ഉല്പന്നങ്ങളുടെ എക്സ്പയറി ഡേറ്റ് തിരുത്തിയ കമ്പനി ഒരു മാസത്തേക്ക് അടച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഉല്പന്നങ്ങളുടെ എക്സ്പയറി ഡേറ്റ് തിരുത്തിയ കമ്പനി ഒരു മാസത്തേക്ക് അടച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. ദോഹയിലെ മുന്തസ ഏറിയയില്‍ പ്രവര്‍ത്തിക്കുന്ന എലൈറ്റ് എഫ് ആന്‍ഡ് ബി ട്രേഡിംഗ് എന്ന കമ്പനിയാണ് ഒരു മാസത്തേക്ക് അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചതെന്ന് പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു
എലൈറ്റ് എഫ് ആന്‍ഡ് ബി ട്രേഡിംഗ് എന്ന കമ്പനി, കാലഹരണപ്പെട്ട ഉല്‍പ്പന്നങ്ങളുടെ തീയതികള്‍ ബോധപൂര്‍വം മറച്ചുവെക്കുകയും ഉല്‍പ്പന്നങ്ങളില്‍ പുതിയ തീയതികള്‍ അച്ചടിക്കുകയും ചെയ്തതായി മന്ത്രാലയം പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008-ലെ 8-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (6) ന്റെ വ്യക്തമായമായ ലംഘനമാണ് കമ്പനി നടത്തിയതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പറഞ്ഞു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും വാണിജ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്നുറപ്പുവരുത്തുതിനുമുള്ള മന്ത്രാലയത്തിന്റെ താല്‍പ്പര്യത്തില്‍ നിന്നാണ് ഇത്തരം പരിശോധന കാമ്പെയ്നുകള്‍ നടത്തുന്നതെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കണിശമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.