Uncategorized

ഐസിസി ഫോട്ടോഗ്രാഫി ഡേ ശ്രദ്ധേയമായി

ദോഹ. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെയും, ഐസിസി ഫോട്ടോഗ്രാഫി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഐസിസി ഫോട്ടോഗ്രാഫി ഡേ ശ്രദ്ധേയമായി . ദിവസം മുഴുവന്‍ നീണ്ടു നിന്ന പരിപാടികളില്‍ ഖത്തറിലെ ഫോട്ടോഗ്രാഫിയോട് ആവേശമുള്ള നിരവധി പേരാണ് ഒത്തുചേര്‍ന്നത്.

മുംബൈ ഹാളില്‍ ഫ്യുജി ഫിലിം മെന്റര്‍ ഡാനി ഈദ് നയിച്ച ലാന്‍ഡ്സ്‌കേപ്പ് & സിറ്റി സ്‌കേപ്പ് ഫോട്ടോഗ്രാഫി വര്‍ക് ഷോപ്പ് ആയിരുന്നു ആദ്യം നടന്നത്. ഫോട്ടോഗ്രാഫി പ്രേമികളുടെ ആവേശകരമായ പ്രാതിനിധ്യമാണ് ഈ പരിപാടിയില്‍ ഉണ്ടായത്. കാനണ്‍, നിക്കോണ്‍, ഫ്യുജി കാമറകളുടെ ക്‌ളീനിംഗിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഒട്ടനവധി പേരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. ഒപ്പം തന്നെ സോണി, ഫ്യുജി, കാനണ്‍, നിക്കോണ്‍ എന്നീ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡലുകള്‍ ഉപയോഗിച്ചു നോക്കാനുള്ള സൗകര്യം ക്യാമറ പ്രേമികള്‍ക്ക് ഏറെ ഉപകാരപ്പെട്ടു. സ്റ്റുഡിയോ ലൈറ്റിംഗും മോഡലുകളും അടക്കമുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.
അശോക ഹാളില്‍ സോണിയുടെ മെന്റര്‍ ആയ അബ്ദുള്ള അല്‍ മുഷൈഫ്രി നയിച്ച ട്രാവല്‍ & പോര്‍ട്രെയ്റ്റ് ഫോട്ടോഗ്രാഫി വര്‍ക് ഷോപ്പില്‍ 150-ല്‍ അധികമാളുകളാണ് പങ്കെടുത്തത്. അതേ സമയത്ത് തന്നെ മുംബൈ ഹാളില്‍ നിക്കോണ്‍ മെന്റര്‍ പ്രിയാന്‍ഷി ബച്ചാവത്ത് നഹാത നയിച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി വര്‍ക് ഷോപ്പ് വന്യജീവി ഫോട്ടോഗ്രാഫി ആവേശമായിട്ടുള്ളവരുടെ പ്രശംസ നേടി.

