ഖത്തറില്‍ ഓര്‍ഗാനിക് പച്ചക്കറികള്‍ വേണോ, ജോമോന്റെ ഫാമിലേക്ക് വരൂ
അമാനുല്ല വടക്കാങ്ങര
ഖത്തറില്‍ ഓര്‍ഗാനിക് പച്ചക്കറികള്‍ വേണോ, ജോമോന്റെ ഫാമിലേക്ക് വരൂ. മരുഭൂമിയില്‍ മരുപ്പച്ച തീര്‍ത്ത് വിസ്മയം തീര്‍ക്കുന്ന ഖത്തര്‍ മലയാളി ജോമോന്‍ കിളംവേലില്‍ ചാക്കോയുടെ കൃഷി വിശേഷങ്ങള്‍ ഏവരേയും പ്രചോദിപ്പിക്കുന്നതാണ്.
മണ്ണില്‍ പണിയെടുത്താല്‍ പൊന്ന് വിളയിക്കാന്‍ കഴിയുമെന്നും മനസ്സുവെച്ചാല്‍ മരുഭൂമിയും മണല്‍കാറ്റുമൊന്നും കൃത്യനിര്‍വഹണത്തിന് തടസ്സമാവില്ലെന്നും തെളിയിക്കുകയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഖത്തറിലെ മരുഭൂമിയില്‍ വിജയകരമായി കൃഷി നടത്തുന്ന ഈ ആലപ്പുഴക്കാരന്‍.
ലേഖകന്‍ ജോമോന്റെ ഫാമില്‍
ഖത്തറില്‍ മുനിസിപ്പാലിറ്റി ജീവനക്കാരനായ ജോമോന്‍ ജോലി കഴിഞ്ഞ് തന്റെ ഫാമില്‍ മണിക്കൂറുകളോളം പണിയെടുത്താണ് കൃഷി ചെയ്യുന്നത്. ദോഹയില്‍ നിന്നും നാല്‍പത് കിലോമീറ്ററുകളോളം അകലെയുള്ള ബിര്‍ക്കത്തുല്‍ അവാമീര്‍ എന്ന മരുപ്രദേശത്ത് മത്തങ്ങ, പീച്ചക്ക, പപ്പായ, പാവക്ക, പയര്‍, കോവക്ക, ചുരക്ക, കാബേജ്, ബീറ്റ് റൂട്ട്, പടവലങ്ങ, തണ്ണി മത്തന്‍, കാന്താരിമുളക്, പാലക്ക്, ചോളം, നിത്യ വഴുതന, ചീര, കറിവേപ്പില , മല്ലിയില, പൊതീന, തുടങ്ങി വിവിധതരം പച്ചക്കറികള്‍ സമൃദ്ധമായി നട്ടുവളര്‍ത്തി ഒരു കൊച്ചുകേരളം തന്നെയാണ് ജോമോന്‍ ഒരുക്കിയിരിക്കുന്നത്. തന്റെ കൃഷിയിടത്തില്‍ വവിധ്യമാര്‍ന്ന കൃഷിയിറക്കി മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടയാളപ്പെടുത്തുന്ന ഈ ആലപ്പുഴക്കാരന്‍ സുപ്രധാനമായ സന്ദേശമാണ് പ്രവാസി സമൂഹത്തിന് നല്‍കുന്നത്.
കൃഷി ജീവിതത്തിന് വല്ലാത്ത സംതൃപ്തി നല്‍കുന്ന ഒരു തൊഴിലെന്ന നിലയിലും കൂടിയാണ് വര്‍ഷങ്ങളായി മരുഭൂമിയിയില്‍ നൂറ് മേനി വിളയിച്ച് കൃഷിയുടെ വേറിട്ട മാതൃകകള്‍ പരീക്ഷിക്കുന്നത്. തികച്ചും ഓര്‍ഗാനിക്കായാണ് കൃഷി ചെയ്യുന്നത്. കാര്യമായും ആട്ടിന്‍ കാഷ്ടവും ചാണകവുമാണ് വളമായി ഉപയോഗിക്കുന്നത്.
