കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് മുന്നൂറിലധികം നടപടികളുമായി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് മുന്നൂറിലധികം നടപടികളുമായി ഖത്തര്‍ . കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന്, പ്രത്യേകിച്ച് ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ബാധ്യതകള്‍ ഖത്തര്‍ നിറവേറ്റുന്നതിനായി ദേശീയ കര്‍മ്മ പദ്ധതിയും റോഡ് മാപ്പുമായാണ് ഖത്തര്‍ മുന്നോട്ടുപോകുന്നതെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ യഥാര്‍ത്ഥ അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് 300-ലധികം നടപടികള്‍ കണ്ടെത്തിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ കാലാവസ്ഥാ വ്യതിയാന കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹമ്മദ് മുഹമ്മദ് അല്‍ സാദ പറഞ്ഞു.
സാമ്പത്തിക മേഖല, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, ജലം, ജൈവവൈവിധ്യം, മറ്റ് അനുബന്ധ മേഖലകള്‍ എന്നിങ്ങനെ രാജ്യത്തെ വിവിധ മേഖലകള്‍ ഈ നടപടികളില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആറ് മേഖലകള്‍ക്കായുള്ള കാലാവസ്ഥാ ദുര്‍ബലത വിലയിരുത്തലിന്റെ പ്രാഥമിക ഫലങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗ്ലോബല്‍ ഗ്രീന്‍ ഗ്രോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ‘ക്ലൈമറ്റ് വള്‍നറബിലിറ്റി & ഇംപാക്ട് അസസ്മെന്റ് ഫോര്‍ ഖത്തര്‍’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അല്‍ സാദ.
ശില്പശാലയില് നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരും സ്വകാര്യ മേഖലാ സ്ഥാപനങ്ങളും കൂടാതെ നിരവധി അക്കാദമിക് വിദഗ്ധരും സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളും പങ്കെടുത്തു.
പരിസ്ഥിതിക്കും കാലാവസ്ഥാ വ്യതിയാനത്തിനുമായി ഒരു ദേശീയ തന്ത്രം വികസിപ്പിച്ചെടുക്കുകയും ഖത്തറിലെ കാലാവസ്ഥാ വ്യതിയാനത്തിനായി വ്യക്തമായ ദേശീയ കര്‍മ്മ പദ്ധതി തയ്യാറാക്കുകയും ചെയ്തുകൊണ്ടാണ് ഖത്തര്‍ മുന്നേറുന്നതെന്നും ഇത് അടുത്ത പത്ത് വര്‍ഷത്തേക്ക് തുടരുമെന്നും അല്‍ സാദ പറഞ്ഞു.