Breaking NewsUncategorized

ഗള്‍ഫ് മേഖലയില്‍ സ്ഥിരത കൈവരിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് അത്യാവശ്യം. ഖത്തര്‍ അമീര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഗള്‍ഫ് മേഖലയില്‍ സ്ഥിരത കൈവരിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് അത്യാവശ്യമാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി അഭിപ്രായപ്പെട്ടു. ജിദ്ദയില്‍ നടന്ന ജിദ്ദ സെക്യൂരിറ്റി ആന്റ് ഡവലപ്മെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതില്‍ പലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌ന പരിഹാരം വളരെ പ്രധാനമാണെന്ന് അമീര്‍ തുറന്നടിച്ചു.

പിരിമുറുക്കമുള്ള അന്താരാഷ്ട്ര സാഹചര്യത്തിന്റെ വെളിച്ചത്തില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഉയര്‍ന്നുവരുന്ന അപകടങ്ങള്‍ക്ക്, നമ്മുടെ അറബ്, ഇസ്ലാമിക ലോകങ്ങളിലെ ജനങ്ങള്‍ക്കിടയിലും ലോകമെമ്പാടുമുള്ള സമാധാന ശക്തികള്‍ക്കിടയിലും കേന്ദ്ര സ്ഥാനം വഹിക്കുന്ന ഫലസ്തീന്‍ പ്രശ്‌നത്തിന് ന്യായവും ശാശ്വതവുമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. സെറ്റില്‍മെന്റുകള്‍ നിര്‍മ്മിക്കുന്നതിലും ജറുസലേമിന്റെ സ്വഭാവം മാറ്റുന്നതിലും ഗാസയില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിലും പ്രതിഫലിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളും നടപടികളും ഇസ്രായേല്‍ നിര്‍ത്തുന്നില്ലെങ്കില്‍ പിരിമുറുക്കത്തിന്റെയും അസ്ഥിരതയുടെയും ഏറ്റവും പ്രധാനപ്പെട്ട ഉറവിടം നീണ്ടുനില്‍ക്കും. ഇത് ഇനിയും തുടരാനനുവദിച്ചു കൂട.

മിഡില്‍ ഈസ്റ്റിലും ലോകത്തും സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ നിര്‍ണായക പങ്ക് അനിഷേധ്യമാണ് .

അമേരിക്കയുമായുള്ള ഗള്‍ഫ് ബന്ധങ്ങളുടെയും അറബികളുടെ പൊതുവായ ബന്ധത്തിന്റെയും പ്രാധാന്യവും അവ നിലനിര്‍ത്തേണ്ടതും ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയും ഞങ്ങള്‍ ഊന്നിപ്പറയുന്നു. ഗള്‍ഫ് മേഖലയില്‍ സ്ഥിരത കൈവരിക്കേണ്ടത് മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തിനും അത്യന്താപേക്ഷിതമാണ്.

ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും ആഗോള പ്രശ്‌നങ്ങള്‍ക്ക് നീതിയുക്തവും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സുപ്രധാന യോഗം.

ഏത് മേഖലയിലെയും പ്രതിസന്ധികളും യുദ്ധങ്ങളും ലോകത്തെ മുഴുവന്‍ ബാധിക്കുമെന്നതിനാല്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അമീര്‍ ആഹ്വാനം ചെയ്തു

Related Articles

Back to top button
error: Content is protected !!