ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രഥമ റമദാന്‍ പുസ്തകമേള ഏപ്രില്‍ 8 ന് ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രഥമ റമദാന്‍ പുസ്തകമേള ഏപ്രില്‍ 8 ന് ആരംഭിക്കും . ഏപ്രില്‍ 8
വെള്ളിയാഴ്ച സൂഖ് വാഖിഫിന്റെ പടിഞ്ഞാറ് ഭാഗത്ത് ആരംഭിക്കുന്ന പുസ്തകമേള ഏപ്രില്‍ 16 വരെ തുടരും.
സാംസ്‌കാരിക മന്ത്രാലയത്തിന് വേണ്ടി ഖത്തര്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് ഇവന്റുകളാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. സ്വദേശികളിലും വിദേശികളിലും വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ ട്വീറ്റ് ചെയ്തു.
മേഖലയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ അന്താരാഷ്ട്ര പുസ്തകമേളകളിലൊന്നായ ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലാണ് റമദാന്‍ പുസ്തകമേളക്ക് രൂപം നല്ഡകിയത്. വിജ്ഞാനം വികസിപ്പിക്കുന്നതിന് വിശുദ്ധ മാസത്തെ നിക്ഷേപിക്കാനുള്ള അവസരമാണ് വരാനിരിക്കുന്ന പരിപാടിയെന്ന് ദോഹ അന്താരാഷ്ട്ര പുസ്തകമേള ട്വീറ്റില്‍ പറഞ്ഞു.
ഇമാം ബുഖാരി ഹൗസ്, ഖത്തര്‍ റീഡ്സ്, അക്കാസ് സെന്റര്‍, ഖത്തര്‍ ചാരിറ്റി, ഖത്തര്‍ യൂണിവേഴ്സിറ്റി പ്രസ്, ഖുര്‍ആന്‍ ബൊട്ടാണിക് ഗാര്‍ഡന്‍, വിഷ്വല്‍ ആര്‍ട്സ് സെന്റര്‍ തുടങ്ങി 17 പ്രാദേശിക സംഘടനകള്‍ മേളയില്‍ പങ്കെടുക്കും.
സൗദി അറേബ്യ, കുവൈറ്റ്, ലെബനന്‍, സിറിയ, ജോര്‍ദാന്‍, ഈജിപ്ത്, തുര്‍ക്കി, ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങി ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 35 പ്രസാധകരാണ് റമദാന്‍ പുസ്തകമേളയില്‍ പങ്കെടുക്കുന്നത്.