IM SpecialUncategorized

ആരോഗ്യത്തില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത് പ്രധാനം


അമാനുല്ല വടക്കാങ്ങര

‘ആധുനിക ജീവിത സാഹചര്യങ്ങള്‍ പലപ്പോഴും മനുഷ്യനെ അലസരും ഉദാസീനരുമാക്കുകയും ഗുരുതരമായ ജീവിത ശൈലി രോഗങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണ വിഷയത്തില്‍ അതീവ ജാഗ്രത വേണം. പ്രവാസികള്‍ വിശേഷിച്ചും ആരോഗ്യത്തില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതിന് പ്രാധാന്യം നല്‍കണം. അല്ലാത്ത പക്ഷം രോഗങ്ങളും അസ്വസ്ഥതകളും ജീവിതത്തിന്റെ നിറം കെടുത്തും’, 4 വര്‍ഷത്തെ നിരന്തരമായ പരിശീലനത്തിനൊടുവില്‍ ഖത്തറില്‍ നടന്ന ഈസ്റ്റ് വെസ്റ്റ് അള്‍ട്രാ മാരത്തോണിന്റെ 90 കിലോമീറ്റര്‍ കാറ്റഗറിയില്‍ ഇന്ത്യക്കാരില്‍ ഒന്നാമനായി സമ്മാനം നേടിയ നൗഫല്‍ സി സി യുടെ വാക്കുകളാണിത്.

ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ സ്വന്തം ആരോഗ്യ സംരക്ഷണത്തിന് കുറച്ച് സമയം നീക്കി വെക്കണം. മനസുവെച്ചാല്‍ ഇത് സാധ്യമാണെന്ന് സ്വന്തം ജീവിതാനുഭവത്തില്‍ നിന്നും കോഴിക്കോട് ജില്ലയിലെ നന്തി സ്വദേശിയായ ഈ യുവാവ് പറയുമ്പോള്‍ നാം അത് മുഖവിലക്കെടുക്കണം.

എംബിഎ ബിരുദവുമെടുത്ത് മെച്ചപ്പെട്ട തൊഴില്‍ അന്വേഷിച്ച് 2013 ല്‍ സഹോദരങ്ങളുടെ ക്ഷണ പ്രകാരം ഖത്തറിലെത്തുമ്പോള്‍ നൗഫലിന് കായിക രംഗത്ത് കാര്യമായ പിമ്പലമോ പാരമ്പര്യമോ ഉണ്ടായിരുന്നില്ല. സ്‌കൂള്‍ കായിക മല്‍സരങ്ങളിലൊന്നും പങ്കെടുത്ത് പരിചയമില്ലാതിരുന്ന നൗഫല്‍ കേവലം 4 വര്‍ഷത്തെ പരിശീലവും പരിശ്രമവും കൊണ്ട് മാരത്തോണ്‍ ഓട്ടക്കാരനായി മാറിയത് പ്രവാസി യുവാക്കള്‍ക്ക് മാതൃകയാണ്.

നാട്ടിലെ തിരക്കുകളില്‍ നിന്നും പ്രവാസ ലോകത്തെത്തിയപ്പോഴാണ് ആശയ വിനിമയ രംഗത്ത് പ്രസംഗപരിശീലനം ഗുണം ചെയ്യുമെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഖത്തറിലെ പ്രസംഗ പരിശീലന കൂട്ടായ്മയായ പ്രഭാഷ ഖത്തറില്‍ ചേര്‍ന്നത്. അവധി ദിവസങ്ങളില്‍ പ്രസംഗ പരിശീലനവും ചര്‍ച്ചചകളുമൊക്കെ സജീവമായപ്പോള്‍ ജീവിതത്തിന് പുതിയ താളലയങ്ങള്‍ കൈ വന്നു. പ്രഭാഷ ഖത്തറിലെ കൂട്ടുകാര്‍ ചേര്‍ന്ന് വെല്‍നസ് ചാലഞ്ചേര്‍സ് എന്ന കൂട്ടായ്മ രൂപീകരിച്ചപ്പോള്‍ നൗഫലും അതിന്റെ ഭാഗമായി. കൂട്ടായ്മയിലെ എബി അബ്രഹാം പത്ത് കിലോമീറ്റര്‍ ഓടിയത് ഏറെ വിസ്മയത്തോടെയാണ് അന്ന് നോക്കിയിരുന്നത്. ആര്‍ക്കും മനസ് വെച്ചാല്‍ ഓടാന്‍ കഴിയുമെന്നും നിരന്തരമായ പരിശീലനവും സ്ഥിരോല്‍സാഹവുമാണ് വേണ്ടതെന്നും എബി പറഞ്ഞപ്പോള്‍ അത് ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ വെല്‍നസ് ചാലഞ്ചേര്‍സിനോടൊപ്പം ചേര്‍ന്ന് ആദ്യ ശ്രമത്തില്‍ തന്നെ 13 കിലോമീറ്റര്‍ ഓടിത്തീര്‍ത്തത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ക്രമേണ ഖത്തറില്‍ നടക്കുന്ന എല്ലാ മാരത്തോണുകളിലും സജീവ സാന്നിധ്യമായി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ നൗഫല്‍ കഴിഞ്ഞ ദിവസം ഈസ്റ്റ് വെസ്റ്റ് അള്‍ട്രാ മാരത്തോണിന്റെ 90 കിലോമീറ്റര്‍ കാറ്റഗറിയില്‍ ഇന്ത്യക്കാരില്‍ ഒന്നാമനായി തന്റെ വളര്‍ച്ചയുടെ തൊപ്പിയില്‍ പുതിയൊരു പൊന്‍തൂവല്‍ തുന്നിച്ചേര്‍ത്തു. ദോഹ ഷെറാട്ടണ്‍ മുതല്‍ മാള്‍ ഓഫ് ഖത്തര്‍ വരെ നിരന്തരം ഓടിപരിശീലിച്ചാണ് നൗഫല്‍ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. വെല്‍നെസ് ചാലഞ്ചേര്‍സ് ഗ്രൂപ്പിലെ ഷബീര്‍, ആദില്‍, എബി എന്നിവരോടൊപ്പം നൗഫലിന്റെ കുടുംബവും പൂര്‍ണപിന്തുണ നല്‍കിയാണ് വിജയത്തിനുള്ള പരിസരമൊരുക്കിയത്. ഫൈസല്‍ പേരാമ്പ്ര, നിസാര്‍ എന്നിവരും നൗഫലിന്റെ മാരത്തോണ്‍ യാത്രയില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന സുഹൃത്തുക്കളാണ്.

