അബോട്ട് വേള്‍ഡ് മാരത്തണ്‍ മേജേഴ്‌സില്‍ പങ്കെടുക്കാനൊരുങ്ങി ഖത്തര്‍ മലയാളി
അമാനുല്ല വടക്കാങ്ങര
ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും നടന്ന മാരത്തണുകളില്‍ ഭാഗ്യം പരീക്ഷിച്ച് വിജയിച്ച മലപ്പുറം താനൂര്‍ സ്വദേശി നിസാര്‍ പി അബോട്ട് വേള്‍ഡ് മാരത്തണ്‍ മേജേഴ്‌സില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്.
ടോക്കിയോ മാരത്തണ്‍, ബോസ്റ്റണ്‍ മാരത്തണ്‍, ടിസിഎസ് ലണ്ടന്‍ മാരത്തണ്‍, ബിഎംഡബ്ല്യു ബെര്‍ലിന്‍-മാരത്തോണ്‍, ബാങ്ക് ഓഫ് അമേരിക്ക ചിക്കാഗോ മാരത്തണ്‍, ടിസിഎസ് ന്യൂയോര്‍ക്ക് സിറ്റി മാരത്തണ്‍ എന്നിങ്ങനെ ലോകത്തിലെ ഏറ്റവും വലുതും പ്രശസ്തവുമായ ആറ് മാരത്തണുകള്‍ അടങ്ങുന്ന പരമ്പരയാണ് അബോട്ട് വേള്‍ഡ് മാരത്തണ്‍ മേജേഴ്‌സ്.
ദോഹയിലും റിയാദിലും നടന്ന ഹാഫ് മാരത്തണിലും അബൂദാബിയിലും മുംബൈയിലും നടന്ന ഫൂള്‍ മാരത്തണിലും മികച്ച പ്രകടനം കാഴ്ചവെച്ച നിസാറിന്റെ ഈ വര്‍ഷത്തെ സ്വപ്‌നമാണ് അബോട്ട് വേള്‍ഡ് മാരത്തണ്‍ മേജേഴ്‌സില്‍ പങ്കെടുക്കുകയെന്നത്.
ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്ന കോയയുടേയും ഫാത്തിമയുടേയും മകനാണ് നിസാര്‍. കായിക പാരമ്പര്യമോ അത് ലറ്റിക് ആവേശമോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സാഹചര്യത്തില്‍ നിന്നും ലോകോത്തര മാരത്തണുകള്‍ലക്ഷ്യം വെക്കുന്ന ഈ മലപ്പുറത്തുകാരന്‍ പ്രവാസി യുവാക്കള്‍ക്ക് വലിയ പ്രചോദനമാണ് .
ബിഎസ് സി മാത്തമാറ്റിക്‌സും പഠിച്ച് സ്മാര്‍ട് ഫോണ്‍ സെയില്‍സില്‍ കരിയര്‍ ആരംഭിച്ച നിസാര്‍ തികച്ചും യാദൃശ്ചികമായാണ് ദീര്‍ഘദൂര ഓട്ടക്കാരനായത്. സ്‌കൂള്‍ , കോളേജ് കാലഘട്ടങ്ങളിലൊന്നും അത് ലറ്റിക്‌സില്‍ കാര്യമായ താല്‍പര്യം കാണിക്കാതിരുന്ന നിസാര്‍ പ്രവാസ ലോകത്തെത്തിയതാകാം ജീവിതം മാറ്റി മറിച്ചത്. ഖത്തറിലെ പ്രശസ്തമായ ഇന്റര്‍ടെക് ഗ്രൂപ്പിന്റെ ഹോണര്‍ ഫോണുകളുടെ സെയില്‍സ് മാനേജറായ നിസാര്‍ പാഷനും പ്രൊഫഷനും മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോയാണ് ജീവിതം മനോഹരമാക്കുന്നത്.
2018 ല്‍ ഖത്തറില്‍ ക്യൂ ടീമിന്റെ മെഡിക്കല്‍ ക്യാമ്പില്‍ ബോഡി മാസ് ഇന്‍ഡക്‌സ് പരിശോധിച്ചപ്പോഴാണ് താന്‍ ഓവര്‍ വെയിറ്റാണെന്ന കാര്യം നിസാര്‍ തിരിച്ചറിയുന്നത്. അടുത്ത ദിവസം മുതല്‍ തന്നെ ഭാരം കുറക്കുന്നതിനായി ഓടി തുടങ്ങി . നിത്യവും കുറേ ദൂരം ഓടും.ഓടുമ്പോള്‍ ലഭിക്കുന്ന ശാരീരികമായ ആശ്വാസം ഓടാനുള്ള താല്‍പര്യം വര്‍ദ്ധിപ്പിച്ചു. അങ്ങനെയിരിക്കെയാണ് 2020 ല്‍ ഗള്‍ഫ് മാധ്യമത്തിന്റെ മാരത്തണില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. വലിയ കണക്കുകൂട്ടലുകളോ പ്രതീക്ഷയോ ഇല്ലാതെയാണ് പങ്കെടുത്തത്. ഫലം വന്നപ്പോള്‍ ഇന്ത്യന്‍ കാറ്റഗറിയില്‍ രണ്ടാം സ്ഥാനം. ഇത് ആവേശവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിച്ചു. തനിക്ക് മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കാനാകുമെന്ന് ബോധ്യപ്പെട്ടു. അങ്ങനെ ഓട്ടം ഒരു പാഷനാക്കി മാറ്റി. ഖത്തറിലെ മാരത്തണ്‍ ഓട്ടക്കാരുടെ കൂട്ടായ്മയായ ദോഹ ബേ റണ്ണേര്‍സ് ക്‌ളബ്ബ്, അഡിഡാസ് റണ്ണേര്‍സ് ക്‌ളബ്ബ് എന്നിവയുമായി ബന്ധപ്പെടുകയും അവരുടെ സൗജന്യ പരിശീലന പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.
