Breaking NewsUncategorized

ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്സില്‍ മികച്ച സ്ഥാനം നേടി ഖത്തര്‍


അമാനുല്ല വടക്കാങ്ങര

ദോഹ: 2023-ല്‍ ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്സില്‍ മികച്ച സ്ഥാനം നേടി ഖത്തര്‍. 2023 ലെ നംബിയോയുടെ സൂചികയില്‍ രാജ്യം 169.77 പോയിന്റ് നേടിയിട്ടുണ്ട്, ഇത് മേഖലയിലെ മിക്ക രാജ്യങ്ങളെയും അപേക്ഷിച്ച് ഉയര്‍ന്നതാണ്.

നംബിയോയിലെ ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്സിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, വ്യക്തികളുടെ വാങ്ങല്‍ ശേഷി, സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നിവയില്‍ ഖത്തറിന് ഉയര്‍ന്ന സ്‌കോറുകള്‍ ഉണ്ട്. കൂടാതെ, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മികച്ച ആരോഗ്യ സംരക്ഷണം എന്നിവ രാജ്യത്തിന് ജവിത നിലവാര സൂചികയില്‍ ഉയര്‍ന്ന സ്ഥഥാനം ഉറപ്പാക്കുന്നു.

പര്‍ച്ചേസിംഗ് പവര്‍ സൂചികയില്‍ ഖത്തറിന് 127.79 പോയന്റും സുരക്ഷാ സൂചികയില്‍ 84.56 പോയന്റും ആരോഗ്യ സംരക്ഷണ സൂചികയില്‍ 73.13 പോയന്റും ആണുള്ളത്. ഇവയിലൊക്കെ ഉയര്‍ന്ന സ്ഥാനമാണ് രാജ്യത്തിനുള്ളത്.

കാലാവസ്ഥാ സൂചികയിലും മലിനീകരണ സൂചികയിലും രാജ്യത്തിന്റെ സ്ഥാനം മോഡറേറ്റാണ്. അതേസമയം ജീവിതച്ചെലവ് സൂചിക, പ്രോപ്പര്‍ട്ടി പ്രൈസ് ടു ഇന്‍കം റേഷ്യോ, ട്രാഫിക്ക് യാത്രാ സമയ സൂചിക എന്നിവ നംബിയോയിലെ ജീവിത നിലവാര സൂചികയെ അടിസ്ഥാനമാക്കി താഴ്ന്നതായി തരംതിരിക്കുന്നു.

ഡിസംബറില്‍ പുതുക്കിയ നംബിയോയുടെ ജീവിത നിലവാര സൂചികയില്‍ അയല്‍രാജ്യങ്ങളായ യുഎഇ 162.41 , സൗദി അറേബ്യ സ്‌കോര്‍ 149.43; ബഹ്റൈന്‍ 144.59, കുവൈത്ത് 134.57 എന്നിങ്ങനെയാണ്
സ്‌കോര്‍ ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ ജീവിതച്ചെലവ് ഡാറ്റാബേസാണ് നംബിയോ. ജീവിത നിലവാരം, ഭവന സൂചകങ്ങള്‍, കുറ്റകൃത്യ നിരക്കുകള്‍, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയ ആധികാരികമായ ആഗോള ഡാറ്റാബേസായാണ് ഇത് പരിഗണിക്കപ്പെടുന്നത്.

2017 മുതല്‍ അഞ്ച് വര്‍ഷമായി രാജ്യത്തെ നംബിയോ ക്രൈം ഇന്‍ഡക്സ് അനുസരിച്ച് ലോകത്തിലെ ‘സുരക്ഷിത രാജ്യം’ എന്ന സ്ഥാനം ഖത്തര്‍ നിലനിര്‍ത്തിയിട്ടുണ്ട്, കൂടാതെ നിരവധി തവണ ദോഹ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യം 2021 പ്രകാരം നംബിയോ ഹെല്‍ത്ത് കെയര്‍ സൂചികയില്‍ 73 പോയിന്റ് നേടിയ ഖത്തര്‍ മികച്ച 20 രാജ്യങ്ങളില്‍ ഇടം നേടി.

തുടര്‍ച്ചയായ നിക്ഷേപങ്ങളും സമയോചിതമായ തന്ത്രങ്ങളും കാരണം ഖത്തര്‍ സമീപകാലത്ത് അന്താരാഷ്ട്ര റാങ്കിംഗില്‍ സുരക്ഷ, ആരോഗ്യ സംരക്ഷണം, സമാധാനം തുടങ്ങി നിരവധി മേഖലകളില്‍ ഒന്നാം സ്ഥാനത്താണ്. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഗുണനിലവാരമുള്ള ജീവിതം പ്രാപ്തമാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ഇത് പ്രകടമാക്കുന്നു.

യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായുള്ള ലോകത്തെ പ്രമുഖ ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സ് നടത്തിയ പുതിയ പഠനമനുസരിച്ച് 2023 ഫെബ്രുവരിയില്‍ അഞ്ച് ഖത്തരി ആശുപത്രികള്‍ ലോകത്തിലെ മികച്ച 250 അക്കാദമിക് മെഡിക്കല്‍ സെന്ററുകളില്‍ ഇടം നേടിയിരുന്നു. 2022-ലെ ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സില്‍ ഖത്തര്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും ലോകമെമ്പാടും 18-ാം സ്ഥാനത്തുമായിരുന്നു രാജ്യത്തിന്റെ സ്ഥാനം.

2022-ല്‍, ആഗോള സമാധാന സൂചിക ഖത്തറിനെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തിരഞ്ഞെടുത്തു. 163 രാജ്യങ്ങളില്‍ ഖത്തര്‍ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളുടെ പട്ടികയില്‍ 23-ാം സ്ഥാനത്താണ്.

2022-ല്‍ എക്‌സെറ്റര്‍ സര്‍വകലാശാലയിലെ ഗള്‍ഫ് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനമനുസരിച്ച് അറബ് പൗരന്മാരുടെ ജീവിത നിലവാരത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ സൂചികയില്‍ 20 അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമതെത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!