
യുഎഇയില്‍ നടന്ന സാഹോദര്യ കൂടിയാലോചന യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരം ബുധനാഴ്ച അബുദാബിയില്‍ ‘മേഖലയിലെ സമൃദ്ധിയും സ്ഥിരതയും’ എന്ന തലക്കെട്ടില്‍ നടന്ന സാഹോദര്യ കൂടിയാലോചന യോഗത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു . ഒമാനിലെ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ബഹ്റൈനിലെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ജോര്‍ദാനിലെ രാജാവ് അബ്ദുല്ല രണ്ടാമന്‍ അല്‍ ഹുസൈന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസി എന്നിവര്‍ പങ്കെടുത്തു.
യോഗത്തില്‍ സംബന്ധിച്ച നേതാക്കളോടുള്ള ആദരസൂചകമായി സഹോദരി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പ്രസിഡന്റ് സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നില്‍ അമീറും പങ്കെടുത്തു.
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി, അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി, കൂടാതെ നിരവധി പ്രമുഖരായ ശൈഖുമാരും മന്ത്രിമാരും യോഗത്തിലും ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുത്തു.