ലോകകപ്പ് സമയത്തെ ചരക്കുഗതാഗതം സുഗമമാക്കി കസ്റ്റംസ് അതോറിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പ് സമയത്തെ ചരക്കുഗതാഗതം സുഗമമാക്കി കസ്റ്റംസ് അതോറിറ്റി. 24 മണിക്കൂറും സേവന സജ്ജമായ ടീമുകള്‍ സജ്ജമാക്കിയാണ് കസ്റ്റംസ് ചരക്കുഗതാഗതം സുഗമമാക്കുന്നത്. രാജ്യത്തെ തുറമുഖങ്ങളുടെ ഉത്തരവാദിത്തമുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങള്‍ക്കനുസൃതമായി ഈ ഇവന്റ് കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച സംവിധാനങ്ങളും രീതികളും സ്വീകരിച്ച് സംയുക്ത പദ്ധതികള്‍ വികസിപ്പിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജമാലിനെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സിംഗില്‍ വിന്‍ഡോ സംവിധാനവും ഇലക്ട്രോണിക് പ്‌ളാറ്റ് ഫോമുകളും നടപടിക്രമങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് യൂണിറ്റുകള്‍ ചരക്കുഗതാഗതം സുഗമമാക്കും.
സ്പോര്‍ട്സ് ഉപകരണങ്ങള്‍, ലോജിസ്റ്റിക് സപ്ലൈസ്, സ്പോര്‍ട്സ് ടീമുകളുടെ സാങ്കേതിക ഉപകരണങ്ങള്‍, സംഘാടകര്‍, സ്പെഷ്യലൈസ്ഡ് ടാസ്‌ക് ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട സാധനങ്ങളുടെ താത്കാലിക ഇറക്കുമതിയില്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധനവ് കണക്കിലെടുത്ത്, ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ഉചിതമായ നടപടി സ്വീകരിച്ചതായി അല്‍-ജമാല്‍ വിശദീകരിച്ചു.