ഇന്ത്യന്‍ ക്ലബ് ദുബായ് യു.എ.ഇ ബാഡ്മിന്റണ്‍ ഗോള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് 2024-ല്‍ മിന്നും താരമായി റിയാന്‍ മല്‍ഹാന്‍
ദോഹ: മെയ് 3 മുതല്‍ മെയ് 12 വരെ ദുബായില്‍ നടന്ന ഇന്ത്യന്‍ ക്ലബ് ദുബായ് യു.എ.ഇ ബാഡ്മിന്റണ്‍ ഗോള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് 2024-ല്‍ മിന്നും താരമായി റിയാന്‍ മല്‍ഹാന്‍. ബോയ്സ് സിംഗിള്‍സ് അണ്ടര്‍ 17, അണ്ടര്‍ 19 കാറ്റഗറിളിലാണ് റിയാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.
ബോയ്സ് സിംഗിള്‍സ് അണ്ടര്‍ 17 വിഭാഗത്തില്‍, റിയാന്‍ 21-18, 21-10 എന്ന നിര്‍ണായക സ്കോറോടെ തന്റെ എതിരാളിയെ തോല്‍പ്പിച്ച് വിജയിയായി. മല്‍സരത്തിലുടനീളം തന്റെ നൈപുണ്യവും തന്ത്രപരമായ മികവും പ്രകടിപ്പിച്ചാണ റിയാന്‍ കിരീടം സ്വന്തമാക്കിയത്.
ബോയ്സ് സിംഗിള്‍സ് അണ്ടര്‍ 19 വിഭാഗത്തിലെയും റിയാന്റെ പ്രകടനം തുല്യമായി മികച്ചതായിരുന്നു. നിലവിലെ ജൂനിയര്‍ ലോകം നമ്പര്‍ 3 ആയ ഭാരത് ലതീഷിനെതിരെ 21-19, 18-21, 21-14 എന്ന സ്കോറോടെ ആവേശകരമായ ഒരു മല്‍സരത്തിനു ശേഷം റിയാന്‍ ഫൈനലിലെത്തി. ഫൈനലില്‍ ദേവ വിഷ്ണുവിനെതിരെ പൊരുതി തോറ്റെങ്കിലും, റിയാന്റെ ഫൈനല്‍ യാത്ര അസാധാരണമായ കഴിവും പോരാട്ട വീര്യവും അടയാളപ്പെടുത്തുന്നതായിരുന്നു.
ഖത്തറിലെ പ്രശസ്തമായ ന്യൂ വിഷന്‍ ബാഡ്മിന്റണ്‍ സ്പോര്‍ട്സില്‍ അക്കാദമി സ്ഥാപകനും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്റെ വിദഗ്ദ്ധ മാര്‍ഗനിര്‍ദ്ദേശത്തില്‍ തീവ്രപരിശീലനം നടത്തിയാണ് റിയാന്‍ മല്‍സരത്തില്‍ പങ്കെടുത്തത്.
ബാഡ്മിന്റണില്‍ മികവിനെ പിന്തുടരുന്നതിനുള്ള തന്റെ പ്രതിബദ്ധത തുടരാന്‍ തന്നെയാണ് റിയാന്‍ ആഗ്രഹിക്കുന്നത്. തന്റെ കളി മെച്ചപ്പെടുത്താനും നൈപുണ്യം നേടുന്നതിനും ദുബായില്‍ താമസിക്കുന്ന റിയാന്‍ വരും വേനലില്‍ ഖത്തറിലേക്ക് തിരികെയെത്താനാണ് പദ്ധതിയിടുന്നത്. 2026 ലെ യൂത്ത് ഒളിമ്പിക്സിലും 2028 ലെ ഒളിമ്പിക്സിലും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാനാണ് റിയാന്‍ ലക്ഷ്യമിടുന്നത്.