
ഫിഫ 2022 ലോകകപ്പ് സമയത്ത് പ്രതിദിനം 40,000 മുതല്‍ 50,000 വരെ ആരാധകര്‍ക്ക് സേവനം നല്‍കാനൊരുങ്ങി മുവാസലാത്ത്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് സമയത്ത് പ്രതിദിനം 40,000 മുതല്‍ 50,000 വരെ ആരാധകര്‍ക്ക് സേവനം നല്‍കാനൊരുങ്ങി മുവാസലാത്ത് . ഡ്രൈവര്‍മാര്‍, ഗ്രൗണ്ട് സ്റ്റാഫ്, ഓപ്പറേഷന്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള പതിനായിരത്തിലധികം ജീവനക്കാരാണ് സേവനങ്ങള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്.
ദോഹയിലും പരിസരങ്ങളിലുമുള്ള സ്റ്റേഡിയങ്ങളെ കണക്ട് ചെയ്തുകൊണ്ട് 1,300 ബസുകളുടെ ട്രയല്‍ റണ്‍ കമ്പനി അടുത്തിടെ നടത്തിയിരുന്നു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന മെഗാ ഇവന്റിനായി ദോഹയിലും ഖത്തറിലുടനീളമുള്ള എട്ട് സ്റ്റേഡിയങ്ങള്‍ക്കിടയിലും ഫുട്‌ബോള്‍ ആരാധകരെ എത്തിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ട്രയല്‍ റണ്‍. ലോകകപ്പ് വേളയില്‍ തങ്ങളുടെ ഡ്രൈവര്‍മാരെ ‘ഡെലിവര്‍ അമേസിംഗിന്’ സജ്ജമാക്കാനുള്ള മുവാസലാത്തിന്റെ (കര്‍വ) ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ലോകോത്തര ഇലക്ട്രിക് ബസുകളും സര്‍വീസിനുപയോഗിക്കുന്നുണ്ട്.