നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഐ.സി.ബി.എഫ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ദോഹ. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി. ബി.എഫ്), ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും, സഫാരി ഗ്രൂപ്പിന്റെയും സഹകരണത്തോടെ അബുഹമൂര്‍ സഫാരി മാളില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഏതാണ്ട് 120 ഓളം പേരാണ് രക്തം ദാനം ചെയ്യുവാന്‍ എത്തിയത്. രാത്രി 8:00 ന് ആരംഭിച്ച് 11:30 ന് സമാപിച്ച ക്യാമ്പ് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഓരോ ദാതാവും മൂന്ന് പേരുടെ ജീവനാണ് രക്ഷിക്കുന്നതെന്ന് സൂചിപ്പിച്ച അദ്ദേഹം, ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പരോപകാര മനോഭാവത്തെ പ്രശംസിക്കാനും മറന്നില്ല.
റമദാനില്‍ രക്തം ദാനം ചെയ്യുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ഐ.സി. ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി. ബി.എഫിന്റെ നാല് പതിറ്റാണ്ട് നീണ്ട മാനുഷിക പ്രവര്‍ത്തനങ്ങളോടുള്ള പ്രതിബന്ധത ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ഈ രക്തദാന ക്യാമ്പ് എന്ന് സൂചിപ്പിച്ചു.
ഐ.സി.സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ.എസ്.സി പ്രസിഡന്റ് ഇ പി അബ്ദുള്‍റഹ്‌മാന്‍, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ എന്നിവരും രക്തദാന ക്യാമ്പിനെക്കുറിച്ചുള്ള സമാനമായ വികാരങ്ങള്‍ പങ്കുവെച്ചു.
പരിപാടികള്‍ ഏകോപിപ്പിച്ച ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ഐ.സി.ബി.എഫിന്റെ സാമൂഹിക പ്രതിബദ്ധത ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതായിരുന്നു അന്നേ ദിനത്തെ പ്രവര്‍ത്തനങ്ങള്‍ എന്നു സൂചിപ്പിച്ചു.
ഐ.സി.ബിഎഫ് സെക്രട്ടറിയും രക്തദാന ക്യാമ്പുകളുടെ ചുമതലക്കാരനുമായ മുഹമ്മദ് കുഞ്ഞി തന്റെ സ്വാഗത പ്രസംഗത്തില്‍, രക്തദാനത്തിന് സമൂഹത്തിലുള്ള പ്രാധാന്യം എടുത്തു പറഞ്ഞു.
ഐ.സി.സി ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍, സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ള, തുടങ്ങി മറ്റ് നിരവധി മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കളും സന്നിഹിതരായിന്നു.
ഐ.സി.ബി.എഫ് ട്രഷറര്‍ കുല്‍ദീപ് കൗര്‍ ബഹല്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സമീര്‍ അഹമ്മദ്, സറീന അഹദ്, ശങ്കര്‍ ഗൗഡ്, അബ്ദുള്‍ റൗഫ് കൊണ്ടോട്ടി, കുല്‍വീന്ദര്‍ സിംഗ്, ഉപദേശക സമിതി അംഗങ്ങളായ ടി രാമശെല്‍വം തുടങ്ങിയവര്‍ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി രംഗത്തുണ്ടായിരുന്നു. ഒരിക്കല്‍ക്കൂടി, ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യവും പ്രതിബദ്ധതയും അടയാളപ്പെടുത്തുന്നതായിരുന്നു ഈ രക്തദാന ക്യാമ്പ്.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി നന്ദി പറഞ്ഞു.