Archived Articles

അല്‍ ബത്വല്‍ സ്‌പോര്‍ട്‌സ് കാര്‍ണിവല്‍: വക്‌റ – ഹിലാല്‍ സംയുക്ത ജേതാക്കള്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ കായിക ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച അല്‍ ബത്വര്‍ ഇന്റര്‍സോണ്‍ കായിക മേളയില്‍ വക്‌റ, ഹിലാല്‍ സോണുകള്‍ സംയുക്ത ജേതാക്കളായി. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ആരംഭിച്ച കായിക മത്സരങ്ങളുടെ സമാപന പോരാട്ടങ്ങള്‍ ദേശീയ കായിക ദിനത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അരങ്ങേറിയത്.

വിവിധങ്ങളായ ട്രാക്ക് & ഫീല്‍ഡ് മത്സരങ്ങള്‍ക്ക് പുറമേ ചെസ്സ് ,ഫുട്ബാള്‍ ,ബാഡ്മിന്റണ്‍, ക്രിക്കറ്റ് , പഞ്ച ഗുസ്തി, വടംവലി , മത്സരങ്ങളിലായി മുന്നൂറോളം കായിക താരങ്ങള്‍ മത്സരത്തിന്റെ ഭാഗമായി. കാംബ്രിഡ്ജ് സ്‌കൂളില്‍ നടന്ന ബാഡ്മിന്റണില്‍ വക്ര സോണും ,ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ ഹിലാല്‍ സോണും തുമാമ ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റില്‍ വക്ര സോണും ജേതാക്കളായി. വാശിയേറിയ വടം വലി മത്സരത്തില്‍ വക്‌റ സോണിനെ പരാജയപ്പെടുത്തി ഹിലാല്‍ കപ്പുയര്‍ത്തി.

അല്‍ ബത്വല്‍ കായിക മേളയില്‍ അറുപത് പോയിന്റ് നേടിയാണ് വക്‌റ, ഹിലാല്‍ സോണുകള്‍ സംയുക്ത ജേതാക്കളായത്. 47 പോയിന്റ് നേടി മദീന ഖലീഫ സോണ്‍ രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് യൂത്ത് ഫോറം പ്രസിഡന്റ് എസ്. എസ്. മുസ്തഫ, ഭാരവാഹികളായ അബ്‌സല്‍ അബ്ദുട്ടി, അസ്ലം തൗഫീഖ്, അസ്ലം ഈരാറ്റുപേട്ട, ഹബീബ് റഹ്മാന്‍, സുഹൈല്‍ എന്നിവര്‍ ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. മേളയോട് അനുബന്ധിച്ച് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സംഘാടക സമിതി അംഗങ്ങളായ മുഅമിന്‍, മുഹമ്മദ് ഇസ്ഹാഖ് , നജീബ് താരി, ഷിബിലുറഹ്മാന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കായിക ദിനാഘോഷത്തിലൂടെ ഖത്തര്‍ ലക്ഷ്യം വെക്കുന്ന ഫലങ്ങള്‍ പ്രവാസി യുവാക്കളിലും ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!