IM SpecialUncategorized

ജ്യേഷ്ഠന് കൊച്ചനുജത്തിയുടെ സവിശേഷമായ വിവാഹ സമ്മാനം


ഡോ.അമാനുല്ല വടക്കാങ്ങര

ജ്യേഷ്ഠന് കൊച്ചനുജത്തിയുടെ സവിശേഷമായ വിവാഹ സമ്മാനം. നവംബര്‍ 25 ശനിയാഴ്ച രാമനാട്ടുകര കെ ഹില്‍സ് റിസോര്‍ട്ടില്‍ മാനന്തവാടി താഴെ കണിയാരത്ത് മസ്‌കാന്‍ ഹൗസില്‍ താമസിക്കുന്ന അബ്ദുല്‍ നാസറിന്റേയും ശമീമയുടേയും മകന്‍ മുഹമ്മദ് ഫറാഷും വടക്കാങ്ങര സ്വദേശി ഹംദയും തമ്മിലുള്ള വിവാഹം നടന്നപ്പോഴാണ് ഫറാഷിന്റെ ഇളയ സഹോദരി ആമിന സുമന്‍ നവദമ്പതികളുടെ ജലച്ഛായത്തില്‍ തീര്‍ത്ത മനോഹരമായ പോര്‍ട്രെയിറ്റ് സര്‍പ്രൈസ് സമ്മാനമായി നല്‍കി എല്ലാവരേയും വിസ്മയിപ്പിച്ചത്.

വരന്റേയും വധുവിന്റേയും ഫോട്ടോ ശേഖരിച്ച് പൂര്‍ണതയുടെ എല്ലാ തലങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിച്ചാണ് അധികമാരും കൈവെക്കാന്‍ ധൈര്യപ്പെടാത്ത ജലച്ഛായത്തില്‍ പോര്‍ട്രെയിറ്റ് തയ്യാറാക്കാന്‍ ആമിന മുന്നോട്ടുവന്നത്. തന്റെ കലാവിരുതും കരവിരുതും ഭാവനയുമായി സമന്വയിപ്പിച്ച് തയ്യാറാക്കിയ മനോഹരമായശില്പം സര്‍പ്രൈസായാണ് വേദിയില്‍വെച്ച് മാതാപിതാക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ സമ്മാനിച്ച് കൊച്ചനുജത്തി ശ്രദ്ധേയയായത്.
കല്യാണ ദിവസം ദമ്പതികള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനമായിരുന്നു വരന്റെ കൊച്ചനുജത്തി ജലച്ഛായത്തില്‍ തീര്‍ത്ത ഈ പെയിന്റിംഗ് .

മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പന്ത്രണ്ടാം ക്‌ളാസ് വിദ്യാര്‍ഥിനായായ ആമിന സുമന്‍ ചെറുപ്പം മുതലേ ചിത്രകലയില്‍ തല്‍പരയായിരുന്നു. കുട്ടിയുടെ പ്രത്യേക താല്‍പര്യവും ആവേശവും കണക്കിലെടുത്ത് സ്‌കൂള്‍ പഠനത്തോടൊപ്പം തന്നെ അവധി ദിനങ്ങളില്‍ പ്രത്യേകമായ ആര്‍ട്ട് ക്‌ളാസുകളിലും ചേര്‍ത്താണ് രക്ഷിതാക്കള്‍ ഈ കലാകാരിയെ പ്രോല്‍സാഹിപ്പിച്ചത്. ആമിനയുടെ കലാപരമായ കഴിവുകള്‍ മിനുക്കിയെടുക്കുന്നതില്‍ വരദ ആര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ടിനും കാര്യമായ പങ്കുണ്ട്.

അധികം താമസിയാതെ തന്നെ വരകളില്‍ വിസ്മയം തീര്‍ക്കുന്ന കലാകാരിയായ ആമിന സുമന്‍ പലപ്പോഴും സ്‌കൂള്‍ തലത്തിലും സബ് ജില്ലാ തലത്തിലുമൊക്കെ ചിത്ര രചന, പെയിന്റിംഗ് മല്‍സരങ്ങളുടെ ഭാഗമായി. മനസ്സിനെ സ്വാധീനിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളുമൊക്കെ കാന്‍വാസിലേക്ക് പകര്‍ത്തുന്ന ഈ കൊച്ചുകലാകാരി തന്റെ പെയിന്റിംഗുകളെ ചെറിയ പുസ്തകത്തില്‍ സമാഹരിക്കാറുണ്ട്. പെന്‍സില്‍ ഡ്രോയിംഗിലും ജലച്ഛായത്തിലും അക്രലിക്കിലുമൊക്കെ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന ഈ പന്ത്രണ്ടാം ക്‌ളാസുകാരി ജീവിതത്തിലെ വിരസ മുഹൂര്‍ത്തങ്ങളെ സാര്‍ഥകമാക്കുന്നത് കലാസപര്യയയിലൂടെയാണ്. ബ്രഷും പെയിന്റുമെടുത്തിരുന്നാല്‍ പരിസരം പോലും മറന്ന് ഭാവനയുടേയും സൗന്ദര്യ സങ്കല്‍പങ്ങളുടേയും മേഖലകളില്‍ എത്ര നേരം വേണമെങ്കിലും ചിലവഴിക്കുവാനാകുമെന്നതിനാല്‍ ജീവിതം എന്നും സക്രിയവും സന്തോഷകരവുമാക്കുന്നത് തന്റെ വരകളാണെന്നാണ് ആമിന കരുതുന്നത്.

