടങ്ങളില്‍ കുറഞ്ഞ കാലം ജോലി ചെയ്ത അനുഭവ സമ്പത്തുമായാണ് 2016 ല്‍ ദോഹയിലെത്തിയത്. ഖത്തറിലെ പ്രമുഖ ഐ.ടി. കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അജീഷ് ഖത്തറിലെത്തിയ ശേഷമാണ് ഫോട്ടോ ഗ്രാഫിയില്‍ കൂടുതല്‍ സജീവമായത്.

ഖത്തറിലെത്തി ജോലി ചെയ്ത് ശമ്പളം കിട്ടിയ ശേഷം സ്വന്തമായി നല്ലൊരു കാമറ വാങ്ങിയ അജീഷ് തന്റെ പാഷന്‍ വികസിപ്പിക്കുവാനുള്ള എല്ലാ സാധ്യതയും പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറില്‍ കണ്ടെത്തുകയായിരുന്നു. കാനണ്‍ കാമറയാണണ് ആദ്യം വാങ്ങിയത്. ഫുജി ഫിലിമിന്റെ കാമറയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകോത്തരങ്ങളായ നിരവധി പുരസ്‌കാരങ്ങള്‍ നേടിയാണ് അജീഷ് തന്റെ നിറമുള്ള സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിച്ചത്.

ഖത്തറിലെത്തിയ ഉടനെ പരിചയപ്പെട്ട കൊല്ലം സ്വദേശിയായ സുഹൃത്ത് സതീഷാണ് അജീഷിന് ഫോട്ടോഗ്രാഫിയില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തതും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതും. ഖത്തറിലെ മലയാളി ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഫോട്ടോഗ്രാഫി മലയാളം ഖത്തറുമായി ബന്ധപ്പെടുത്തിയതും ആശാന്‍ എന്നു വിളിക്കുന്ന സതീഷായിരുന്നു.

ചെറുപ്പത്തിലെ ചെണ്ട യോട് ആഭിമുഖ്യമുണ്ടായിരുന്ന അജീഷ് ഏഴാം ക്‌ളാസില്‍ പഠിക്കുമ്പോഴേ ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഖത്തറില്‍ ചെണ്ട കൊട്ടാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല. തല്‍പരായവരെ ചെറിയ തോതില്‍ ചെണ്ട പഠിപ്പിക്കുകയും ചെയ്യാറുണ്ട്.

ടേബിള്‍ ടെന്നീസും ഫുട്‌ബോളുമാണ് അജീഷിന്റെ പ്രിയപ്പെട്ട കളികള്‍. 2021 ഫിഫ അറബ് കപ്പിന്റെ പല അമൂല്യ മുഹൂര്‍ത്തങ്ങളും തന്റെ കാമറയില്‍ പകര്‍ത്തിയ അദ്ദേഹം 2022 ഫിഫ ലോക കപ്പിനായി കാത്തിരിക്കുകയാണ് .

Related Articles

Back to top button
error: Content is protected !!