ബിര്‍ക്കത്തുല്‍ അവാമിറില്‍ ജോമോന്‍ നട്ടുവളര്‍ത്തുന്ന കൃഷിയിടത്തിലെത്തുമ്പോള്‍ മരുഭൂമിയിലാണ് നാമെന്നത് മറന്നുപോയേക്കും. കേരളത്തിലെ ഏതോ ഗ്രാമത്തിലെത്തിയ പ്രതീതിയാണ് ഓരോരുത്തര്‍ക്കും ഉണ്ടാവുക. അത്രക്കും സമൃദ്ധമായ പച്ചപ്പിനാല്‍ അലങ്കരിച്ച കൃഷിയിടത്തില്‍ വിളയുന്ന വിഭവങ്ങള്‍ അനവധിയാണ്.
അക്ഷരാര്‍ഥത്തില്‍ ജൈവ കൃഷിയുടെ ഉപാസകനായ ജോമോന്‍ പ്രകൃതി പരമായ വളങ്ങള്‍ നല്‍കിയാണ് തന്റെ കൃഷിയെ പുഷ്ടിപ്പെടുത്തുന്നത്. ആലപ്പുഴയിലെ കാര്‍ഷിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ജോമോനിന്റെ രക്തത്തിലുള്ളതാണ് കൃഷി കമ്പം. കഴിഞ്ഞ പത്ത് വര്‍ഷത്തോളം ഖത്തറിലുള്ള അദ്ദേഹം കഴിഞ്ഞ 4 വര്‍ഷമായി കാര്‍ഷിക രംഗത്ത് സജീവമാണ് . ചെറുപ്പം മുതലേ ജോമോന് കൃഷിയോട് താല്‍പര്യമുള്ള പ്രകൃതമായിരുന്നു. യൗവ്വനാരംഭത്തിലേ ഖത്തറിലെത്തിയ അദ്ദേഹം കണ്ട് വളര്‍ന്ന കൃഷി സംസ്‌കാരം മരുഭൂമിയിലും പരീക്ഷിച്ച് വിജയം വരിച്ചത് പ്രവാസി സമൂഹത്തിന് മാതൃകയാണ് . മനസ് വെച്ചാല്‍ അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാം സ്വന്തമായ കൃഷി ചെയ്യാമെന്നതോടൊപ്പം വാണിജ്യാടിസ്ഥാനത്തിലും മരുഭൂമിയില്‍ കൃഷി സാധ്യമാണെന്ന മഹത്തായ പാഠമാണ് അദ്ദേഹം നല്‍കുന്നത്.
മരുഭൂമിയില്‍ കൃഷി ചെയ്യുക അല്‍പം ശ്രമകരമായ ജോലിയാണ്. മണ്ണൊരുക്കിയും വളം ചേര്‍ത്തും നനച്ചും കൃഷിയെ പരിചരിക്കണമെങ്കില്‍ നല്ല ക്ഷമയും കൃഷിയോട് താല്‍പര്യവും വേണം. ഓരോ സീസണിലും എന്തൊക്കെ കൃഷി ചെയ്യണമെന്നതിനെക്കുറിച്ചും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്നതിനെക്കുറിച്ചും നല്ല ധാരണ വേണം. നിരന്തരമായ പരിശ്രമം കൊണ്ട് പലതും പഠിച്ചെടുത്താണ് ജൈവ കൃഷിയുടെ ഉപാസകനായി ഈ പ്രവാസി മലയാളി ശ്രദ്ധേയനാകുന്നത്.
മണ്ണ് ചതിക്കില്ലെന്നത് പരമാര്‍ഥമാണെന്നാണ് തന്റെ ജീവിതാനുഭവമെന്ന് ജോമോന്‍സാക്ഷ്യപ്പെടുത്തുന്നു. എന്ത് നട്ടാലും നല്ല വിളവ് ലഭിക്കുന്നത് കൂടുതല്‍ കൃഷിയിറക്കാന്‍ പ്രോല്‍സാഹനമാണ്.മിക്കവാറും വിത്തുകളൊക്കെ ഇവിടെ നിന്ന് തന്നെയാണ് വാങ്ങുന്നത്. ഈ വര്‍ഷം പെയ്ത കനത്ത മഴ തന്റെ കൃഷിക്ക് കുറേ നാശങ്ങളുണ്ടാക്കി.