മാനന്തവാടി താഴെ കണിയാരത്ത് മസ്‌കാന്‍ ഹൗസില്‍ താമസിക്കുന്ന അബ്ദുല്‍ നാസറിന്റേയും ശമീമയുടേയും നാലുമക്കളില്‍ ഏറ്റവും ഇളയവളായ ആമിന പ്രൈമറി തലം തൊട്ടേ വരകളോട് പ്രത്യേകം ആഭിമുഖ്യം കാണിച്ചിരുന്നു. ചുറ്റും കാണുന്ന കാഴ്ചകളും മനസിനെ സ്വാധീനിക്കുന്ന ദൃശ്യങ്ങളുമൊക്കെ കടലാസുകളില്‍ ആവിഷ്‌ക്കരിച്ചായിരുന്നു കല പ്രവര്‍ത്തനങ്ങളുടെ തുടക്കം. വിവിധ മീഡിയങ്ങള്‍ അനായാസം ഉപയോഗിച്ച് ആമിന വരച്ച ചിത്രങ്ങളും തയ്യാറാക്കിയ പെയിന്റിംഗുകളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയത് ആമിനയുടെ കലാജീവിതം കൂടുതല്‍ ഊഷ്മളമാക്കി. പ്രകൃതിയുടെ പ്രതിഭാസങ്ങളും ജീവിതാനുഭവങ്ങളും ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുമൊക്കെ മികച്ച കലാസൃഷ്ടികള്‍ക്ക് പരിസരമൊരുക്കാമെന്നാണ് ഈ കൊച്ചുകലാകാരിയുടെ സൃഷ്ടികള്‍ അടയാളപ്പെടുത്തുന്നത്.

പെന്‍സില്‍ ഡ്രോയിംഗ്, ജലച്ഛായം, ഓയില്‍, അക്രലിക് തുടങ്ങിയ എല്ലാ മാധ്യമങ്ങളും വഴങ്ങുന്ന ആമിന ലാന്റ് സ്‌കേപിംഗ് തരത്തിലുള്ള വര്‍ക്കുകളിലാണ് കൂടുതലും ശ്രദ്ധിക്കുന്നത്. പ്രകൃതിയുടെ മനോഹാരിതയും പച്ചപ്പിന്റെ സൗന്ദര്യവും പൂക്കളുടെ സൗരഭ്യവുമൊക്കെ അനുഭവവേദ്യമാകുന്ന വരകളും പെയിന്റിംഗുകളും ഏവരേയും ആകര്‍ഷിക്കുന്നവയാണ്. പ്രകൃതിയുടെ താളലയങ്ങളും സന്തുലിതത്വവുമാണ് ഏറ്റവും മനോഹരമായ സൃഷ്ടികളുടെ പശ്ചാത്തലമൊരുക്കുന്നത്.

സമകാലിക സംഭവവികാസങ്ങളുടെ വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങള്‍ ഏറെ ഭാവതലങ്ങളുള്ളവയാണ്. ആദര്‍ശപ്പോരാളികളുടെ ധൈര്യവും സമരവീര്യവും ധ്വനിപ്പിക്കുന്ന സന്ദേശ പ്രധാനമായ വരകളും ആമിനയുടെ ചിത്രങ്ങളില്‍ മുഴച്ചുനില്‍ക്കുന്നവയാണ്.


വയനാടിന്റെ മനോഹരമായ പച്ചപ്പും പ്രകൃതിരമണീയതയും ഒപ്പിയെടുത്ത് മാനവരാശിയുടെ സന്തുലിതമായ നിലനില്‍പിനാവശ്യമായ ആവാസ വ്യവസ്ഥയുടെ അനിവാര്യതയും ആമിനയുടെ വരകളില്‍ വായിച്ചെടുക്കാം. ഭാവനയും സൗന്ദര്യവും സമന്വയിക്കുന്ന ആമിനയുടെ ഓരോ പെയിന്റിംഗും സന്ദേശ പ്രധാനമായ പാഠങ്ങളാണ് അടയാളപ്പെടുത്തുന്നത്.

Related Articles

Back to top button
error: Content is protected !!