അമല്‍ ഫെര്‍മിസിന്റെ സര്‍ഗസഞ്ചാരം
അമാനുല്ല വടക്കാങ്ങര
ഖത്തറിലെ അധ്യാപികയും ഹെന്ന ഡിസൈനറും സാമൂഹിക പ്രവര്‍ത്തകയുമായ അമല്‍ ഫെര്‍മിസിന്റെ സര്‍ഗസഞ്ചാരം വിസ്മയകരമാണ്. ജീവിതത്തിന്റെ ഓരോ സാഹചര്യങ്ങളേയും സര്‍ഗാത്മകമായി പ്രയോജനപ്പെടുത്തി സ്വപ്‌നസഞ്ചാരം നടത്തുന്ന ഈ എഴുത്തുകാരിയുടെ ജീവിതം ഏറെ പ്രചോദനാത്മകമാണ് . കുട്ടിക്കാലം തൊട്ടേ അക്ഷരങ്ങളേയും പുസ്തകങ്ങളേയും പ്രണയിച്ച അമലിന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്‌നങ്ങളും ഒരു പുസ്തക വീടായിരുന്നു. സ്വപ്‌നങ്ങളിലെല്ലാം ഇരിക്കുന്നിടത്തും കിടക്കുന്നിടത്തും പുസ്തകങ്ങളുള്ള വീട്. ആ മനോഹരമായ സ്വപ്‌ന സഞ്ചാരത്തിന്റെ വഴിയിലെ ശ്രദ്ധേയമായ നാഴികക്കല്ലാണ് തന്റെ കന്നി പുസ്തകമായ സങ്കട ദ്വീപ്. പുറത്തിറങ്ങി മൂന്ന് നാല് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ തലങ്ങളില്‍ സങ്കട ദ്വീപ് ചര്‍ച്ച ചെയ്യപ്പെടുകയും വിശകലന വിധേയമാക്കപ്പെടുകയും ചെയ്തു എന്നത് ഈ എഴുത്തുകാരിക്ക് ലഭിക്കുന്ന വലിയൊരംഗീകാരമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി കുറിപ്പുകളാണ് സങ്കട ദ്വീപുമായി ബന്ധപ്പെട്ട് ഇതിനകം പ്രത്യക്ഷപ്പെട്ടത്.
തൃശൂര്‍ ജില്ലയില്‍ തൊഴിയൂരില്‍ പോലീസുകാരനായിരുന്ന കെ.കെ.അബൂബക്കറിന്റേയും ഉമ്മത്തിക്കുട്ടിയുടേയും മകളായാണ് അമല്‍ ജനിച്ചത്. പിതാവ് എം.എസ്.പി. പോലീസിലെ ജോലി ഉപേക്ഷിച്ച് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായതും നാട്ടിലെ എല്ലാ പ്രശ്‌നങ്ങളുടേയും പരിഹാരത്തിനായി ഓടിനടന്നതുമെല്ലാം അമലിന്റെ കുട്ടിക്കാല ഓര്‍മകളാണ്. പതിനൊന്നാം വയസ്സില്‍ ഉപ്പ മരിച്ചെങ്കിലും അതിനിടയില്‍ ഉമ്മ കൈകാര്യം ചെയ്തിരുന്ന പല പ്രശ്‌നങ്ങളും അമലിന്റെ ഭാവനയില്‍ കഥാ തന്തുക്കളായി മാറുകയായിരുന്നു. കയ്യില്‍ കിട്ടിയതെന്തും വായിക്കാന്‍ വെമ്പല്‍കൊണ്ട അമലിന് സഹോദരന്‍ അലിമോന്‍ കോളേജ് ലൈബ്രറിയില്‍ നിന്നും പുസ്തങ്ങളെടുത്ത് കൊണ്ടുവരാന്‍ തുടങ്ങിയത് വലിയൊരാശ്വാസമായിരുന്നു. അങ്ങനെയാണ് കൗമാരത്തിന്റെ കൗതുകത്തില്‍ എം.