നാലാമത് മെന പരിസ്ഥിതി നിയമ, നയ പണ്ഡിതന്മാരുടെ സമ്മേളനം ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. നാലാമത് മെന പരിസ്ഥിതി നിയമ, നയ പണ്ഡിതന്മാരുടെ സമ്മേളനം ദോഹയില്‍ . ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയുടെ കോളേജ് ഓഫ് ലോ ജോര്‍ദാന്‍ യൂണിവേഴ്സിറ്റിയുമായും മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ യൂണിവേഴ്സിറ്റികളിലെ എന്‍വയോണ്‍മെന്റല്‍ ലോ ലക്ചറേഴ്സ് അസോസിയേഷനുമായും സഹകരിച്ചാണ് നാലാമത് മെന പരിസ്ഥിതി നിയമ, നയ പണ്ഡിതന്മാരുടെ സമ്മേളനം സംഘടിപ്പിച്ചത്.
‘ജൈവവൈവിധ്യ നിയമം, പ്രകൃതി സംരക്ഷണം, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ സാംസ്‌കാരിക പൈതൃക സംരക്ഷണം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനം ജൈവവൈവിധ്യ നിയമപരിശീലനം, വിദ്യാഭ്യാസം എന്നിവ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള അറിവ് കൈമാറുന്നതിനും മേഖലയിലുടനീളം നടപ്പാക്കുന്നതിനുമായി പരിസ്ഥിതി മേഖലയിലെ അധ്യാപകരെയും ഗവേഷകരെയും ഒരുമിച്ച് കൊണ്ടുവന്നു. ശില്‍പശാലകളിലൂടെയും സെമിനാറുകളിലൂടെയും പങ്കെടുത്തവര്‍ ജൈവവൈവിധ്യ നിയമത്തിന്റെ ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ വശങ്ങള്‍ ഉയര്‍ത്തിക്കാട്ടി, മെന രാജ്യങ്ങളിലെ ജൈവവൈവിധ്യത്തിന്റെയും പാരിസ്ഥിതിക നിയമത്തിന്റെയും അധ്യാപനത്തിന്റെയും പരിശീലനത്തിന്റെയും നില, ജൈവവൈവിധ്യ നിയന്ത്രണത്തിനായുള്ള ആഭ്യന്തര, പ്രാദേശിക സമീപനങ്ങള്‍ എന്നിവ സമ്മേളനം വിശകലനം ചെയ്തു.