പത്മശ്രീ സി കെ മേനോന്‍- ജനഹൃദയങ്ങളിലെ മഹാനുഭാവന്‍
ജോണ്‍ ഗില്‍ബര്‍ട്ട്
2022 ഒക്ടോബര്‍ 1,പത്മശ്രി അഡ്വക്കേറ്റ് സി കെ മേനോന്‍ ഓര്‍മ്മയായീട്ട് ഇന്ന് മൂന്ന് വര്‍ഷം തികയുന്നു.
മേനോന്‍ സാര്‍ എന്ന് എല്ലാവരാലും വിളിക്കപ്പെടുന്ന പത്മശ്രീ സി കെ മേനോന്റെ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ക്ക് ഇന്നും ഒരു തീരാനഷ്ടം തന്നെയാണ്.
കഷ്ടപ്പെടുന്നവരും,അശരണരും,അഗതികളും , അനാഥരുമായ നൂറുകണക്കിനാളുകള്‍ അദ്ദേഹത്തിന്റെ കാരുണ്യസ്പര്‍ശം കൊണ്ട് സനാഥരും, സന്തുഷ്ടരുമായി ഇന്നും ജീവിക്കുന്നു.
ജീവിതം കൈവിട്ടു പോയി മരണത്തിന്റെ വക്കില്‍ പകച്ചുനിന്നവരെ ദൈവദൂതനെപ്പൊലെ എത്തി രക്ഷിച്ചു ജീവിതത്തിലേക്ക് തിരികെ നടന്നുകയറാനുള്ള കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടിയ മഹാനുഭാവനായിരുന്നു സി കെ മേനോന്‍.
രോഗം കൊണ്ട് ജീവിതത്തില്‍ പ്രതീക്ഷനഷ്ടപ്പെട്ടവര്‍ക്ക് നുതന ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കി അനേകര്‍ക്ക് പ്രത്യാശയുടെ ജീവിതം തിരികെ കൊടുത്ത പുണ്യാത്മാവ്.
അഗതികളും, അശരണരുമായ അനേകം അമ്മമാര്‍ക്ക് ആരോടും കൈനീട്ടാതെ ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളൊരുക്കിയ മനുഷ്യസ്‌നേഹി.
സ്വന്തം വീടെന്ന സ്വപ്നം ഒരിക്കലും പുവണിയാത്ത നിരാലംബരായ നൂറുകണക്കിനാളുകളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ മഹാമനസ്‌കന്‍.
തല ചായ്ക്കാനിടമില്ലാത്ത നൂറുകണക്കിനാളുകള്‍ക്ക് നേരിട്ടും പരോക്ഷമായും എന്നും നിര്‍ലോഭമായി സഹായഹസ്തം നീട്ടിയ ഹൃദയാലു.
മേനോന്‍ സാറെന്ന നന്മമരത്തെ ഓര്‍ക്കുമ്പോള്‍ ആ തണലില്‍ ആശയും, ആശ്വാസവും അര്‍പ്പിച്ച് ജീവിതം തിരികെ പിടിച്ചവരുടെ നിര ഇനിയും നീളും.
പണ്ഡിതനെന്നൊ പാമരനെന്നൊ, കുബേരനെന്നൊ, കുചേലനെന്നൊ വ്യത്യാസമില്ലാതെ തന്റെയടുത്തുവരുന്ന എല്ലാവരേയും ഒരുപോലെ , സ്വീകരിക്കുന്ന അപൂര്‍വ്വ വ്യക്തിത്വത്തിനുടമ കൂടിയായിരുന്നു പത്മശ്രി സി കെ എം.
സമ്പന്നതയുടേയും, ഉന്നത പദവികളുടേയും,അംഗീകാരങ്ങളുടേയും പ്രശസ്തികളുടേയും നടുവില്‍ ജീവിക്കുമ്പോഴും,
താന്‍ വിശ്വസിക്കുന്ന ആശയസംഹിതകളെ മുറുകെ പിടിച്ചുകൊണ്ട് തന്നെ വിരുദ്ധാശയങ്ങളെ ബഹുമാനിക്കുകയും, ആദരിക്കുകയും , മതേതര , ജനാധിപത്യമൂല്യങ്ങളെ മുറുകെ പിടിക്കുകയും ചെയ്താണ് സി കെ എം ന്റെ തിളക്കമാര്‍ന്ന വ്യക്തിപ്രഭാവം നിലനിര്‍ത്തിയത്.
തന്റെ സൗഭാഗ്യങ്ങളുടെ പങ്ക് കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനുള്ളതുകൂടിയാണെന്ന് വിശ്വസിച്ച് അനേകായിരങ്ങള്‍ക്ക് താങ്ങും തണലുമായി പന്തലിച്ച് നിന്ന് , അപരനെ സഹായിച്ച് സന്തോഷമനുഭവിച്ച് ജീവിച്ച് നമ്മില്‍ നിന്നും വേര്‍പ്പെട്ടുപോയ ആനന്മമരം ,എന്നും ജ്വലിക്കുന്ന ഓര്‍മ്മയായ് അണയാത്ത ദീപമായ് മനുഷ്യമനസ്സില്‍ ജീവിക്കും.
പ്രീയപ്പെട്ട മേനോന്‍ സാറിന്റെ ദീപ്തമായ സ്മരണകള്‍ക്ക് മുന്‍പില്‍ അശ്രു പൂക്കളാല്‍ പ്രണാമം.