വെല്‍നെസ് ചാലഞ്ചേര്‍സ് ഗ്രൂപ്പിലെ സഹപ്രവര്‍ത്തകരുടെ പിന്തുണയും കുടുംബത്തിന്റെ അകമഴിഞ്ഞ സഹകരണവുമാണ് ഈ വിജയത്തിലെത്തിച്ചത്. വാരാന്ത്യത്തിലെ ഒഴിവ് ദിവസം ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുഴുകുമ്പോള്‍ സഹധര്‍മിണി ആദില മര്‍ജാനും മക്കളും കൂടെ നിന്നത് ഏറെ ആശ്വാസമായി. എട്ടാം വയസ്സിലുള്ള മകന്‍ സഹ്‌റാന്‍ മുഹമ്മദ് തന്നോടൊപ്പം ഓടുകയും ചില മാരത്തോണുകളിലൊക്കെ പങ്കെടുക്കുകയും ചെയ്ത കാര്യവും നൗഫല്‍ സന്തോഷത്തോടെ അനുസ്മരിച്ചു. രാജസ്ഥാന്‍ കാരനായ രാജേന്ദ്ര യാദവാണ് ഇപ്പോള്‍ നൗഫലിന് പരിശീലനം നല്‍കുന്നത്.
ഖത്തര്‍ ഈസ്റ്റ് വെസ്റ്റ് അള്‍ട്രാ മാരത്തോണ്‍, ഉരീദു മാരത്തോണ്‍, ഗള്‍ഫ് മാധ്യമം മാരത്തോണ്‍, ടഫ് മാന്‍ ഇന്ത്യ തുടങ്ങിയ മല്‍സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം വാരിക്കൂട്ടിയ ഈ ചെറുപ്പക്കാരന്‍ റിയാദ് മാരത്തോണിന് പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്.

ശാരീരിക ക്ഷമത പരിശീലനത്തിലെ നാഴികക്കലായ അയണ്‍ മാന്‍ പട്ടമാണ് നൗഫലിന്റെ സ്വപ്നം. ലോക പ്രശസ്തമായ ബോസ്റ്റണ്‍, ചിക്കാഗോ , മുമ്പൈ മാരത്തോണുകളില്‍ പങ്കെടുക്കാനും ഈ ചെറുപ്പക്കാരന് പരിപാടിയുണ്ട്.

ഭാര്യ ആദില മര്‍ജാന്‍, മക്കളായ സഹ്‌റാന്‍ മുഹമ്മദ് , മുഹമ്മദ് സൈന്‍ എന്നിവരോടൊപ്പം ഖത്തറില്‍ താമസിക്കുന്ന നൗഫല്‍ അബൂ ഈസ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് .നൗഫലിന്റെ സഹോദരങ്ങളായ മുസ്തഫ, ഇസ്മാഈല്‍, സിദ്ധീഖ്, റഹീം, അന്‍സാര്‍ എന്നിവരും ഖത്തറിലുണ്ട്.