ടിയുടേയും പത്മരാജന്റേയും മുകുന്ദന്റേയും ഒ.വി. വിജയന്റേയുമൊക്കെ സാഹിത്യ ലോകത്തിലൂടെ ഈ നാട്ടിന്‍പുറത്തുകാരി സഞ്ചരിച്ച് തുടങ്ങിയത്. ഏഴാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ അച്ചന്‍ മാഷിന്റെ പുസ്തക ശേഖരം അമലിന്റെ വായന കൂടുതല്‍ വിശാലമായ തലങ്ങളിലെത്തിച്ചു. ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് നല്‍കി അച്ചന്‍ മാഷ് പ്രോല്‍സാഹനം നല്‍കിയത് ജീവിതത്തില്‍ അധ്യാപികയാകണമെന്ന മോഹം അങ്കുരിപ്പിച്ചു. വായിച്ച പുസ്തകങ്ങളിലൂടെയും അതിലെ കഥാപാത്രങ്ങളിലൂടെയും പരന്ന് സഞ്ചരിച്ച് കാല്‍പനികതയുടെ സൗന്ദര്യമാസ്വാദിക്കുന്ന സമയത്താണ് ഏഴാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഉപ്പയുടെ മരണം ജീവിത സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ അനിശ്ചിതത്വത്തിന്റെ മറ തീര്‍ത്തത്. ഡിഗ്രി ഒന്നാം വര്‍ഷത്തിന് പഠിക്കുമ്പോള്‍ ഉമ്മയും വിട പറഞ്ഞതോടെ ജീവിതത്തില്‍ ഇരുട്ട് പകര്‍ന്ന പോലെ. ഗാര്‍ഹിക ജോലികളും കുടുംബ ജീവിതവും സര്‍ഗലോകം തന്നെ മാറ്റി മറിച്ചപ്പോള്‍ വല്ലാത്ത നോവും നൊമ്പരവുമാണ് അനുഭവപ്പെട്ടത്.
ആഗ്രഹമുള്ള പുസ്തകങ്ങളെല്ലാം വാങ്ങി വായിക്കണം, ജീവിതം സാര്‍ഥകമാകുന്ന ജോലി വേണം തുടങ്ങി സ്വപ്‌നങ്ങള്‍ വിടാതെ പിന്തുടര്‍ന്നപ്പോള്‍ തുടര്‍ന്ന് പഠിക്കാനൊരുങ്ങി. ഡിഗ്രിയും ബിഎഡും പിജിഡിസിഎയും എം.എയുമൊക്കെ ഉയര്‍ന്ന റാങ്കോടെ പഠിച്ച് പാസ്സായത് ജീവിതത്തില്‍ വിജയിക്കണമെന്ന തീവ്രമായ ആഗ്രഹം കൊണ്ടാണ്.
2010 ല്‍ പ്രിയതമനോടൊപ്പം ചേരാന്‍ ഖത്തറിലെത്തിയ ശേഷമാണ് നാട്ടില്‍ പി.എസ്.സി ജോലി ശരിയായത്. കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കി ആ വലിയ അവസരം ഒവിവാക്കിയ അമല്‍ ഹെന്ന ഡിസൈനറായും ട്യൂഷന്‍ ടീച്ചറായുമൊക്കെ വളരെ വേഗം പ്രശസ്തയായി. വിശേഷാവസരങ്ങളില്‍ വിവിധ വേദികളില്‍ ഹെന്ന ഡിസൈന്‍ ചെയ്യാനവസരം ലഭിച്ചു. ഷോപ്പിംഗ് മോളുകള്‍, ഫെയറുകള്‍ , മിയ പാര്‍ക്ക് , ബനാന ഐലന്റ് തുടങ്ങി നിരവധി വേദികളില്‍ ഹെന്ന ഡിസൈന്‍ ചെയ്ത് സ്വദേശികളിലും വിദേശികളിലും ശ്രദ്ധേയയായി.
