Uncategorized

പ്രതീക്ഷയുടെ പൊന്‍കിരണങ്ങളുമായി സുനില്‍ വെഞ്ഞാറമൂടിന്റെ ഓക്‌സിജന്‍


അമാനുല്ല വടക്കാങ്ങര

കോവിഡാനന്തര ലോകത്ത് ക്ഷേമൈശ്വര്യങ്ങളുടെ ശുഭ പ്രതീക്ഷയുടെ പൊന്‍കിരണങ്ങളുമായി സുനില്‍ വെഞ്ഞാറമൂടിന്റെ ഓക്‌സിജന്‍ എന്ന കവിതാസമാഹാരം സഹൃദയ ശ്രദ്ധയാകര്‍ഷിക്കുന്നു. മാനവ കുലത്തിന്റെ ക്ഷേമവും നന്മയും കാംക്ഷിക്കുന്ന എഴുത്തുകാരന്റെ ആദ്യ കവിതാസമാഹാരമെന്ന നിലക്കും ഏറെ സവിശേഷതകളുള്ളതാണ് ഓക്‌സിജന്‍. 54 കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് സൃഷ്ടിച്ച അടച്ചുപൂട്ടലിന്റെ ശ്വാസം മുട്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതം തിരിച്ചു പിടിക്കാനും മനസിനെ പാകപ്പെടുത്താനും പൊരുതി ജയിക്കാനും പരിശ്രമിച്ചപ്പോള്‍ സുനില്‍ വെഞ്ഞാറമൂടും തന്റെ കവിതാ രചനയിലും അത് വഴി മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനം പകരും വിധം തന്റെ സൃഷ്ടികളിലൂടെ ആത്മവിശ്വാസം പകരാന്‍ പര്യാപ്തമാകും വിധം പരിശ്രമിക്കുകയും ചെയ്തു. ഓക്‌സിജന്‍ കവിതാ സമാഹാരത്തിലെ അണുരൂപം എന്ന കവിത സുപ്രസിദ്ധ പിന്നണി ഗായകന്‍ കൃഷ്ണചന്ദ്രന്‍ സംഗീതം നിര്‍വ്വഹിച്ച് മകള്‍ അമൃതവര്‍ഷിണി യോടൊപ്പം ആലപിച്ച ഗാനം അമൃതാ ടെലിവിഷന്‍ വിഷ്വലൈസ് ചെയ്ത് ടെലികാസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് .

സാങ്കേതിക വിദ്യയുടെ പുതുമകള്‍ പ്രയോജനപ്പെടുത്തി പുസ്തകത്തിലെ 54 കവിതകള്‍ക്കും 54 ല്‍പ്പരം പ്രശസ്തരുടെ ആസ്വാദനവീഡിയോകള്‍ കൂടി ചേര്‍ത്താണ് പുസ്തകം പുറത്തിറങ്ങിയത് എന്നതും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. അതാത് കവിതാ പേജുകളിലുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ യൂടൂബിലൂടെ ആസ്വാദനവീഡിയോകള്‍ കാണാനും ഡോ.ജോര്‍ജ്ജ് ഓണക്കൂറിന്റേയും കെ.ജയകുമാര്‍ ഐ.എ.എസിന്റേയും അവതാരികകള്‍ പ്രതിഭാധനരായ കൃഷ്ണചന്ദ്രന്റേയും ബന്ന ചേന്ദമംഗലൂരിന്റേയും മനോഹരമായ ശബ്ദത്തില്‍ കേള്‍ക്കാനും കഴിയുംവിധമാണ് പുസ്തകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.രാജേഷ് ചാലോടിന്റെ അര്‍ത്ഥവത്തായ കവര്‍ ഡിസൈനും ഓക്‌സിജന്‍ കവിതാ സമാഹാരത്തിന്റെ പ്രൗഡിയെ
വര്‍ദ്ധിപ്പിക്കുന്നു.

വീഡിയോകളില്‍ ഓരോ കവിതകള്‍ക്കുമുള്ള ആസ്വാദനവുമായി വരുന്ന പ്രമുഖരും പ്രശസ്തരുമായവരില്‍ പത്മശ്രീ ഡോ: കലാമണ്ഡലം ഗോപി ,പൈതൃകരത്നം ഡോ: ഉണ്ണികൃഷ്ണന്‍ നമ്പൂതിരി,
വയലാര്‍ ശരത്ചന്ദ്രവര്‍മ്മ,പി.ആര്‍ നാഥന്‍,എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,സംവിധായകന്‍ ശ്യാമപ്രസാദ്,കൃഷ്ണ പൂജപ്പുര,ഊര്‍മ്മിളാ ഉണ്ണി, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, സത്യന്‍ കോമല്ലൂര്‍,
റ്റി.പി ശാസ്തമംഗലം,കുരീപ്പുഴ ശ്രീകുമാര്‍ , സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവ, നടന്‍ ഇബ്രാഹിം കുട്ടി,ശരത് ദാസ് ,മോചിത ,ഗിരീഷ് പുലിയൂര്‍,ഡോ:ജാസീ ഗിഫ്റ്റ്, ലൗലി ജനാര്‍ദ്ദനന്‍ ,വിജയരാജമല്ലിക,
ജി.ശ്രീറാം,ഡോ: ഷാജു, ഡോ: സി.രാവുണ്ണി. ഡോ : അമാനുല്ല വടക്കാങ്ങര ,ഗ്രാന്റ്മാസ്റ്റര്‍ ജി.എസ് പ്രദീപ്,നോബി,ഡോ. രാജാവാര്യര്‍, മണമ്പൂര്‍ രാജന്‍ബാബു,സലിന്‍ മാങ്കുഴി,ബി.കെ ഹരി നാരായണന്‍ ,
സന്തോഷ് വര്‍മ്മ,കെ.സുദര്‍ശന്‍ ,നിസാര്‍ സെയ്ദ്, അവനി,പ്രൊഫ: അയിലം ഉണ്ണികൃഷ്ണന്‍ ,മണികണ്ഠന്‍ തോന്നയ്ക്കല്‍, കുക്കു പരമേശ്വരന്‍ , സീമാ ജി നായര്‍ തുടങ്ങിയവരുണ്ട്.