മാരത്തണില്‍ പങ്കെടുക്കണമെങ്കില്‍ പ്രൊഫഷണല്‍ പരിശീലനം അത്യാവശ്യമാണെന്ന കാര്യം തിരിച്ചറിഞ്ഞതോടെ ഇന്ത്യയിലെ പ്രമുഖ നാഷണല്‍ അത് ലറ്റുമായി ബന്ധപ്പെടുകയും പരിശീലനത്തിന് സംവിധാനമേര്‍പ്പെടുത്തുകയും ചെയ്തു. ഇന്ന് ഇരുപത്തഞ്ചോളം പേരടങ്ങുന്ന ഒരു സംഘം ഈ പരിശീലന പരിപാടിയുടെ ഭാഗമാണ്. നിസാറാണ് ഈ ടീമിന്റെ ക്യാപ്ടന്‍.
2023 ഡിസംബറില്‍ അബുദാബിയിലും 2024 ജനുവരിയില്‍ മുംബൈയിലും നടന്ന ഇന്റര്‍നാഷണല്‍ മാരത്തണില്‍ ഫുള്‍ മാരത്തണ്‍ 3.59, 3.58 മണിക്കൂറിലാണ് നിസാര്‍ ഫിനിഷ് ചെയ്തത്. കഴിഞ്ഞ ആഴ്ച ദോഹയില്‍ നടന്ന 13000ത്തിനു മുകളില്‍ ആളുകള്‍ പങ്കെടുത്ത ഉരീദു മാരത്തണ്‍ 2024-ന്റെ ഹാഫ് മാരത്തണില്‍ വ്യക്തികത റെക്കോര്‍ഡ് കരസ്ഥമാക്കി ഇന്ത്യക്കാരില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് നിസാര്‍ തന്റെ മികവ് തെളിയിച്ചത്. മുംബൈയില്‍ നടന്ന മാരത്തണില്‍ 59000 പേരാണ് പങ്കെടുത്തത്.
സ്ഥിരമായ പരിശീലനവും ആത്മാര്‍ത്ഥതയും ആണ് മാരത്തണില്‍ ഏറ്റവും പ്രധാനം. ഏത് നിമിഷവും മനം മടുത്ത് പിന്മാറാന്‍ സാധ്യതയുള്ളതിനാല്‍ ശാരീരിക ക്ഷതമയോടൊപ്പം മനസ്സിനെ ശക്തമാക്കാനുള്ള പരിശീലനവും വേണം. പ്രതിസന്ധികളെ ധൈര്യത്തോടെ അതിജീവിക്കാനും ലക്ഷ്യത്തിലേക്ക് കുതിക്കുവാനും ഇത് വളരെ അത്യാവശ്യമാണ്. സ്ഥിരോല്‍സഹവും പരിശീലനവുമുണ്ടെങ്കില്‍ ആര്‍ക്കും മാരത്തണില്‍ വിജയിക്കാനാകും.
പ്രവാസികള്‍ എല്ലാ തിരക്കുകള്‍ക്കിടയിലും സ്വന്തത്തിന് വേണ്ടി അല്‍പസമയമെങ്കിലും നീക്കിവെക്കണമെന്നാണ് നിസാറിന് പ്രവാസി സമൂഹത്തോട് പറയാനുള്ളത്. എല്ലാ തിരക്കുകളും കഴിഞ്ഞ് ജീവിക്കാന്‍ സമയം കിട്ടിക്കൊള്ളണമെന്നില്ല. അമൂല്യമായ ആരോഗ്യം നശിച്ച ശേഷം വിലപിച്ചിട്ടും കാര്യമുണ്ടാവില്ല. ഓരോരുത്തരും അവനവന് താല്‍പര്യമുള്ള ഏതെങ്കിലും ശാരീരിക വ്യായാമങ്ങളില്‍ സ്ഥിരമായി സമയം ചിലവഴിക്കണം. താല്‍പര്യമുള്ള മേഖലയില്‍ ആകുമ്പോഴേ സ്ഥിരോല്‍സാഹമുണ്ടാവുകയുള്ളൂ.
ഖത്തറില്‍ ഓട്ടവുമായോ മാരത്തണുമായോ ബന്ധപ്പെട്ട് പരിശീലനമാഗ്രഹിക്കുന്നവര്‍ക്ക് സഹായത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമൊക്കെ 50860104 എന്ന നമ്പറില്‍ നിസാറുമായി ബന്ധപ്പെടാം. പ്രവാസം മതിയാക്കി നാട്ടിലെത്തിയാലും നാട്ടിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നാണ് നിസാറിന്റെ ആഗ്രഹം. ഖത്തറില്‍ താനൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ താനൂര്‍ എക്‌സ്പാറ്റ്‌സ് ഓഫ് ഖത്തര്‍ ജനറല്‍ സെക്രട്ടറിയാണ് നിസാര്‍.
സഫ്‌ന തോട്ടത്തിലാണ് നിസാറിന്റെ സഹധര്‍മിണി. ഐബക് അഹ് മദ്, നയാല്‍ അഹ് മദ് എന്നിവര്‍ മക്കളാണ്. മക്കള്‍ രണ്ടുപേരും ഓടാന്‍ താല്‍പര്യമുള്ളവരാണ്. ചെറിയ കുട്ടി നയാല്‍ അഹ് മദ് മൂന്ന് വയസ്സില്‍ ഖത്തര്‍ ഫൗണ്ടേഷന്റെ ഒരു കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയിരുന്നു.