ഖത്തറില്‍ നിന്നുള്ള നൂറോളം ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെയൊപ്പം വിദ്യാര്‍ത്ഥികളും അവരുടെ മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറിയും ഐസിസി കോഡിനേറ്റിംഗ് ഓഫീസറുമായ സച്ചിന്‍ ദിന്‍കര്‍ ശങ്ക്പാല്‍,ഖത്തര്‍ ഫോട്ടോഗ്രാഫി സെന്റര്‍ സ്ഥാപകനും തലവനുമായ അബ്ദുള്ള അല്‍ മെസ്ലെ എന്നിവരാണ് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐസിസി ഫോട്ടോഗ്രാഫി ക്ലബ്ബ് പ്രസിഡന്റ് വിഷ്ണു ഗോപാല്‍, ഐസിസി മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യമുണ്ടായിരുന്നു. ഖത്തര്‍ പ്‌ളാനിംഗ് കമ്മീഷനിലെ പ്‌ളാനിംഗ് & പ്രോജക്ട് കോഡിനേറ്റര്‍ മുഹമ്മദ് അബ്ദുള്‍ സത്താറിന്റെ വിശിഷ്ട സാന്നിധ്യവും ചടങ്ങില്‍ ഉണ്ടായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി എക്‌സ്‌പ്ലോറിങ് ഖത്തര്‍, ബാക് ടു നേച്ചര്‍ എന്നീ വിഷയങ്ങളിലായി നടത്തിയ മത്സരത്തില്‍ ആയിരക്കണക്കിന് ചിത്രങ്ങളാണ് മാറ്റുരക്കാനായി സംഘാടകര്‍ക്ക് ലഭിച്ചിരുന്നത്. ഓരോ വിഭാഗങ്ങളിലും മൂന്നു പുരസ്‌കാരങ്ങള്‍ വീതമാണ് സമ്മാനിച്ചത്. വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ നിന്നുള്ള ഗ്രാന്‍ഡ് ടൈറ്റില്‍ വിന്നര്‍ ആയത് ബിര്‍ള പബ്ലിക് സ്‌കൂള്‍ 10ആം ക്ലാസ് വിദ്യാര്‍ത്ഥിനി ഷേലാ സുനീര്‍ ആയിരുന്നു. ഫോട്ടോഗ്രാഫി പ്രേമികളെല്ലാം കാത്തിരുന്ന, ഖത്തറില്‍ ഫോട്ടോഗ്രാഫിക്ക് കൊടുക്കുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ ഐസിസി ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ 2023 എന്ന ഗ്രാന്‍ഡ് ടൈറ്റിലും ഒപ്പം സമ്മാനത്തുകയായ 5000 റിയാലും നേടിയത് പ്രശസ്ത ഫോട്ടോഗ്രാഫറായ ഷിറാസ് സിതാരയാണ്. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ചിത്രങ്ങളെല്ലാം ഉള്‍പ്പെടുത്തിയ എക്‌സിബിഷന്‍ കാറ്റലോഗ് വേദിയില്‍ പ്രകാശനം ചെയ്തു. പ്രശ്‌നോത്തരിയിലും റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലും വിലപിടിച്ച സമ്മാനങ്ങളാണ് വിതരണം ചെയ്തത്.

നേച്വര്‍ & വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന, ലോകത്തിലെ ഏറ്റവും അഭിമാനകരമായ NHM വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് -WPY 2023 നേടിയ, ഐസിസി ഫോട്ടോഗ്രാഫി ക്ലബ് പ്രസിഡന്റ് കൂടിയായ വിഷ്ണു ഗോപാലിന് വേദിയില്‍ വച്ച് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.

പരിപാടികളുടെ രണ്ടാം ദിവസമായ ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് രണ്ടു വര്‍ക് ഷോപ്പുകളാണ് ഉണ്ടായിരുന്നത്. മുംബൈ ഹാളില്‍ കാനണ്‍ മെന്റര്‍ ആയ ഡയാന ഹദ്ദാദ് നയിച്ച ഔട്ട് ഡോര്‍ ഫോട്ടോഗ്രാഫി വര്‍ക് ഷോപ്പില്‍ എഴുപതിലധികം ഫോട്ടോഗ്രാഫര്‍മാരുടെ സാന്നിധ്യമുണ്ടായിരുന്നു. അതേ സമയത്ത് തന്നെ അശോക ഹാളില്‍ ഫ്യുജി ഫിലിം മെന്ററായ ആരിഫ് അല്‍ അമ്മന്‍ നയിച്ച ഫുഡ് ഫോട്ടോഗ്രാഫി വര്‍ക് ഷോപ്പ് വിഷയത്തിന്റെ പ്രത്യേകത കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായി. നിറഞ്ഞ സദസ്സിലാണ് ഈ പരിപാടിയും അവതരിപ്പിക്കപ്പെട്ടത്.

ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട ഇത്രയധികം വ്യത്യസ്തമായ പരിപാടികള്‍ ഖത്തറില്‍ തന്നെ ആദ്യമായിട്ടാണ് സംഘടിപ്പിക്കപ്പെട്ടത്. അപൂര്‍വമായ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിലൂടെ ഐസിസി യും ഐസിസി ഫോട്ടോഗ്രാഫി ക്ലബ്ബും ഖത്തറിലെ ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് നിസ്തുലമായ സംഭാവനയാണ് നല്‍കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!