മികച്ച സമയം കുട്ടികളോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കുക
ദോഹ : ഗുണ നിലവാരമുള്ള മികച്ച അര മണിക്കൂര്‍ സമയമെങ്കിലും ദിവസവും കുട്ടികളോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കുക വഴി കുടുംബാംഗങ്ങളിലെ മാനസിക പിരിമുറുക്കം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രശസ്ത
മനഃശാസ്ത്ര കൗണ്‍സിലിംഗ് വിദഗ്ദന്‍ സി. വി. ഖലീല്‍ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു.
മലര്‍വാടി ബാലസംഘം റയ്യാന്‍ സോണ്‍ മലര്‍വാടി കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി നടത്തിയ ശില്‍പശാലയില്‍ ‘മാനസിക പിരി മുറുക്കം കുട്ടികളിലും മുതിര്‍ന്നവരിലും’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.വി.യും, ഫോണും, മറ്റു എല്ലാ പരിപാടികളും മാറ്റി വെച്ച്, കുട്ടികളും കുടുംബാംഗങ്ങളും ഒരുമിച്ചിരുന്ന് എല്ലാ വിഷയങ്ങളും പരസ്പരം ചര്‍ച്ച ചെയ്യുകയും, പരസ്പരം കേള്‍ക്കുകയും ചെയ്യുന്നതിലൂടെ ഒട്ടുമിക്ക മാനസിക പിരിമുറുക്കങ്ങളും കുറക്കാനാവുമെന്നാണ് ദീര്‍ഘനാളത്തെ കൗണ്‍സലിങ് അനുഭവങ്ങളിലൂടെ മനസ്സിലാവുന്നത് എന്നദ്ദേഹം പറഞ്ഞു.
മലര്‍വാടി റയ്യാന്‍ സോണ്‍ കോഡിനേറ്റര്‍ അബ്ദുല്‍ ജലീല്‍ എം. എം. അധ്യക്ഷത വഹിച്ചു. സദസ്യരുടെ സംശയങ്ങള്‍ക്ക് ഖലീല്‍ റഹ്‌മാന്‍ മറുപടി പറഞ്ഞു. ദിശ സ്‌കൂള്‍ ഓഫ് കൗണ്‍സിലിങ് ഡയറക്ടര്‍ ആയ അദ്ദേഹം ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ദോഹയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു.