ഗാസയിലെ ഷെയ്ഖ് ഹമദ് ആശുപത്രിക്ക് താഴെ തുരങ്കങ്ങളുണ്ടെന്ന ഇസ്രായേല്‍ ആരോപണത്തെ ഖത്തര്‍ രൂക്ഷമായി വിമര്‍ശിച്ചു
ദോഹ: ഗാസയിലെ ഷെയ്ഖ് ഹമദ് ആശുപത്രിക്ക് താഴെ തുരങ്കങ്ങളുണ്ടെന്ന ഇസ്രായേല്‍ ആരോപണത്തെ ഖത്തര്‍ രൂക്ഷമായി വിമര്‍ശിച്ചു. യാതൊരു തെളിവുകളുമില്ലാതെ ഗസ്സയിലെ ഷെയ്ഖ് ഹമദ് ഹോസ്പിറ്റലിനു താഴെ തുരങ്കങ്ങള്‍ ഉണ്ടെന്ന ഇസ്രായേല്‍ അധിനിവേശ സേനാ വക്താവിന്റെ ആരോപണത്തെ ഖത്തര്‍ ഭരണകൂടം ശക്തമായി അപലപിക്കുന്നതായി ഗാസ പുനര്‍നിര്‍മ്മാണത്തിനായുള്ള ഖത്തര്‍ കമ്മിറ്റി ചെയര്‍മാന്‍ അംബാസഡര്‍ മുഹമ്മദ് എല്‍ ഇമാദി വ്യക്തമാക്കി. ആശുപത്രികള്‍, സ്‌കൂളുകള്‍, ജനക്കൂട്ടം, കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അഭയകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ സൗകര്യങ്ങള്‍ അധിനിവേശം ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാനുള്ള നഗ്‌നമായ ശ്രമമായി മാത്രമേ ഇതിനെ കണക്കാക്കാനാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള ഖത്തരി കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി, ഇസ്രായേല്‍ അനുമതിയോടെ, ഗാസയിലെ ഷെയ്ഖ് ഹമദ് ഹോസ്പിറ്റല്‍ ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുതാര്യമായാണ് സ്ഥാപിച്ചതെന്ന് അദ്ദേഹം ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ഗാസയിലെ ആയിരക്കണക്കിനാളുകളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.