ശൈഖ് ഖറദാവി : നവോത്ഥാനത്തിന്റെ ഉണര്‍വുകളെ ഏകോപിപ്പിച്ച പണ്ഡിതന്‍ – അനുസ്മരണ സമ്മേളനം
അമാനുല്ല വടക്കാങ്ങര
ദോഹ: ഇസ്‌ലാമിന്റെ ഭാവിയെ കുറിച്ച പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുകയും പ്രതിസന്ധികളഭിമുഖീകരിക്കുന്ന മുസ്‌ലിം സമുദായത്തിന് ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയും ചെയ്ത പണ്ഡിതനും പ്രസ്ഥാന നായകനുമായിരുന്നു ശൈഖ് യൂസുഫുല്‍ ഖറദാവി എന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി ഐ സി ഖത്തര്‍ ) സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
പുതിയ കാലഘട്ടത്തിന്റെ നവോത്ഥാന നായകനായിരുന്നു ശൈഖ് ഖറദാവിയെന്ന് അദ്ദേഹത്തോടൊപ്പം നാല്‍പത് വര്‍ഷത്തോളം ഒന്നിച്ച് പ്രവര്‍ത്തിച്ച അന്താരാഷ്ട്ര മുസ്ലിം പണ്ഡിത വേദി ജനറല്‍ സെക്രട്ടറി ഡോ. ശൈഖ് അലി മുഹ്‌യിദ്ദീന്‍ അല്‍ ഖുറദാഗി പറഞ്ഞു.
സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ അതിരുകളെ ഭേദിച്ച് നിരന്തരം ഇടപെട്ട പണ്ഡിതനായിരുന്നു അദ്ദേഹം. ഇസ് ലാമിന് വേണ്ടി ജീവിച്ച, സമൂഹത്തിന്റെ ഐക്യത്തിനും ഉത്ഥാനത്തിനും വേണ്ടി കര്‍മനിരതനായ മഹാ വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നും ഡോ. ഖുറദാഗി തുടര്‍ന്നു.
മുസ് ലിം സമൂഹത്തെ ഭിന്നിപ്പിച്ച് ദുര്‍ബലപ്പെടുത്താനുള്ള സാമ്രാജ്യത്വ ശക്തികളുടെ ഉപജാപങ്ങളെ ന്യായയുക്തമായി പ്രതിരോധിക്കാന്‍ ജീവിതം സമര്‍പ്പിച്ച പണ്ഡിതനയിരുന്നു ശൈഖ് ഖറദാവി എന്ന് ജമാഅത്തെ ഇസ് ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗവും ശാന്തപുരം അല്‍ ജാമിഅ റെക്ടറുമായ ഡോ. അബ്ദുസ്സലാം അഹ് മദ് അഭിപ്രായപ്പെട്ടു.അദ്ദേഹം മുന്നോട്ട് വെച്ച മിതത്വത്തിലൂന്നിയ നിലപാടുകളും ആശയങ്ങളും ഇസ് ലാം വിരുദ്ധ ശക്തികളുടെ ഗൂഢാലോചനകളെ അതിജീവിച്ചു നിലനില്‍ക്കുകയും പുലരുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഏത് പ്രശ്‌നത്തെയും പതര്‍ച്ചയില്ലാതെ ധീരമായഭിമുഖീകരിച്ച മഹാ പണ്ഡിതനായിരുന്നു ഖറദാവിയെന്ന് കേരള ഇസ് ലാമിക് സെന്റര്‍ പ്രസിഡണ്ട് എ വി അബൂബക്കര്‍ അല്‍ ഖാസിമി പറഞ്ഞു.
ഇസ് ലാമിന്റെ മാനവിക മൂല്യങ്ങളിലൂന്നി ഖത്തറിന്റെ സാംസ്‌കാരികാടിത്തറകള്‍ വികസിപ്പിക്കുന്നതില്‍ താത്വികവും പ്രയോഗപരവുമായ പങ്ക് വഹിച്ച മഹാ വ്യക്തിത്വമാണ് ശൈഖ് ഖറദാവിയെന്ന് അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച സി ഐ സി ആക്ടിംഗ് പ്രസിഡന്റ് കെ.സി അബ്ദുല്ലത്വീഫ് പറഞ്ഞു.പ്രാദേശികമായും അന്തര്‍ദേശീയമായും ഏറെ ശ്രദ്ധിക്കപ്പെട്ട ഖത്തറിന്റെ വ്യതിരിക്തമായ നിലപാടുകളില്‍ അതിന്റെ സ്വാധീനം ദര്‍ശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ് ലാമിന്റെ കര്‍മശാസ്ത്ര നിലപാടുകളെ സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതില്‍ അനിതരസാധാരണമായ പങ്ക് വഹിച്ച പണ്ഡിതനാണ് ശൈഖ് ഖറദാവിയെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് കെ.എന്‍ സുലൈമാന്‍ മദനി പറഞ്ഞു.
കെ എം സി സി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, വിമന്‍ ഇന്ത്യ പ്രസിഡണ്ട് നഹ്‌യ ബീവി, യൂത്ത് ഫോറം വൈസ് പ്രസിഡന്റ് എം ഐ അസ് ലം തൗഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
സി ഐ സി കേന്ദ്ര സമിതി അംഗം പി.പി അബ്ദുറഹിം ശൈഖ് അലി മുഹ് യിദ്ദീന്‍ അല്‍ ഖുറദാഗിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തി.
അന്താരാഷ്ട്ര മുസ് ലിം പണ്ഡിത വേദി അംഗം ഹുസൈന്‍ കടന്നമണ്ണ, ഗ്രന്ഥകാരനായ എം എസ് എ റസാഖ്, എഫ് സി സി ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കീഴിശ്ശേരി എന്നിവര്‍ സംബന്ധിച്ചു.
സി ഐ സി ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി സ്വാഗതം പറഞ്ഞു. യാസിര്‍ ഇ പരിപാടി നിയന്ത്രിച്ചു.