ലുസൈലിലെ ഡ്രൈവ്-ത്രൂ പി.സി.ആര്‍ ടെസ്റ്റിംഗ് സെന്റര്‍ ആര്‍ക്കൊക്കെ
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ലുസൈലില്‍ വ്യാഴാഴ്ച വൈകുന്നേരം പ്രവര്‍ത്തനമാരംഭിച്ച ഡ്രൈവ്-ത്രൂ പി.സി.ആര്‍ ടെസ്റ്റിംഗ് സെന്റര്‍ ആര്‍ക്കൊക്കെ പ്രയോജനപ്പെടുത്താമെന്നത് സംബന്ധിച്ച വിശദാംശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം.
യാത്രക്കാവശ്യമായ പി.സി.ആര്‍. പരിശോധനകള്‍ 160 റിയാല്‍ ചാര്‍ജില്‍ ഇവിടെ നടത്തും. അതിന് വരുന്നവര്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഖത്തര്‍ ഐ.ഡി, ടിക്കറ്റ്, പണമടക്കുന്നതിനുള്ള ബാങ്ക് കാര്‍ഡ്് എന്നിവ കരുതണം.
കോവിഡ് ലക്ഷണങ്ങളുള്ളവരോ , കോവിഡ് ബാധിതരുമായി അടുത്തിടപഴകിയവരോ ആയ 50 വയസിന് മീതെയുള്ളവര്‍ക്ക് സൗജന്യമായ പരിശോധന. ശസ്ത്ര ക്രിയക്ക് മുമ്പുള്ള പി.സി. ആര്‍. പരിശോധനയും സൗജന്യമാണ് .
പരിശോധനന ഫലം 24 മുതല്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് വരുന്ന ലിങ്ക് വഴി ഡൗണ്‍ലോഡ്് ചെയ്യാമെന്നതും ഈ സെന്ററിന്റെ പ്രത്യേകതയാണ്
റാപിഡ് ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവായവര്‍ക്ക് സ്ഥിരീകരണാവശ്യമുള്ള പി.സി. ആര്‍. പരിശോധന ഇവിടെ നടത്തില്ല.
ലുസൈല്‍ സ്പോര്‍ട്സ് കോംപ്ലക്സിന് സമീപമാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഈ വിശാലമായ ടെസ്റ്റിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. പ്രതിദിനം അയ്യായിരം പേര്‍ക്കെങ്കിലും പി.സി.ആര്‍. പരിശോധന നടത്താമെന്നതും ഡ്രൈവ്-ത്രൂ സംവിധാനമായതിനാല്‍ കൂടുതല്‍ സുരക്ഷിതമാണെന്നതും ഈ കേന്ദ്രത്തെ സവിശേഷമാക്കും.
10 ലെയ്നുള്ള ഡ്രൈവ്-ത്രൂ സെന്ററിലേക്ക് വാഹനങ്ങളിലൂടെ മാത്രമേ പ്രവേശനമുള്ളൂ. സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് ടാക്‌സി സേവനം പ്രയോജനപ്പെടുത്താം. ഒരു കാറില്‍ പരമാവധി 4 പേരേ പാടുള്ളൂ
പുതിയ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്റര്‍ ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ 8 മുതല്‍ രാത്രി 10 വരെ തുറന്ന് പ്രവര്‍ത്തിക്കും. കേന്ദ്രത്തിലേക്കുള്ള അവസാന പ്രവേശനം ദിവസവും രാത്രി 9 മണിക്കായിരിക്കും.
ഐ.ഡി. കാര്‍ഡ് , ഇഹ്തിറാസ് ആപ്പ് എന്നിവ നിര്‍ബന്ധമാണ്. കേന്ദ്രത്തിലെത്തുന്ന എല്ലാ സന്ദര്‍ശകരും മാസ്‌ക് ധരിക്കണം.