Breaking News

ഐക്യമാണ് നമ്മുടെ ശക്തിയുടെ സ്രോതസ്സ്

അമാനുല്ല വടക്കാങ്ങര

ദോഹ. 2022 ഖത്തര്‍ ദേശീയ ദിന മുദ്രാവാക്യം പ്രഖ്യാപിച്ചു. ഐക്യമാണ് നമ്മുടെ ശക്തിയുടെ സ്രോതസ്സ് എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.

രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും ഐക്യത്തിന്റെ പ്രാധാന്യം അടിവരിടുന്ന സുപ്രധാനമായ മുദ്രാവാക്യമാണിത്.

ഖത്തര്‍ ദേശീയ ദിനം 2022 ‘നമ്മുടെ ഐക്യമാണ് നമ്മുടെ ശക്തിയുടെ ഉറവിടം’ എന്ന മുദ്രാവാക്യവുമായി ഉമ്മുസലാല്‍ മുഹമ്മദ് ഏരിയയിലെ ദര്‍ബ് അല്‍ സായിയുടെ പുതിയതും സ്ഥിരവുമായ വേദിയില്‍ ആഘോഷിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഖത്തര്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഹമദ് ബിന്‍ ജാസിം അല്‍താനിയാണ് മുദ്രാവാക്യം പ്രഖ്യാപിച്ചത്.

‘നമ്മുടെ ഐക്യമാണ് നമ്മുടെ ശക്തിയുടെ ഉറവിടം’ എന്ന മുദ്രാവാക്യം ഉരുത്തിരിഞ്ഞത് 50-ാമത് ശൂറ കൗണ്‍സില്‍ സെഷന്റെ ഉദ്ഘാടന വേളയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നടത്തിയ പ്രസംഗത്തിന്റെ ഉദ്ധരണിയില്‍ നിന്നാണെന്ന് മന്ത്രി പറഞ്ഞു.

2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 18 വരെ 4,500 പൈതൃക, സാംസ്‌കാരിക, കലാ, കായിക, വിനോദ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിന് 150,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ എല്ലാ സൗകര്യങ്ങളും കേന്ദ്ര സേവനങ്ങളും ലോജിസ്റ്റിക് ഉപകരണങ്ങളും പുതിയ വേദിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഈ വര്‍ഷത്തെ ദര്‍ബ് അല്‍ സായി പ്രവര്‍ത്തനങ്ങള്‍ ദേശീയ ദിനത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പ്രിയപ്പെട്ട രാജ്യത്തോടുള്ള വിശ്വസ്തതയും വര്‍ധിപ്പിക്കാനും ഖത്തറി ഐഡന്റിറ്റിയില്‍ അഭിമാനിക്കാനും ദേശീയ ദിനാഘോഷങ്ങള്‍ക്കായുള്ള സംഘാടക സമിതിയുടെ കാഴ്ചപ്പാടിന്റെ പൂര്‍ത്തീകരണമാണ്. രാജ്യത്തിന്റെ സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനിയുടെ സ്ഥാനാരോഹണത്തിന്റെ സ്മരണയ്ക്കായാണ് ഡിസംബര്‍ 18 ദേശീയ ദിനമായാഘോഷിക്കുന്നത്.

സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുള്‍റഹ്മാന്‍ ബിന്‍ ഹമദ് ബിന്‍ ജാസിം അല്‍താനിയുടെ സാന്നിധ്യത്തില്‍ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചത്.

ഈ വര്‍ഷത്തെ ദര്‍ബ് അല്‍ സായി ആഘോഷപരിപാടികള്‍ , സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും രാജ്യത്തെത്തുന്ന സന്ദര്‍ശകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും. ഖത്തറിന്റെ ചരിത്രവും ആധികാരിക പൈതൃകവും ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനുള്ള സുവര്‍ണാവസരമാകുമിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!