ആയിടക്കാണ് ദോഹ അക്കാദമി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ലഭിച്ചത്. അതോടെ ഹെന്ന ഡിസൈനര്‍ എന്നത് പാര്‍ട്ട് ടൈം ജോലിയായി.
കൊറോണക്കാലത്താണ് അമലിന്റെ കൂടുതല്‍ രചനകള്‍ പ്രത്യക്ഷപ്പെട്ടത്. ഈയുഗം നടത്തിയ ചെറുകഥ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതോടെ എഴുതാന്‍ ആവേശമേറി. നേരത്തെ കോളേജില്‍ പഠിക്കുമ്പോള്‍ ഉപന്യാസ മല്‍സരത്തിന് ഒന്നാം സമ്മാനം ലഭിച്ചത് എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം സൃഷ്ടിച്ചിരിുന്നു.
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മയായ മോംസ്പ്രസ്സോയില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് നിരന്തരമായി എഴുതിയ അമല്‍ ആദ്യമൊക്കെ അനുഭവങ്ങളാണ് മുഖ്യമായും എഴുതിയിരുന്നത്. എന്നാല്‍ അനുഭവങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയപ്പോള്‍ കഥകളിലേക്ക് മാറി. വ്‌ളോഗുകളിലും സജീവമായി തന്റെ സര്‍ഗചാതുരിയും ക്രിയാത്മകതയും വളര്‍ത്താന്‍ അമലിന് സാധിച്ചു.
2023 ജൂലൈ മാസത്തിലാണ് തന്റെ കന്നി പുസ്തകമായ സങ്കട ദ്വീപ് പ്രസിദ്ധീകരിച്ചത്. കൈരളി ബുക്‌സാണ് പ്രസാധകര്‍.സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മയായ മോംസ്പ്രസ്സോയില്‍ പ്രസിദ്ധീകരിച്ചതില്‍ നിന്നും തെരഞ്ഞടുത്ത 17 കഥകളാണ് പുസ്തകത്തിലുള്ളത്.
സന്തോഷങ്ങളുടേയും സങ്കടങ്ങളുടെയും സമ്മിശ്രമാണ് ഓരോ ജീവിതവും. നമ്മെ നോക്കി പുഞ്ചിരിക്കുമ്പോഴും പലരും ഉള്ളില്‍ ഒട്ടേറെ സങ്കടങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നുണ്ടാവാം. തിരക്ക് പിടിച്ച ജീവിത യാത്രയിലാകുമ്പോഴും നോവും നൊമ്പരങ്ങളും മനുഷ്യന്റെ സഹയാത്രികരാവും. ജീവിതം നിറയുന്ന തിരക്കേറിയ വീഥികളിലൂടെ അനുദിനം ചരിക്കുമ്പോഴും ഓരോ മനുഷ്യന്റെയുള്ളിലും നീറിപ്പിടിയ്ക്കുന്ന ചില ദുഃഖങ്ങളുണ്ട്. രഹസ്യവും പരസ്യവുമായ ഇത്തരം തുരുത്തുകളില്‍ അകപ്പെട്ട ചില പച്ചയായ മനുഷ്യരുടെ മനസ്സുകളിലേക്ക് തുറന്നു വയ്ക്കുന്ന ഒരു കിളിവാതിലാണ് അമല്‍ ഫെര്‍മിസിന്റെ സങ്കടദ്വീപ് എന്ന കഥാസമാഹാരം എന്ന് ഈ കഥാസമാഹാരത്തെ ലളിതമായി സംഗ്രഹിക്കാം. ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാള്‍ക്കു മാത്രമേ വൈവിധ്യമാര്‍ന്ന ഇത്തരമൊരു കഥാപ്രപഞ്ചം ഒരുക്കാനാകൂ.