വിളഞ്ഞുനില്‍ക്കുന്ന പച്ചക്കറികളും ഇല വര്‍ഗങ്ങളുമൊക്കെ കാണുന്നത് തന്നെ വല്ലാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഊഷരമെന്ന് നാം വിചാരിക്കുന്ന മരുഭൂമിയിലെ കാര്‍ഷിക വിപ്‌ളവം പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം വിഷരഹിതമായ പച്ചക്കറികള്‍ ഭക്ഷിക്കാനും അവസരമൊരുക്കുന്നു. ശുദ്ധമായ പച്ചക്കറികള്‍ തേടി പല മലയാളി കുടുംബങ്ങളും തങ്ങളെ സമീപിക്കാറുണ്ടെന്ന് ജോമോന്‍ പറഞ്ഞു
പ്രവാസിമലയാളികളായ സന്ദര്‍ശകര്‍ക്കും മറ്റും തിരക്കുപിടിച്ച ജീവിതത്തില്‍ അല്‍പനേരം കണ്‍കുളിര്‍മയേകുന്നതിനൊപ്പം മിതമായ വിലയില്‍ ശുദ്ധമായ പച്ചക്കറികള്‍ വാങ്ങുവാനും ഇവിടെ സൗകര്യമുണ്ട്. ആവശ്യകാര്‍ക്ക് പച്ചക്കറികളുടയും പേരക്കപോലുള്ള പഴങ്ങളുടെയും തൈകളും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഭാര്യയും മകളുമടങ്ങുന്ന കൊച്ചുകുടുംബത്തിന്റെ പിന്തുണയും ആത്മാര്‍ത്ഥമായ മണ്ണിലെ പണിയും ഇദ്ദേഹത്തിന് തിരികെകൊടുക്കുന്നത് മരുഭൂമിയിലൊരു മലനാടന്‍ പച്ചപ്പിന്റെ നന്മയാണ്.
വലിയ തോതില്‍ പച്ചക്കറികള്‍ വിളവെടുക്കാറുള്ള ജോമോന്‍ ഖത്തറിലെ പല പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഓണ്‍ ലൈന്‍ സ്‌റ്റോറുകള്‍ക്ക് ജൈവ പച്ചക്കറികള്‍ നല്‍കാറുണ്ടായിരുന്നു. ഓപറേഷന്‍ കോസ്റ്റ് കൂടുതലായതിനാല്‍ ഫാമിലെത്തുന്നവര്‍ക്ക് നേരിട്ട് വില്‍പന നടത്താനാണ് ജോമോന്‍ മുന്‍ഗണന നല്‍കുന്നത്.
മരുഭൂമിയിലെ പപ്പായത്തോട്ടവും പച്ചക്കറിത്തോട്ടവുമൊക്കെ പരിസ്ഥിതി സ്‌നേഹികളേയും ജൈവ കൃഷി തല്‍പരരേയും ഇതിനകം ആകര്‍ഷിച്ചുകഴിഞ്ഞു. ബിര്‍ക്കത്തുല്‍ അവാമിറില്‍ താമസിക്കുന്നവരും അല്ലാത്തവരുമായി നിരവധി പേരാണ് നിത്യവും ശുദ്ധമായ പച്ചക്കറികള്‍ക്കായി ഇവിടെയെത്തുന്നത്. പല കടക്കാരും ഇവിടെയെത്തി പച്ചക്കറികള്‍ വാങ്ങുന്നുണ്ട്.
ഫാം സന്ദര്‍ശിക്കുന്നതിന് 50917441 എന്ന നമ്പറില്‍ ബന്ധപ്പെടാം.