Archived Articles

സന്തോഷ് ട്രോഫി താരം പി എന്‍ നൗഫല്‍ തിരുവമ്പാടിക്ക് സ്വീകരണം നല്‍കി

അമാനുല്ല വടക്കാങ്ങര

ദോഹ: ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ മുന്നേറ്റ താരം നൗഫല്‍ തിരുവമ്പാടിക്ക് ഖത്തറിലെ തിരുവമ്പാടി നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ തിരുവമ്പാടി വെല്‍ഫെയര്‍ കമ്മറ്റിയും സ്‌കൈ വേ ഗ്രൂപ്പും കെന്‍സ ഗ്രൂപ്പും ചേര്‍ന്ന് സ്വീകരണം നല്‍കി.

സഫാരി മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്യു ടി ഡബ്‌ള്യ സി ജനറല്‍ കണ്‍വീനര്‍ ഷംസുദ്ധീന്‍ സ്‌കൈ വേ സ്വാഗതം ആശംസിച്ചു . സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഒ ഷറഫ് പി ഹമീദ് ഉത്ഘാടനം നിര്‍വഹിച്ചു . തന്റെ ഗ്രാമത്തിലെ പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും , പരാധീനതകള്‍ക്കിടയിലും കായിക ലോകത്തെ തന്റെ സ്വപ്നങ്ങള്‍ക്ക് പിറകെ ഓടി അവസാനം കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ നൗഫല്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . മാത്രമല്ല കേരളത്തില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇനിയും ഒട്ടേറെ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാമെന്നും പ്രവാസികള്‍ അതിനു മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഐ സി ബി എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍ മുഖ്യാതിഥിയായിരുന്നു . കായിക മേഖലയുടെ ഉയരങ്ങള്‍ കീഴടക്കാന്‍ നൗഫലിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു .ക്യു ടി ഡബ്‌ള്യ സി പ്രസിഡന്റ് ഷാജുദ്ധീന്‍ സുബൈബാസ് അധ്യക്ഷത വഹിച്ചു .കേരളീയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ച നൗഫലിനെ ഭാരവാഹികളായ സിദ്ദീക്ക് കെന്‍സ, സുനില്‍ പി എം എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു, കൂടാതെ ഖത്തര്‍ വേള്‍ഡ് കപ്പ് ഒഫീഷ്യല്‍ ഫുട്‌ബോള്‍ ആയ രിഹല നൗഫലിന് ഉപഹാരമായി നല്‍കി. തന്റെ നാടും നാട്ടുകാരും ഖത്തര്‍ പ്രവാസികളും തനിക്കു നല്‍കിയ സ്വീകരണത്തിനു നൗഫല്‍ നന്ദി പറഞ്ഞു.

ചടങ്ങില്‍, ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ വേള്‍ഡ് കപിന് ആശംസകള്‍ അര്‍പ്പിച്ചു പ്രശസ്ത സംവിധായകന്‍ മുഹ്സിന്‍ തളിക്കുളം സംവിധാനം ചെയ്ത ഗ്രീറ്റിംഗ് ഫോര്‍ ദി ഫിഫ വേള്‍ഡ് കപ്പ് 2022 എന്ന ആശംസാ ഗാനത്തിന്റെ റിലീസിംഗ് പി എന്‍ നൗഫല്‍ നിര്‍വഹിച്ചു . ഖത്തറിന്റെ കുതിപ്പിലുള്ള ഇന്ത്യന്‍ ജനതയുടെ ആഹ്ലാദവും ആശംസയും നിറഞ്ഞ ഗാനം സദസ്സ് നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്. ആശംസ ഗാനത്തിന്റെ സംവിധായകന്‍ മുഹ്സിന്‍ തളിക്കുളത്തിനു ക്യു ടി ഡബ്‌ള്യ സി യുടെ സ്‌നേഹോപഹാരവും കൈമാറി. പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സൈനുല്‍ ആബിദീന്‍, മുഹമ്മദ് ഷാദില്‍ എന്നീ വിദ്യാര്‍ത്ഥികളേ അനുമോദിച്ചു .

സാമൂഹ്യ പ്രവര്‍ത്തകരായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി .അമീന്‍ എം എ കൊടിയത്തൂര്‍, അര്‍ ജെ രതീഷ്, സക്കീര്‍ നൈസ് വാട്ടര്‍, ക്യു ടി ഡബ്‌ള്യ സി വൈസ് പ്രസിഡന്റ് സുനില്‍ പി എം തുടങ്ങിയവര്‍ സംസാരിച്ചു തുടര്‍ന്ന് ഖത്തറിലെ കലാകാരന്‍മാരായ ഫാസില്‍ റഹ്മാന്‍, ഹിബ ബദറുദ്ധീന്‍ , ഹനീസ് ഗുരുവായൂര്‍ തുടങ്ങിയവര്‍ ഒരുക്കിയ ഗാനവിരുന്നും കൊച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി . ആര്‍ ജെ ഷിഫിന്‍, അര്‍ ജെ ജാസ്സിം എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഇല്യാസ് ചോലക്കല്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!