എട്ടാം ഖത്തര്‍ മലയാളി സമ്മേളനം; മെഡിക്കല്‍ വിംഗ് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
ദോഹ: നവംബറില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ മുന്നോടിയായി മെഡിക്കല്‍ വിംഗിന്റെ നേതൃത്വത്തില്‍ ‘ബോധനീയ -23’ എന്ന ശീര്‍ഷകത്തില്‍ വിവിധ വിഷയങ്ങളില്‍ ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. ഐ ഐ സി സി കാഞ്ചാനി ഹാളില്‍ നടന്ന സെമിനാര്‍ ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളില്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ ഇത്തരം സെമിനാറുകള്‍ ഫലപ്രദമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എംബസി അസിസ്റ്റന്റ് കൗണ്‍സിലര്‍ ഓഫീസര്‍ എം സി രാജഗോപാലന്‍, ഖത്തര്‍ മലയാളി സമ്മേളനം വൈസ് ചെയര്‍മാന്‍ സുലൈമാന്‍ മദനി, എംജിഎം ജനറല്‍ സെക്രട്ടറി ജാസ്മിന്‍ നസീര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന ആരോഗ്യ സെമിനാറില്‍ ‘കരുതലോടെ കൗമാരം ‘എന്ന വിഷയത്തെ അടിസ്ഥനമാക്കി സൈക്ക്യാട്രിസ്റ്റ് ഡോ.ടിഷ ജേക്കബ് രക്ഷിതാക്കളുമായി സംവദിച്ചു. സ്തനാര്‍ബുദത്തെക്കുറിച്ചും സ്തനാര്‍ബുദം നേരത്തെ തിരിച്ചറിയാനുള്ള പരിശോധന സംവിധാനങ്ങളെ കുറിച്ചും ഹമദ് ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ നേഴ്‌സ് സ്‌പെഷ്യലിസ്റ്റുകളായ റൂബി രാജ്,നീതു ജോസഫ് എന്നിവര്‍ വിശദമായി സംസാരിച്ചു. തുടര്‍ന്ന് ഗൈനെക്കോളജിസ്റ്റ് ഡോ.ദേവി കൃഷ്ണയുടെ നേതൃത്വത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടന്നു. പുരുഷന്മാര്‍ക്ക് വേണ്ടി പ്രത്യേകം സംഘടിപ്പിച്ച ഫിറ്റ്‌നസ് സെഷനില്‍ ‘ആരോഗ്യം കരുത്തോടെ, കരുതലോടെ’ എന്ന വിഷയത്തില്‍ സീനിയര്‍ ഫിസിയോതെറാപ്പിസ്‌റ് മുഹമ്മദ് അസ്ലം സദസ്സുമായി സംവദിച്ചു.