ഖത്തര്‍ അമീറിന് തുര്‍ക്കി പ്രസിഡണ്ടിന്റെ സമ്മാനം

ദോഹ : ഖത്തര്‍ അമീറിന് തുര്‍ക്കി പ്രസിഡണ്ടിന്റെ സമ്മാനം. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് രണ്ട് തുര്‍ക്കി നിര്‍മ്മിത ”ടോഗ്” ആഡംബര ഇലക്ട്രിക് കാറുകള്‍ സമ്മാനിച്ചു .ഇന്നലെ വൈകുന്നേരം ലുസൈല്‍ പാലസില്‍ വെച്ച് നടന്ന ചടങ്ങിലാണ് കാറുകള്‍ സമ്മാനിച്ചത് . സമ്മാനമായി ലഭിച്ച കാറില്‍ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനെയിരുത്തി അമീര്‍ ഓടിക്കുന്ന ചിത്രം ഇന്നലെ മുതല്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇരു രാജ്യങ്ങളും അതിന്റെ രണ്ട് സഹോദര ജനങ്ങളും തമ്മിലുള്ള അടുത്ത തന്ത്രപരമായ ബന്ധത്തിലെ പുതിയ നാഴികക്കല്ലാകും ഈ സന്ദര്‍ശനമെന്നാണ് കരുതുന്നത്.
കാറുകളുടെയും ഗതാഗത മേഖലയിലെയും തുര്‍ക്കി വ്യാവസായിക പദ്ധതികള്‍ക്ക് പുറമേ ടര്‍ക്കിഷ് ഇലക്ട്രിക് കാറിന്റെ സവിശേഷതകളും പരിസ്ഥിതി സൗഹൃദവും സംബന്ധിച്ച ഒരു സംഗ്രഹവും തുര്‍ക്കി പ്രസിഡണ്ട് ഖത്തര്‍ അമീറിന് നല്‍കി.
തുര്‍ക്കി വ്യാവസായിക പദ്ധതികള്‍ക്ക് മേഖലയിലും ലോകത്തും സമൃദ്ധമായ ഭാവി ആശംസിച്ചുകൊണ്ട് സമ്മാനത്തിന് അമീര്‍ തുര്‍ക്കി പ്രസിഡണ്ടിന് നന്ദി പറഞ്ഞു.