Archived Articles

ഉദ്ഘാടന ദിവസം പതിനായിരം പേര്‍ക്ക് വാക്‌സിന്‍ നല്‍കി ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ബിസിനസ് രംഗത്തും വ്യവസായിക മേഖലയിലുമുളളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നതിനായി കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ച ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി ഉദ്ഘാടന ദിവസം പതിനായിരം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട് .

യോഗ്യരായ ആളുകള്‍ക്ക് പ്രതിദിനം നല്‍കുന്ന കോവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം കേന്ദ്രം ക്രമേണ വര്‍ദ്ധിപ്പിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ എമര്‍ജന്‍സി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്ും ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്ടറിന്റെ തലവനുമായ ഡോ അബ്ദുല്‍ നൂര്‍ വിശദീകരിച്ചു. ബൂസ്റ്റര്‍ ഡോസ് മാത്രമല്ല, നേരത്തെ സ്വീകരിക്കാത്തവര്‍ക്ക് ഒന്നും രണ്ടും ഡോസുകളും ഈ കേന്ദ്രത്തില്‍ ലഭിക്കുമെന്ന് ഡോ അബ്ദുല്‍ നൂര്‍ സൂചിപ്പിച്ചു.

ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, ഖത്തര്‍ കൊണോകോഫിലിപ്സ് എന്നിവയുടെ പിന്തുണയോടെ പൊതുജനാരോഗ്യ മന്ത്രാലയവും എച്ച്എംസിയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് വാക്സിനേഷന്‍ സെന്റര്‍ സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് സംവിധാനത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കമ്പനികള്‍ക്ക് അവരുടെ യോഗ്യരായ ജീവനക്കാര്‍ക്കായി QVC@hamad.qa. എന്ന ഇ-മെയില്‍ വഴി ആശയവിനിമയം നടത്തി വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാം.

ഉം സലാലിനടുത്ത് ബു ഗാര്‍നിലെ പ്രത്യേകം സജ്ജമാക്കിയ ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ പ്രതിദിനം മുപ്പതിനായിരം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള സംവിധാനമുണ്ട്. ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി സെക്ടര്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തിക്കുക.

Related Articles

Back to top button
error: Content is protected !!