ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് ഫിന്‍ഖ്യു റോഡ് സുരക്ഷാ പരിപാടി സംഘടിപ്പിച്ചു
ദോഹ : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍ (ഫിന്‍ഖ്യു) ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവല്‍ക്കരണ വകുപ്പുമായി ചേര്‍ന്ന്, മദീനത്ത് ഖലീഫയിലെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്ത് സംയുക്തമായി ‘റോഡ് ട്രാഫിക്ക് ഇരകളുടെ ലോക സ്മരണദിന’ ത്തോടനുബന്ധിച്ച് ഡ്രൈവര്‍മാര്‍ക്കിടയില്‍ റോഡ് ട്രാഫിക് അവബോധം വളര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തലാബത്ത്, റഫീഖ് ഫുഡ് ഡെലിവറി റൈഡര്‍മാര്‍, ബിര്‍ള, ഒലിവ്, സ്‌കോളേഴ്സ് സ്‌കൂളുകളില്‍ നിന്നുള്ള സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ എന്നിവരടക്കം 280 പേര്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവല്‍ക്കരണ ഓഫീസര്‍ ഫസ്റ്റ് ലെഫ്റ്റനന്റ് മിഷാല്‍ അല്‍ ഗുദൈദ് അല്‍-മറി , ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കോര്‍പ്പറേറ്റ് ഡിപ്പാര്‍ട്ട്മെന്റ് എമര്‍ജന്‍സി മെഡിസിന്‍ ചെയര്‍മാന്‍ ഡോ. അഫ്താബ് മുഹമ്മദ് ഉമര്‍ , ഫിന്‍ഖ്യു പ്രസിഡന്റ് ബിജോയ് ചാക്കോ, ജോയിന്റ് സെക്രട്ടറി ഷൈജു എന്നിവര്‍ സംസാരിച്ചു. മറ്റ് റോഡ് ഉപയോക്താക്കളുടെ അവകാശങ്ങള്‍, സിഗ്‌നലുകളെ സമീപിക്കുമ്പോള്‍ വേഗത കുറയ്ക്കല്‍, ഡ്രൈവ് ചെയ്യുമ്പോള്‍ രണ്ട് കൈകളും കൊണ്ട് സ്റ്റിയറിംഗ് പിടിക്കുന്നതിന്റെ പ്രാധാന്യം, മൂടല്‍മഞ്ഞിലും മോശം കാലാവസ്ഥയിലും മഴയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അശ്രദ്ധമായ ഡ്രൈവിംഗ്, എതിര്‍ദിശയില്‍ വാഹനമോടിച്ചതിനും വലതുവശത്ത് നിന്ന് ഓവര്‍ടേക്ക് ചെയ്തതിനുമുള്ള ശിക്ഷ, ചുവപ്പ് സിഗ്‌നലുകള്‍ മുറിച്ചുകടക്കുന്നതിനുള്ള പിഴ തുടങ്ങി ഡ്രൈവര്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് ബോധവല്‍ക്കരണ പരിപാടിയില്‍ ചര്‍ച്ച ചെയ്തത്. മികച്ച ട്രാഫിക് റെക്കോര്‍ഡുകളുള്ള ആറ് ഡ്രൈവര്‍മാരെ ആദരിക്കലായിരുന്നു ചടങ്ങിന്റെ ഒരു പ്രധാന ഭാഗം.