വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ ലോകകപ്പ് ലോഗോ പകര്‍ത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ ലോകകപ്പ് ലോഗോ പകര്‍ത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ലോകകപ്പ് ലോഗോ പതിച്ച വാഹന നമ്പര്‍ പ്ലേറ്റുകള്‍ തങ്ങളുടെ പ്രത്യേക ലേലത്തില്‍ വിറ്റഴിക്കുന്നതാണെന്നും അത് മറ്റ് വാഹനങ്ങളില്‍ പകര്‍ത്താനോ സ്ഥാപിക്കാനോ കഴിയില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. വാഹനങ്ങളുടെ ലൈസന്‍സ് പ്ലേറ്റില്‍ ലോകകപ്പ് ലോഗോ പകര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷനുമായി (ഫിഫ) ഏകോപിപ്പിച്ച് പ്രത്യേക നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായാണ് ലോകകപ്പ് ലോഗോയുള്ള പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ ലേലം ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.ഇത് പുതുതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും ലേലം ചെയ്ത പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ക്കും മാത്രം അവകാശപെട്ടതാണ് .
വാഹനങ്ങളുടെ ലൈസന്‍സ് പ്ലേറ്റുകളില്‍ ലോകകപ്പ് ലോഗോ പകര്‍ത്തി സ്ഥാപിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇത് ലംഘിക്കുന്നവരെ നിയമനടപടിക്ക് വിധേയമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി