IM Special

കരവിരുതിലെ ലിജി സ്പര്‍ശം

ഡോ. അമാനുല്ല വടക്കാങ്ങര

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ ക്രാഫ്റ്റ് അധ്യാപിക ലിജി അബ്ദുല്ല ആര്‍ട് ആന്റ് ക്രാഫ്റ്റില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന കലാകാരിയാണ്. വീട്ടില്‍ എളുപ്പത്തില്‍ ലഭ്യമായ സാധനങ്ങളുപയോഗിച്ച് മനോഹരമായ വസ്തുക്കളുണ്ടാക്കുന്ന കരവിരുതിലെ ലിജി സ്പര്‍ശം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് .

തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ മുഹമ്മദ് ലൈല ദമ്പതികളുടെ മൂന്ന് മക്കളിലെ ഏക പെണ്‍കുട്ടിയായ ലിജിക്ക് ചെറുപ്പം മുതലേ ആര്‍ട്ടിനോടും ക്രാഫ്റ്റിനോടും വല്ലാത്ത താല്‍പര്യമുണ്ടായിരുന്നു. ക്രാഫ്റ്റിലെ അത്ഭുതങ്ങളില്‍ ആകൃഷ്ടയായി ക്രാഫ്റ്റ് വര്‍ക്കുകള്‍ എവിടെ കണ്ടാലും സസൂക്ഷ്മം വീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുമായിരുന്നു.

ഉമ്മയില്‍ നിന്നാകാം ലിജിക്ക് ക്രാഫിറ്റിനോടുള്ള താല്‍പര്യം ജനിച്ചത്. പാഴ് വസ്തുക്കളില്‍ നിന്നും ക്രാഫ്റ്റ് ചെയ്യുന്ന പല ചെറിയ വിദ്യകളും ഉമ്മ കാണിക്കുമായിരുന്നു.

സ്‌ക്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് പേപ്പറുകള്‍ ഉപയോഗിച്ച് പരിമിതമായ തോതില്‍ ബൊക്കെയും കാര്‍ഡുകളും പൂക്കളുമൊക്കെ ഉണ്ടാക്കുമായിരുന്നെങ്കിലും വിവാഹാനന്തരം ദോഹയിലെത്തിയ ശേഷമാണ് ലിജി തന്റെ പാഷന്‍ തിരിച്ചറിഞ്ഞത്.

കതാറയിലെ ഖത് ആര്‍ട് എന്ന കൂട്ടായ്മയുമായി പരിചയപ്പെട്ടതാണ് ലിജിയുടെ ജീവിതത്തിലെ വഴിത്തിരിവായത്. കരകൗശല വിദഗ്ധരായ കലാകാരന്മാര്‍ തങ്ങളുടെ വര്‍ക്കുകള്‍ പരിചയപ്പെടുത്തുകയും പ്രദര്‍ശിപ്പിക്കുകയും വില്‍പന നടത്തുകയുമൊക്കെ ചെയ്യുന്ന വിവിധ രാജ്യക്കാരായ നിരവധി പ്രമുഖരുള്ള ഒരു കൂട്ടായ്മയാണത്. ലിജിയുടെ വര്‍ക്കുകള്‍ ഇഷ്ടപ്പെട്ട ഈ കൂട്ടായ്മയില്‍ അംഗത്വം ലഭിച്ചതോടെ ക്രാഫ്റ്റിന്റെ അനനന്ത സാധ്യതകള്‍ തിരിച്ചറിയാനായി. കേവലം ഹോബി എന്നതിനപ്പുറം പ്രൊഫഷനായും ബിസിനസായുമൊക്കെ വലിയ സാധ്യതകളാണ് ക്രാഫ്റ്റിലുള്ളതെന്ന് തിരിച്ചറിഞ്ഞു. ഈ കൂട്ടായ്മയുടെ ഭാഗമായി ചില വര്‍ക് ഷോപ്പുകള്‍ നടത്തിയപ്പോഴാണ് ക്രാഫ്റ്റ് പഠിപ്പിക്കാന്‍ കഴിയുമെന്ന് ബോധ്യമായത്. കതാറയിലും ഖത്തര്‍ ഫൗണ്ടേഷനിലുമൊക്കെയായി നിരവധി വര്‍ക് ഷോപ്പുകള്‍ നടത്താനും പല വര്‍ക് ഷോപ്പുകളുടേയും ഭാഗമാകുവാനും സാധിച്ചപ്പോള്‍ ലിജി ഒരു അധ്യാപികയായും സര്‍വോപരി ഒരു സംഘാടകയായും മാറുകയായിരുന്നു

വിവിധ ദേശക്കാരും ഭാഷക്കാരുമായ കലാകാരന്മാരുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചത് വ്യക്തിപരവും പ്രൊഫഷണലുമായ കാഴ്ചപ്പാടില്‍ കാര്യമായ മാറ്റമുണ്ടാക്കി. ക്രാഫ്റ്റിനെക്കുറിച്ച് സംസാരിക്കാനും അറിയുന്ന കാര്യങ്ങള്‍ പങ്കുവെക്കുവാനും ശീലിച്ചാണ് അധ്യാപികയായി മാറിയത്. അങ്ങനെയാണ് ഇക്കണോമിക്സും ടാലിയുമൊക്കെ പഠിച്ച ലിജി ക്രാഫ്റ്റ് അധ്യാപികയായി മാറിയത്.

വര്‍ക് ഷോപ്പുകള്‍ക്ക് പ്രചാരം ലഭിക്കുകയും കൂടുതലാളുകള്‍ താല്‍പര്യത്തോടെ പങ്കെടുക്കുവാന്‍ തുടങ്ങുകയും ചെയ്തതോടെ ലിജിയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. അങ്ങനെയാണ് താന്‍ മനസിലാക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ ആളുകളുമായി പങ്കുവെക്കുവാന്‍ ക്രാഫ്റ്റ് വണ്ടേര്‍സ് ലിജി എന്ന പേരില്‍ ഒരു യു ട്യൂബ് ആരംഭിച്ചത്. നൂതനങ്ങളായ നിര്‍മാണചാരുതയോടെയുളള വീഡിയോകള്‍ വളരെ വേഗം സ്വീകരിക്കപ്പെടുകയും ലിജിയുടെ ചാനല്‍ കലാലോകത്തിന്റെ പിന്തുണ നേടുകയും ചെയ്തു. ഇന്ന് ലിജിയുടെ യൂ ട്യൂബ് ചാനലിന് നാല്‍പതിനായിരത്തോളം ഫോളോവര്‍മാരുണ്ട്.

ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശ്ശേരിയെ പരിചയപ്പെട്ടത് ക്രാഫ്റ്റ് സംബന്ധമായ കാര്യങ്ങള്‍ക്ക് പുറമേ ജനസേവന രംഗങ്ങളിലും സജീവമാകുവാന്‍ അവസരമൊരുക്കി. ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററിന്റെ വനിതാവിഭാഗത്തിന്റെ ചുമതലയേറ്റെടുത്ത ലിജി വൈവിധ്യമാര്‍ന്ന പരിപാടികളോടെ സജീവമായ സാമൂഹ്യ പ്രവര്‍ത്തകയായി മാറി. കോവിഡ് വന്നപ്പോള്‍ ക്ളാസുകളൊക്കെ ഓണ്‍ലൈനിലേക്ക് മാറിയെങ്കിലും ക്രിയാത്മകമായ വര്‍ക്കുകള്‍ ചെയ്തും യുട്യൂബ് ചാനലില്‍ പുതിയ വീഡിയോകള്‍ പോസ്റ്റ് ചെയ്തുമൊക്കെ ലിജി തന്റെ സര്‍ഗാത്മകതയുംക്രിയാത്മകതയും ആഘോഷിക്കുകയാണ്.

ലിജിയും ഷാനും ചേര്‍ന്ന് രൂപീകരിച്ച ഖത്തര്‍ മലയാളി യൂട്യൂബേഴ്‌സ് എന്ന കൂട്ടായ്മയില്‍ ഏകദേശം 150 ഓളം അംഗങ്ങളുണ്ട്. പ്രമുഖ യുട്യൂബറായ ഇബാദുറഹ്‌മാനെ ദോഹയില്‍ കൊണ്ട് വന്ന് പ്രത്യേകം വര്‍ക് ഷോപ്പ് സംഘടിപ്പിച്ചത് ഈ കൂട്ടായ്മയായിരുന്നു.

ക്രാഫ്റ്റ് കുട്ടികള്‍ക്ക് കോണ്‍സെന്‍ട്രേഷന്‍ വര്‍ദ്ധിപ്പിക്കുവാനും ആത്മവിശ്വാസം നേടാനുമൊക്കെ സഹായകമാകുമെന്നാണ് ലിജിയുടെ നിരീക്ഷണം. ഓണ്‍ലൈന്‍ ക്ളാസുകളിലൂടെ ഉണ്ടായേക്കാവുന്ന സ്‌ക്രീന്‍ അഡിക്ഷന് ഒരു പരിധിവരെ ഇടവേള നല്‍കാനും ഇത് സഹായകമാകും. കുട്ടികളെ സജീവമായും ക്രിയാത്മകമായും പ്രചോദിപ്പിക്കുന്ന ക്രാഫ്റ്റും ആര്‍ട്ടും ജീവിതം കൂടുതല്‍ മനോഹരവും ആസ്വാദ്യവുമാക്കുമെന്നാണ് അവര്‍ കരുതുന്നത്.

ധാരാളം ക്രാഫ്റ്റുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഷൂ ബോക്സില്‍ തീര്‍ത്ത അക്വേറിയമാണ് തന്റെ മാസ്റ്റര്‍പീസെന്നാണ് ലിജി പറയുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത് യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത ആ വീഡിയോക്ക് ഇപ്പോഴും ആസ്വാദകരുണ്ടാകുന്നുവെന്നത് വല്ലാത്ത സന്തോഷം നല്‍കുന്ന കാര്യമാണ് .

പൂക്കളും ബൊക്കെകളുമാണ് തുടക്കത്തില്‍ കൂടുതലായും ചെയ്തിരുന്നതെങ്കിലും ഫാബ്രിക് ഡിസൈനിലും മെഴുകുതിരികൊണ്ട് വൈവിധ്യമാര്‍ന്ന വര്‍ക്കുകള്‍ ചെയ്യുന്നതിലും ലിജി സമര്‍ഥയാണ്. ബോട്ടില്‍ പെയിന്റ്‌സ്, ജ്വല്ലറി ഡിസൈനിംഗ്, ക്ളേ ആര്‍ട്, പേപ്പര്‍ ഫയല്‍, പേപ്പര്‍ പെന്‍, ചുമര്‍ ചിത്രങ്ങള്‍, മുത്തുകള്‍കൊണ്ടുള്ള വിവിധ ക്രാഫ്റ്റ് വര്‍ക്കുകള്‍ തുടങ്ങി നൂതനങ്ങളായ ആശങ്ങളും വിദ്യകളും സമന്വയിച്ചാണ് ഈ കലാകാരി വ്യത്യസ്തയാകുന്നത്.

ഇപ്പോള്‍ അധ്യാപികയെന്ന നിലക്ക് കൂടുതലും സ്‌ക്കൂളുമായി ബന്ധപ്പെട്ട ക്രാഫ്റ്റുകളാണ് ചെയ്യുന്നത്.

മിയ പാര്‍ക്കില്‍ നടന്ന പാസേജ് ടു ഇന്ത്യ പരിപാടിയുടെ ഭാഗമായി നടന്ന എക്സിബിഷനില്‍ ലിജിയുടെ പല വര്‍ക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഖത്തര്‍ ഫൗണ്ടേഷന്‍, കതാറ, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, സ്‌ക്കൂളുകള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ക്രാഫ്റ്റ് എക്സിബിഷനുകള്‍ നടത്തിയിട്ടുണ്ട്.
ക്രാഫ്റ്റ് മേഖലയിലുണ്ടാകുന്ന പുതിയ ട്രന്‍ഡുകളെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചുമൊക്കെ വായിച്ചും കണ്ട് പരസ്പരം പങ്കുവെച്ചും അപ്ഡേറ്റ് ചെയ്യുന്ന കരവിരുതിന്റെ ലിജി സ്പര്‍ശം ജീവിതം കൂടുതല്‍ മനോഹരവും ഒതുക്കമുള്ളതുമാക്കും.

മനുഷ്യ ജീവിതത്തിന്റെ എല്ലാ പുതുമകളേയും തുറന്ന മനസോടെ സ്നേഹിക്കുന്ന സഹൃദയനായ പ്രിയതമന്‍ അബ്ദുല്ലയാണ് ലിജിയുടെ ഏറ്റവും വലിയ കരുത്ത്. തന്റെ എല്ലാ കലാപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ സേവനങ്ങള്‍ക്കും അദ്ദേഹത്തിന്റെ അകമഴിത്ത പിന്തുണയും പ്രോല്‍സാഹനവുമാണെന്ന കാര്യം ലിജി അഭിമാനത്തോടെ അനുസ്മരിക്കുന്നു. ടെലിഫോണ്‍ കാര്‍ഡുകള്‍ ശേഖരിക്കുന്നത് ഹോബിയാക്കിയ അബ്ദുല്ലയുടെ ശേഖരത്തില്‍ വിവിധ വിഷയങ്ങളിലുള്ള ധാരാളം കാര്‍ഡുകളുണ്ട്. തന്റെ വികാരവിചാരങ്ങളെ ബ്ളോഗിലൂടെയാണ് അബ്ദുല്ല പ്രകടിപ്പിക്കാറുള്ളത്. നര്‍മിന്‍, നസ്‌ലിന്‍ എന്നിവര്‍ മക്കളാണ്.

Related Articles

Back to top button
error: Content is protected !!