അയ്യായിരത്തില്‍ പരം മെമ്പര്‍മാരുമായി സേവന പാതയില്‍ സജീവമായി തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി
ദോഹ. അയ്യായിരത്തില്‍ പരം മെമ്പര്‍മാരുമായി സേവന പാതയില്‍ സജീവമായി തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി.
ഖത്തറിലെ തൃശ്ശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ 2024 ലേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ അവസാനിക്കുമ്പോള്‍ അംഗസംഖ്യ അയ്യായിരം കടന്നു. സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ ഈ മുഹൂര്‍ത്തത്തില്‍ സന്തോഷം പങ്കു വക്കുവാനായി വേദി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഒത്തുചേര്‍ന്നു.
കാരുണ്യത്തിന്റെയും കരുതലിന്റെയും തണലില്‍ കൈകോര്‍ത്ത അംഗങ്ങള്‍ 5000 വും കടന്ന് മുന്നോട്ട് കുതിക്കുന്ന ഈ ചരിത്ര വേള ആഘോഷമാക്കിയ ഒത്തു ചേരരില്‍ ഐസിസി പ്രസിഡണ്ട് ഉള്‍പ്പെടെ ഖത്തറിലെ ഇന്ത്യന്‍ അപെക്‌സ് ബോഡികളിലെ നേതൃനിരയും അണിചേര്‍ന്നു.
തൃശൂര്‍ ആര്‍ട് സെന്റര്‍ ഖത്തര്‍ ക്ലാസിക്കല്‍ ഡാന്‍സ് അദ്ധ്യാപികയുടെ സ്വാഗത നൃത്തത്തോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ ചടങ്ങ് ഔപചാരികമായി ഉല്‍ഘാടനം ചെയ്തു. വേദിയുടെ ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം സ്വാഗതം പറഞ്ഞു. വേദി പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി.എസ് . നാരായണന്‍, ഐ എസ് സി പ്രസിഡന്റ് ഇപി അബ്ദുള്‍റഹ്‌മാന്‍, വേദി ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറും ട്രഷറര്‍ ഇന്‍ ചാര്‍ജുമായ ജയാനന്ദ്, ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ മിനേഷ്, ഫസ്റ്റ് വൈസ് പ്രസിഡണ്ട് ഷറഫ് മുഹമ്മദ്, കുടുംബസുരക്ഷാ പദ്ധതി ചെയര്‍മാന്‍ പ്രമോദ്, കാരുണ്യം പദ്ധതി ചെയര്‍മാന്‍ ശ്രീനിവാസന്‍, വനിതാ കൂട്ടായ്മ ഫസ്റ്റ് വൈസ് ചെയര്‍ പേഴ്സണ്‍ രേഖ പ്രമോദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജാതി മത വര്‍ണ്ണ രാഷ്ട്രീയഭേദമന്യേ തൃശ്ശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായി 2002 ല്‍ രൂപം കൊണ്ടതു മുതല്‍ സൗഹൃദവേദിയുടെ പടിപടിയായുള്ള വളര്‍ച്ചയെ കുറിച്ചും വേദിയുടെ മൂല്യങ്ങളെ കുറിച്ചും യോഗത്തില്‍ സംസാരിച്ച ഓരോരുത്തരും എടുത്തു പറഞ്ഞു.
നൃത്താദ്ധ്യാപകരായ വിന്‍സി ഫെര്‍ണാണ്ടസ്, സുജിത് രാജന്‍ എന്നിവര്‍ക്ക് പുറമെ ഖത്തര്‍ അമീറില്‍ നിന്നും ഉന്നത വിജയത്തിന് മെഡല്‍ നേടിയ വേദി ഇരിഞ്ഞാലക്കുട സെക്ടര്‍ കണ്‍വീനവര്‍ നൗഷാദിന്റെ മകന്‍ ഭാസിത് നൗഷാദിനെയും ആദരിച്ചു.
ഈ ചരിത്രവിജയം ആഘോഷിക്കുവാന്‍ കളമൊരുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചവരെ പ്രത്യേകം അഭിനന്ദിച്ചു.
വേദി സെക്രട്ടറി റസാഖ് നിയന്ത്രിച്ച ആഘോഷ പരിപാടികള്‍ക്ക് വേദിയുടെ മറ്റൊരു സെക്രട്ടറിയായ കുഞ്ഞു മൊയ്ദു നന്ദി പറഞ്ഞതോടെ സമാപനം കുറിച്ചു.