ഓട്ടം ഏറെ പ്രധാനപ്പെട്ട ഒരു കായിക പ്രവൃത്തിയാണ്. ശരിയായ പരിശീലനവും പരിചരണവും ഇതിന് ആവശ്യമാണ്. സ്ട്രച്ചിംഗ് എക്‌സര്‍സൈസ്, വാമിംഗ് അപ്, റണ്ണിംഗ് ഡ്രില്‍സ്, വര്‍ക് ഔട്ട്, കൂള്‍ ഡൗണ്‍ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്നാണ് ഓട്ടം പരിശീലിക്കേണ്ടത്. അല്ലാത്ത പക്ഷം മുട്ടുവേദനയും മറ്റു ശാരീരികാസ്യസ്ഥങ്ങളുമുണ്ടാകാം. ശരിയായ പരിശീലനത്തോടെ ഓട്ടം ശീലിക്കുമ്പോള്‍
ജോലിക്ക് പോകുന്നതിനോ മറ്റോ യാതൊരു പ്രയാസവുമുണ്ടാവുകയില്ല.

വെല്‍നെസ് ചാലഞ്ചേര്‍സ് ഗ്രൂപ്പ് ട്രെയിനിംഗ് മൊഡ്യൂളുകള്‍ തയ്യാറാക്കിയുംവിദഗ്ധരുടെ അനുഭവങ്ങള്‍ പങ്കുവെച്ചുമൊക്കെ അംഗങ്ങളെ ശാക്തീകരിക്കുന്നു. ഫിഫ 2022 ലോകകപ്പ് ഖത്തറഫിനൊടനുബന്ധിച്ച് നടത്തിയ 100 ദിന ചാലഞ്ചും റമദാനില്‍ നടത്തിയ റമദാന്‍ ചാലഞ്ചുമൊക്കെ അംഗങ്ങളില്‍ സ്ഥിരോല്‍സഹവും ആവേശവും നിലനിര്‍ത്താന്‍ സഹായിച്ചു.

ശാരീരിക വ്യായാമങ്ങളിലും വ്യക്തിപരമായ വളര്‍ച്ചയിലുമെന്ന പോലെ ആരോഗ്യ ബോധവല്‍ക്കരണ രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടന്ന വെല്‍നെസ് ചാലഞ്ചേര്‍സ് ഗ്രൂപ്പില്‍ ചേര്‍ന്നതാണ് ഈ യുവാവിന്റെ ജീവിതം മാറ്റി മാറിച്ചത്.എല്ലാ വെളളിയാഴ്ചകളിലും സൗജന്യമായ പരിശീലനം നല്‍കുന്ന ഈ കൂട്ടായ്മയുടെ പരിശീലനത്തില്‍ ആര്‍ക്കും പങ്കെടുക്കാം.

യുവാക്കളെ ആരോഗ്യ സംരംക്ഷണത്തെക്കുറിച്ചും ലൈഫ് സ്റ്റയില്‍ മോഡിഫിക്കേഷനെക്കുറിച്ചുമൊക്കെ ബോധവാന്മാരാക്കുകയും സാമൂഹ്യ പ്രതിബദ്ധതയോടെ സേവന രംഗത്തേക്ക് കൊണ്ടുവരികയും ചെയ്യുന്നതിനുള്ള പരിപാടികളാണ് വെല്‍നെസ് ചാലഞ്ചേര്‍സ് ചെയ്യുന്നത്. പ്രവാസ ലോകത്ത് ആരോഗ്യ സംരക്ഷണവും ഫിറ്റ്‌നസും വളരെ പ്രധാനപ്പെട്ടതാണെന്ന കാര്യം യുവാക്കളെ ബോധ്യപ്പെടുത്തുകയും സാധ്യമായ ശാരീരിക വ്യായാമങ്ങളിലൂടെ സജീവമാക്കുകയുമാണ് ലക്ഷ്യം. ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞതും ബോധ്യപ്പെട്ടതുമായ കാര്യങ്ങള്‍ സമൂഹത്തിന് പകര്‍ന്നുകൊടുക്കുകയും പ്രായോഗികമായി ആരോഗ്യകരമായ ജീവിതക്രമം പരിശീലിക്കുകയും ചെയ്താണ് ഈ കൂട്ടായ്മ സമൂഹത്തില്‍ മാതൃകയാകുന്നത്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പാദ്യം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് പ്രവര്‍ത്തിക്കുകയുള്ളൂ. ജീവിത വിജയം നേടണമെങ്കില്‍ മനസ്സും ശരീരവും ആരോഗ്യത്തോടെ നിലനിര്‍ത്തണം . ജീവിത രീതിയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ആരോഗ്യം സംരക്ഷിക്കാനാകൂവെന്നും ഏത് തിരക്കുകള്‍ക്കിടയിലും കുറച്ചുസമയം ശാരീരിക വ്യായാമങ്ങള്‍ക്കായി നീക്കിവെക്കണമെന്നുമാണ് ഈ സന്നദ്ധ സംഘത്തിന് പ്രവാസികളോട് പറയാനുള്ളത്.

Related Articles

Back to top button
error: Content is protected !!