തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി
ദോഹ. തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ഇഫ്താര്‍ വിരുന്ന് ജനപങ്കാളിത്തത്തിലും സംഘാടക മികവിലും ശ്രദ്ധേയമായി. വേദി അംഗങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളുമടക്കം വന്‍പങ്കാളിത്തത്തോടെ അല്‍ അറബി സ്റ്റേഡിയത്തില്‍ വന്‍ജനാവലിയെ സാക്ഷ്യം നിര്‍ത്തി ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ യൂസഫ് പുല്‍പ്പറ്റ റമദാന്‍ സന്ദേശം നല്‍കി.
വേദി പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതവും ഇഫ്താര്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു. ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍, വേദി ട്രഷറര്‍ ഇന്‍ചാര്‍ജ് ജയാനന്ദന്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, ഉപദേശക സമിതി ചെയര്‍മാന്‍ വി.എസ്. നാരായണന്‍, ഇഫ്താര്‍ മീറ്റ് സെക്ടര്‍ കോര്‍ഡിനേറ്റര്‍മാരായ സുരേഷ് കുമാര്‍, കബീര്‍, വനിതാ വിഭാഗം കോര്‍ഡിനേറ്റര്‍മാരായ രേഖ പ്രമോദ്, ഹന്‍സ ഷറഫ് തുടങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു. ഗ്യാലറി ഉള്‍പ്പെടെയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ സൗകര്യങ്ങള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തിയ സമൂഹ നോമ്പുതുറ ഇതുവരെ കാണാത്ത ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. റമദാനിലെ നാടന്‍ ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കിയതും വേദിയുടെ വനിതാ വിഭാഗം സ്ത്രീകള്‍ക്കും വയോധികര്‍ക്കുമായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതും ഈ നോമ്പുതുറയുടെ പ്രത്യേകതകളായിരുന്നു. വളണ്ടിയര്‍ കോ ഓര്‍ഡിനേറ്റര്‍ ജോജു കൊമ്പന്റെ നേതൃത്വത്തില്‍ നൂറില്‍ പരം വളണ്ടിയര്‍മാരുടെ അകമഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ പ്രോഗ്രാമിന്റെ സുഗമമായി നടത്തിപ്പിനു വഴിയൊരുക്കി.