ഇന്ത്യന്‍ എംബസ്സി സേവനങ്ങള്‍ക്കായി അല്‍ഖോറില്‍ നടത്തിയ പ്രത്യേക കോണ്‍സുലര്‍ ക്യാമ്പിന് വന്‍ പ്രതികരണം
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി, ഐ.സി.ബി എഫുമായി ചേര്‍ന്ന് ഓഗസ്റ്റ് 25 വെള്ളിയാഴ്ച അല്‍ഖോറില്‍ സംഘടിപ്പിച്ച കോണ്‍സുലര്‍ ക്യാമ്പില്‍ നൂറിലധികം പേര്‍ പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, പി.സി.സി എന്നീ എംബസി സേവനങ്ങള്‍ പ്രയോജനപ്പെടുത്തി.
അല്‍ഖോറിലും പരിസര പ്രദേശങ്ങളിലുമുള്ള താമസക്കാര്‍ക്ക്, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ ദോഹയില്‍ വന്ന് മേല്‍പറഞ്ഞ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായിരുന്നു അവധി ദിവസമായ വെള്ളിയാഴ്ച ക്യാമ്പ് സംഘടിപ്പിച്ചത്.
രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 12.30 വരെ നീണ്ട ക്യാമ്പില്‍ പ്രാഥമിക സേവനങ്ങള്‍ക്കൊപ്പം അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു.
ദോഹയുടെ വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന് എംബസ്സിയുടെയും ഐ.സി.ബി.എഫിന്റെയും സേവനങ്ങള്‍ കയ്യെത്താ ദൂരത്ത് എത്തിക്കുന്നതിന് ഇത്തരം ക്യാമ്പുകള്‍ പ്രയോജനകരമാകും എന്നും, ഇടക്ക് നിര്‍ത്തിവെച്ചിരുന്ന ക്യാമ്പ് ദോഹയുടെ മറ്റ് വിദൂരസ്ഥലങ്ങളിലേക്കും വരും ദിവസങ്ങളില്‍ വ്യാപിപ്പിക്കുമെന്നും ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.
ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി, എംബസ്സി ഉദ്യോഗസ്ഥര്‍ക്കാപ്പം ഐ.സി.ബി.എഫ് സ്റ്റാഫംഗങ്ങളും, മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ട്രഷറര്‍ കുല്‍ദീപ് കൗര്‍ ബഹല്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, സമീര്‍ അഹമ്മദ്, സെറീന അഹദ്, അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, കുല്‍വീന്ദര്‍ സിംഗ്, ഹമീദ് റാസ, ശങ്കര്‍ ഗൗഡ്, ഉപദേശക സമിതി അംഗം ടി. രാമശെല്‍വം എന്നിവരെക്കൂടാതെ കമ്മ്യൂണിറ്റി വോളന്റിയര്‍മാരും സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്നത് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വലിയ സഹായമായിരുന്നു.
ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സില്‍ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിരുന്നു. ഒട്ടനവധി പേര്‍ ഇത് പ്രയോജനപ്പെടുത്തി.