Breaking News

ഖത്തറില്‍ നിന്നും ഈ വര്‍ഷം വിദേശികള്‍ക്ക് ഹജ്ജിന് അനുമതി ലഭിച്ചേക്കില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നിന്നും ഈ വര്‍ഷം വിദേശികള്‍ക്ക് ഹജ്ജിന് അനുമതി ലഭിച്ചേക്കില്ല . ഖത്തറില്‍ നിന്നും ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കുമ്പോള്‍ അത് സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയതായാണറിയുന്നത്.

ഹിജ്‌റ 1443-ല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 27-ന് (റമദാന്‍ 26) ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.രജിസ്‌ട്രേഷന്‍ മെയ് 12 വ്യാഴാഴ്ച വരെ തുടരും.

ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി എന്‍ഡോവ്മെന്റ് മന്ത്രാലയത്തിലെ (ഔഖാഫ്) ഹജ്, ഉംറ കാര്യ വകുപ്പ്, ഹജ്ജ് യാത്രകള്‍ സംഘടിപ്പിക്കുന്ന ഓപ്പറേറ്റര്‍മാരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയും ഈ വര്‍ഷത്തെ ഹജ്ജ് യാത്രകള്‍ നടത്തുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളെ കുറിച്ച് അവരെ അറിയിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച നിബന്ധനകളും വ്യവസ്ഥകളും പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തതായി പ്രാദേശിക അറബിക് ദിനപത്രമായ അല്‍ റായ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിലേക്കുള്ള അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ ഈ സീസണില്‍ ഹജ്ജിനുള്ള രജിസ്ട്രേഷന്‍ ഖത്തര്‍ പൗരന്മാര്‍ക്ക് മാത്രമാണെന്ന് വകുപ്പ് അറിയിച്ചതായി ഹജ് ട്രിപ്പ് ഓപ്പറേറ്റര്‍മാര്‍ ദിനപത്രത്തോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട് .

അപേക്ഷകന്‍ 18 നും 65 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം, അപേക്ഷകന് കോവിഡ്-19 വാക്സിന്റെ ‘അടിസ്ഥാന ഡോസുകള്‍’ ലഭിച്ചിരിക്കണം എന്നിവയാണ് ഹജ്ജ് നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് സൗദി ഹജ്, ഉംറ മന്ത്രാലയം ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്, അപേക്ഷകര്‍ക്ക് ഹോട്ട്ലൈന്‍ നമ്പറായ 132-ല്‍ ബന്ധപ്പെടാം. റമദാനില്‍ ഈ സേവനം രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരേയും രാത്രി 8.30 മുതല്‍ 11.30 വരേയും ലഭിക്കും. അപേക്ഷകര്‍ക്ക് ഈദുല്‍ ഫിത്തറിന്റെ രണ്ടാം ദിവസം മുതല്‍ രാവിലെ 9 മുതല്‍ ഉച്ച വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയും ഹോട്ട്ലൈന്‍ നമ്പറില്‍ വിളിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!