കുട്ടിക്കാലം മുതലേ പരിചയിച്ച സാമൂഹിക പരിസരവും പ്രശ്‌നങ്ങളും രൂപപ്പെടുത്തിയ ഭാവനയുടെ പിമ്പലത്തില്‍ കണ്ടും കേട്ടുമറിഞ്ഞ ജീവിതങ്ങളെ മനോഹരമായി വാക്കുകളാല്‍ വരച്ച് വെക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു നോവ് അവശേഷിപ്പിക്കുന്നതുകൊണ്ടാവണം പുസ്‌കത്തിന് സങ്കട ദ്വീപ് എന്ന നാമകരണം ചെയ്തത്. സഹജീവികളിലേക്ക് തുറക്കുന്ന മനക്കണ്ണുകള്‍ ഒപ്പിയെടുക്കുന്ന കാഴ്ചകളാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. പച്ചയായ മനുഷ്യരുടെ നോവും വേവും തൊട്ടറിയുന്ന ജീവിത ഗന്ധിയായ കഥകള്‍ എന്ന നിലക്ക് സങ്കദ്വീപിലെ ഓരോ കഥയും വായനക്കാരന്റെ കണ്ണ് നനയിക്കും.
മിക്കപ്പോഴും ദുഃഖങ്ങള്‍ ജീവിതത്തിലേക്ക് വലിഞ്ഞ് കേറി വരുന്നവയാണ്. എന്നാല്‍ സന്തോഷങ്ങളെ സോദ്ദേശ്യപൂര്‍വം ജീവിതത്തിലേക്ക് കൊണ്ട് വരണം. ജീവിതമാകുന്ന സങ്കട ദ്വീപില്‍ സന്തോഷത്തിന്റെ മലര്‍വാടി തീര്‍ക്കാന്‍ സമൂഹത്തില്‍ കൂട്ടായ ശ്രമങ്ങളുണ്ടാവണമെന്നും വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാം.
വിത്തുകള്‍ മുളപൊട്ടുന്നിടം, ലോക്കോ പൈലറ്റ് , വിഷാദ തുരങ്കം, വ്യാക്കൂണ്‍, ഇരുമെയ്യാണെങ്കിലും മനമൊന്നായ്, അപൂര്‍ണ വിരാമങ്ങള്‍, മാനിക്വീന്‍, മൈസൂര്‍ കല്യാണം, ഗദ്ദാമ, കൊറോണത്തുരുത്തിലെ യാത്രികര്‍,കടപുഴകിയ വൃദ്ധവൃക്ഷങ്ങള്‍, തീ വണ്ടി, കേള്‍ക്കാനിമ്പമുള്ള നുണകള്‍, പ്രതിബിംബം, പിഎസ്എം, പൊലാട്ച്ചി പൊട്ടി, സങ്കട ദ്വീപ് എന്നിവയാണ് കഥാസമാഹാരത്തിലെ കഥകള്‍.