ഓക്‌സിജന്‍ എന്ന പുസ്തകത്തിന്റെ പേരായ കവിത തന്നെ കോവിഡ് കാലത്ത് നാമേറെ കേട്ടതും പരാമര്‍ശിക്കപ്പെടുകയും ചെയ്ത പേരാണ്. നമ്മെ ഏറെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പ്രേരണ നല്‍കുകയും ചെയ്യുന്നു അണുരൂപം, അളവുടുപ്പുകള്‍, അപ്പം വിശപ്പറിയുന്നു, അടുക്കള, അന്നദാനം, ആദരം, ആരാധ്യ , ഇമ്പം കൂടാന്‍ ,ഉറക്കം, ഒറ്റച്ചെരുപ്പ്, ഒന്നാം പാഠം, ഓണം ഓര്‍മ്മ വേണം, കടല്‍ നീലിമ, കര്‍ഷക വിഷാദ യോഗം ,കാന്തികക്കണ്ണ്, കാര്‍മേഘം,കോന്ത്ര പ്പല്ല്, ഗുരുവരം,ഗുരുത്വം ചിതലുകള്‍, ചിപ്പിത്തോട്, ചുഴലി, ഞാനും നമ്മളും, ദീനാ മാഞ്ചി, ദുരാല്‍മാവ്, നര, നല്ല വാക്ക്, നേര്, പരിണാമം, പാതി മെയ്, പിറന്നാള്‍, പുലിപ്പേടി, പൊരുളായ പൗലോ, ഭൗമദിനം , മട്ടന്‍ ബിരിയാണി , മനുഷ്യത്വം, മധുരം, മാസ്‌ക്കാണ് മാസ്, മിന്നല്‍ കാന്തി, മിണ്ടാത്ത വീട്, മുറിക്കും കൊമ്പ്, മൂന്നടി, വാട്ട്‌സ് ആപ്പ് വീണ്ടെടുപ്പ്, വിരഹം, വിശപ്പ്, വികൃതിക്കാലം, വെള്ളം, വേര്‍പാട്,സനാഥന്‍, സന്തുലനം, സോപ്പ്,സ്വയംവരം. സ്മിജ തുടങ്ങിയ എല്ലാ കവിതകളും സവിശേഷമായ ചാരുതയുള്ളവയാണ് .

ആദ്യ കവിതാ സമാഹാരം തന്നെ ആസ്വാദക ഹൃദയങ്ങളെ കീഴടക്കാന്‍ പോന്ന രചനാ പാഠവവും ഒപ്പം നവമാദ്ധ്യമങ്ങളുടെ സമൃദ്ധമായ ഉപയോഗവും കൊണ്ട് സുനില്‍ വെഞ്ഞാറമൂടെന്ന ഈ കവി ജനഹൃദയങ്ങളില്‍ തന്റേതായ ഇടം കണ്ടെത്തി ഉന്നതശ്രേണികളിലേയ്ക്ക് ഉയര്‍ന്നുയര്‍ന്ന് മിന്നിത്തിളങ്ങട്ടെയെന്നാശംസിക്കുന്നു.

എക്കാലത്തും നല്ല കവിതകള്‍ പ്രകടമായോ പ്രച്ഛന്നമായോ പ്രാര്‍ത്ഥനയാണ്.. അങ്ങനെയാണ് കവിത വിമോചനോപകരണമാകുന്നത്. ഓക്‌സിജന്‍ എന്ന ഈ സമാഹാരത്തിലൂടെ താന്‍ ജനപക്ഷത്താണെന്നും പ്രകൃതിയോടൊപ്പമാണെന്നും ശങ്കയില്ലാത്തവിധം സുനില്‍ വെഞ്ഞാറമൂട് സമര്‍ത്ഥിക്കുന്നു. അതുകൊണ്ട് തന്നെ ഓക്‌സിജന്‍ സമാഹാരവും ഇതിലെ ഓരോ കവിതകളും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു… അഥവാ ഹൃദയത്തില്‍ ഇടം നേടുന്നു. സുനില്‍ വെഞ്ഞാറമൂടിനും ഓക്‌സിജന്‍ കവിതാ സമാഹാരത്തിനും
എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു. ഇത് ഏറെ പുതുമകളുള്ള ഒരു സമാഹാരമാണ് . ഈ പുതുമയെ ആസ്വാദകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാശിക്കുന്നു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍

Related Articles

Back to top button
error: Content is protected !!