4.1 ബില്യണ്‍ റിയാലിന്റെ 22 പുതിയ പദ്ധതികള്‍ക്ക് അഷ്ഗാല്‍ തുടക്കമിട്ടു
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പിന് ശേഷം ഖത്തറിലെ നിര്‍മാണ മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകുന്നു. 4.1 ബില്യണ്‍ റിയാലിന്റെ 22 പുതിയ പദ്ധതികള്‍ക്ക് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) തുടക്കമിട്ടു. പൊതുമരാമത്ത് അതോറിറ്റിയിലെ (അഷ്ഗാല്‍) പ്രോജക്ട് അഫയേഴ്‌സ് ഡയറക്ടര്‍ എഞ്ചിനീയര്‍ യൂസഫ് അല്‍ ഇമാദിയാണ് കെട്ടിട പദ്ധതികള്‍ സംബന്ധിച്ച അഷ്ഗാലിന്റെ 2023 ലെ പ്ലാന്‍ വെളിപ്പെടുത്തിയത്. 2023-ല്‍ ഇതുവരെ 4.1 ബില്യണ്‍ റിയാലിന്റെ 22 കെട്ടിട പദ്ധതികള്‍ ഉള്‍പ്പെടുത്തി പുതിയ പ്രോജക്ട് പാക്കേജ് ടെന്‍ഡര്‍ ചെയ്തതായി അദ്ദേഹം വിശദീകരിച്ചു.
ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കൂടുതല്‍ പ്രോജക്ടുകള്‍ ടെന്‍ഡര്‍ ചെയ്യുന്നതിന് പുറമേയാണ് ഈ പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. അഷ്ഗാല്‍ പദ്ധതി പ്രകാരം രാജ്യത്ത് അടിസ്ഥാന സൗകര്യ, പൊതു കെട്ടിട പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹമദ് ജനറല്‍ ആശുപത്രിയുടെ വികസനം, മദീനത്ത് ഖലീഫ ഹെല്‍ത്ത് സെന്റര്‍, ഖത്തര്‍ സിദ്ര അക്കാദമി എന്നിവയുടെ സ്ഥാപനം, വെറ്ററിനറി ലബോറട്ടറി കെട്ടിടത്തിന്റെ പുനരുദ്ധാരണം തുടങ്ങി 3 ബില്യണ്‍ റിയാലിലധികം മൂല്യമുള്ള പത്തോളം പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് അല്‍ ഇമാദി വിശദീകരിച്ചു.