തീവണ്ടി ഡ്രൈവറുടെ വ്യാകുലതകള്‍ പങ്കിടുന്ന ലോക്കോപൈലറ്റ്, ക്ലിനിക്കിലെത്തുന്ന ഗര്‍ഭിണികളുടെ സ്‌കാന്‍ റിപ്പോര്‍ട്ടിലൂടെ അവരുടെ ജീവിതം വായിക്കുന്ന വിത്തുകള്‍ മുള പൊട്ടുന്നിടം, തുണിക്കടകളിലെ സെയില്‍സ്‌ഗേള്‍മാരുടെ അപമാനം നിറയുന്ന ജീവിതാനുഭവങ്ങള്‍ തുറന്നുകാണിക്കുന്ന മാനിക്വീന്‍,ദുരിത ജീവിതങ്ങള്‍ക്കിടയിലും സ്‌നേഹത്തിന്റെയും കരുതലിന്റെയും പച്ചപ്പുകള്‍ മുളച്ചുവരുന്ന വ്യാക്കൂണ്‍, ഇരുട്ട് നിറഞ്ഞ തുരങ്കത്തിലൂടെ ചലിക്കുമ്പോഴും അങ്ങകലെ വെളിച്ചമുണ്ടെന്നു പ്രത്യാശിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന വിഷാദതുരങ്കം ഇവയെല്ലാം അമല്‍ ഫെര്‍മിസ് എന്ന അനുഗ്രഗീത കഥാകാരിയുടെ തൂലിക മനസ്സില്‍ വരച്ചിടുന്ന മായാത്ത വായനാനുഭവങ്ങളാണ്. ചൂഷണം ചെയ്ത പുരുഷന്‍ കുടുംബത്തിലും സമൂഹത്തിലും ഒരു പോറല്‍ പോലുമേല്‍ക്കാതെ മാന്യതയുടെ മുഖംമൂടിയണിഞ്ഞു നടക്കുമ്പോള്‍ അറിയാതെ ഇരയായിപ്പോയവള്‍ ജീവിതം മുഴുവന്‍ പിഴ ചുമക്കേണ്ടി വരുന്ന കയ്ക്കുന്ന യാഥാര്‍ഥ്യം പറയുന്ന പൊലയാട്ച്ചി പൊട്ടി സമത്വം പറയുന്ന സമകാലിക ലോകത്തും എന്തുമാത്രം പ്രസക്തമാണ്.
പതിനേഴ് കഥകളും പ്രമേയങ്ങളുടെ വൈവിധ്യങ്ങള്‍ കൊണ്ടും അവതരണ മികവിലും വ്യതിരിക്തമാക്കുന്നു. ദേശാന്തരങ്ങളിലും മനുഷ്യനും അവന്റെ കഥയ്ക്കും ദുഃഖങ്ങള്‍ക്കും മാറ്റമില്ലെന്ന യാഥാര്‍ഥ്യം അടയാളപ്പെടുത്തുകയാണ് സങ്കട ദ്വീപ് .
മണല്‍വേവുകളുടെ തീരം എന്ന ശീര്‍ഷകത്തില്‍ ഖത്തറിലെ പ്രശസ്ത എഴുത്തുകാരി ഷീല ടോമി എഴുതിയ അവതാരികയും സങ്കടദ്വീപിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഷീല എഴുതുന്നു. ഇത് സങ്കടങ്ങളുടെ ദ്വീപാണ്. നിങ്ങള്‍ക്ക് അപരിചിതമായ മണല്‍വേവുകളുടെ തീരം. ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലെ മനുഷ്യരുടെ നൂറായിരം നോവുകള്‍ പേറി കുതിക്കുന്നൊരു തീവണ്ടി. കണ്‍ മുന്നില്‍ ചിതറി വീഴുന്ന ജീവനുകള്‍ നേര്‍ക്കുനേര്‍ കാണേണ്ടിവരുന്ന ലോക്കോ പൈലറ്റിന്റെ ഭൂമിയോളം കനമുള്ള മനസ്സ് ഒന്നു ഓര്‍ത്തു നോക്കൂ. വിത്തുകള്‍ മുളപൊട്ടുന്ന ഇടങ്ങളിലെ കുഞ്ഞുകരച്ചിലുകള്‍ കേട്ടുനോക്കൂ, മരണത്തിലേക്ക് നടന്നടുക്കുന്നവന്റെ ഭീകരമായ ഏകാന്തതയെക്കുറിച്ച് , അപൂര്‍ണ വിരാമങ്ങളെക്കുറിച്ച് ചിന്തിച്ച് നോക്കൂ. നിങ്ങളുടെ വിചാരങ്ങളില്‍ നനവ് പടരുന്നുവെങ്കില്‍ ഈ പുസ്തകം വായിക്കാം
ഖത്തറില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന അമലിന്റെ ഭര്‍ത്താവ് സയ്യിദ് ഫെര്‍മിസാണ്. ഫിര്‍ദൗസ്, അഫീദ, അസീം എന്നിവര്‍ മക്കളാണ് .