Breaking NewsUncategorized

‘ഒരു കഥ സൊല്ലട്ടുമാ’ , പ്രവാസികള്‍ക്കനുയോജ്യമായ നൂറ് കണക്കിന് കഥകളുമായി നിസാര്‍ പട്ടുവം ദോഹയില്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഒരു കഥ സൊല്ലട്ടുമാ , പ്രവാസികള്‍ക്കനുയോജ്യമായ നൂറ് കണക്കിന് കഥകളുമായി പ്രശസ്ത ട്രെയിനറും കഥ പറച്ചില്‍കാരനുമായ നിസാര്‍ പട്ടുവം ദോഹയിലെത്തി . മലയാളി കുടുംബങ്ങള്‍ക്ക് മൂല്യവത്തായ കഥകളിലൂടെ ക്രിയാത്മക മേഖലകളിലും കുടുംബാന്തരീക്ഷത്തിലും വലിയ മാറ്റമുണ്ടാക്കാനാകുമെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു ദൗത്യവുമായി ഇറങ്ങിത്തിരിക്കുവാന്‍ പ്രേരകമായതെന്ന് നിസാര്‍ പട്ടുവം പറഞ്ഞു.

വിവിധ തരത്തിലുള്ള പരിശീലന പരിപാടികളുമായി നിരക്കിലായിരുന്ന നിസാര്‍ കോവിഡ് കാലത്താണ് കഥകളുടെ സ്വാധീനവും സാമൂഹ്യ പ്രസക്തിയും തിരിച്ചറിയുന്നത്. തുടര്‍ന്ന് രൂപീകരിച്ച സ്റ്റോറി ടെല്ലേര്‍സ് ക്‌ളബ്ബിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഓണ്‍ ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത നിരവധി പ്രവാസികളില്‍ നിന്നാണ് പ്രവാസ ലോകത്ത് കഥ പറച്ചിലിന് വലിയ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞത്. കഥകള്‍ കേവലം വിനോദമെന്നതിലുപരി കുട്ടികളെ നവീകരിക്കുന്നതിനും മൂല്യാധിഷ്ടിത ജീവിതം പരിശീലിപ്പിക്കുന്നതിനും ഏറെ സഹായകമാകുമെന്നതാണ് അനുഭവം.

കഥകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. തെരഞ്ഞെടുത്ത കഥകള്‍ ആശയ തലത്തിലും മൂല്യത്തിലും മികച്ചതാണെങ്കിലും മനുഷ്യരെ മാറ്റിമറിക്കുന്ന വിസ്മയമാണ് കഥകളിലൂടെ സംഭവിക്കുക. കുട്ടികള്‍ ഉണ്ടാവണമെന്നാഗ്രഹിക്കുന്ന എല്ലാ നല്ല ഗുണങ്ങളും കഥകളിലൂടെ പകര്‍ന്ന് നല്‍കാനാകും.

കുടുംബം നാട്ടിലുള്ള പ്രവാസികള്‍ക്കാണ് കഥകള്‍ ഏറെ ഫലം ചെയ്യുക. പലപ്പോഴും ഫോണ്‍ ചെയ്യുമ്പോള്‍ രക്ഷിതാക്കള്‍ക്കും മക്കള്‍ക്കും വിഷയ ദാരിദ്ര്യമുണ്ടായേക്കാം. എന്നാല്‍ നിത്യവും ഓരോ കഥകള്‍ പങ്ക് വെക്കുമ്പോള്‍ വിഷയ ദാരിദ്ര്യമുണ്ടാവില്ലെന്ന് മാത്രമല്ല ആശയവിനിമയം കൂടുതല്‍ ഹൃദ്യമാവുകയും ചെയ്യും.
ഏത് രംഗത്തുള്ളവര്‍ക്കും പരീക്ഷിക്കാവുന്ന ഒന്നാണ് കഥ പറച്ചില്‍. സ്വന്തം വളര്‍ച്ചക്കും സമൂഹത്തിന്റെ വളര്‍ച്ചക്കും സഹായകമാകുന്ന സര്‍ഗസഞ്ചാരമാണ് കഥകള്‍ അനായാസമാക്കുക.

സ്റ്റോറി ടെല്ലിങ് എക്‌സ്പീരിയന്‍സ് ചെയ്യുന്നതിനോടൊപ്പം ക്ലാസ് മുറികളും, സംസാരവും, പ്രസംഗങ്ങളും, മൊക്കെ കഥ കൊണ്ട് അലങ്കരിക്കാവുന്ന നൂതനമായ പദ്ധതിയുമായാണ് നിസാര്‍ പട്ടുവം ദോഹയിലെത്തിയിരിക്കുന്നത്.
ഖത്തറില്‍ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ക്ക് 50743137 എന്ന ഫോണ്‍ നമ്പറിലോ , 0091 9809564928 എന്ന വാട്‌സ് ആപ്പ് നമ്പറിലോ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!