Local News

ഖത്തര്‍ കെഎംസിസി സ്ഥാപക നേതാവ് പിഎസ് മുഹമ്മദ് കുട്ടി ബാഖവിക്ക് സ്വീകരണം നല്‍കി

ദോഹ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ ഖത്തര്‍ കെഎംസിസി സ്റ്റേറ്റ് ഉപദേശ സമിതി ചെയര്‍മാന്‍, സാമൂഹ്യ സുരക്ഷാ പദ്ധതി പ്രഥമ ചെയര്‍മാന്‍,തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്, തുടങ്ങി ഖത്തര്‍ കെഎംസിസി യുടെ വിവിധ പദവികളില്‍ പതിറ്റാണ്ടുകള്‍ നേതൃത്വം പകര്‍ന്ന പി.സ് മുഹമ്മദ് കുട്ടി ബാഖവിക്ക് കെഎംസിസി ഖത്തര്‍ തൃശൂര്‍ ജില്ല കമ്മിറ്റിയുടെയും മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
കെഎംസിസി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് എന്‍.ടി നാസര്‍ അക്ഷ്യക്ഷത വഹിച്ചു. മണലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി യൂനസ് വാടാനപ്പള്ളി സ്വാഗതം ആശംസിച്ചു.
കെഎംസിസി ഖത്തര്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സലീം നാലകത്ത് ഉത്ഘാടനം ചെയ്തു.
സംഘടന പ്രവര്‍ത്തനത്തില്‍ പി.എസ് നല്‍കിയ മാതൃക മഹത്തരമായിരുന്നുവെന്ന് ഉപദേശക സമിതി ചെയര്‍മാനും സീനിയര്‍ നേതാവുമായ ഷാഫി ഹാജി അഭിപ്രായപ്പെട്ടു.
സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ തുടക്ക കാലത്തില്‍ പ്രഥമ ചെയര്‍മാന്‍ പദവി ഏറ്റെടുത്ത് കൊണ്ട് അദ്ദേഹം കാണിച്ച മാതൃകയും ആര്‍ജ്ജവവുമാണ് പ്രസ്തുത പദ്ധതിയെ മുന്നോട്ട് നയിക്കാന്‍ ഊര്‍ജ്ജം പകര്‍ന്നതെന്ന് കെഎംസിസി ഖത്തര്‍ മുന്‍ പ്രസിഡന്റും ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ സാം ബഷീര്‍ പറഞ്ഞു. പദ്ധതിയുടെ തുടക്ക കാലം മുതല്‍ പ്രവാസത്തില്‍ നിന്ന് വിരമിക്കുന്ന 2008 കാലം വരെ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചുവെന്നത് അദ്ദേഹം സംഘടനക്കും സ്‌നേഹ സുരക്ഷ സംവിധാനത്തിനും നല്‍കിയ സേവനത്തിന്റെ വലിയ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലപാടുകളില്‍ പി.എസ് കാണിച്ച നിഷ്‌കര്‍ഷതകളും സൂക്ഷ്മതയും സംഘടന പ്രവര്‍ത്തനങ്ങളില്‍ എക്കാലവും മാതൃകയായിരുന്നുവെന്ന് കെഎംസിസി ഖത്തര്‍ ഉപദേശക സമിതി വൈസ് ചെയര്‍മാനും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അബ്ദുനാസര്‍ നാച്ചി സദസ്സുമായി പങ്കുവച്ചു. പി.എസ് പോലുള്ള നേതാക്കള്‍ ഉയര്‍ത്തിയ മഹത്തായ മൂല്യത്തിന്റെ പതാക വാഹകരായി നിലകൊള്ളുവാന്‍ സാധിച്ചുവെന്നത് അഭിമാനമാണെന്ന് കെഎംസിസി ഖത്തര്‍ സ്റ്റേറ്റ് ട്രഷറര്‍ പി.എസ്.എം ഹുസൈന്‍ പറഞ്ഞു. പ്രതിസന്ധികളെ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹാരം കാണുവാനുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം ഏറെ ആകര്‍ഷണീയമായിരുന്നുവെന്നും ഉപദേശക സമിതി അംഗവും സീനിയര്‍ നേതാക്കളുമായ സി.വി ഖാലിദ്, മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എവിഎ ബക്കര്‍ ഹാജി എന്നിവര്‍ അഭിപ്രായപ്പെട്ടു.
തൃശ്ശൂര്‍ ജില്ല കമ്മിറ്റിയുടെ സ്‌നേഹോപഹാരം ജില്ലാ പ്രസിഡന്റ് എന്‍ റ്റി നാസര്‍, ജനറല്‍ സെക്രട്ടറി നസീര്‍ അഹ്‌മദ് എന്നിവര്‍ ചേര്‍ന്നു കൈമാറി.
മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഹാഷിം , ജനറല്‍ സെക്രട്ടറി യൂനസ് ചേര്‍ന്നു കൈമാറി. ചൂണ്ടല്‍ പഞ്ചായത്തിന്റെ സ്‌നേഹോപഹാരം വൈസ് പ്രസിഡന്റുമാരായ അഡ്വ:ജാഫര്‍ ഖാന്‍, റാഫി പട്ടിക്കര എന്നിവര്‍ ചേര്‍ന്നു കൈമാറി.
മുന്‍കാലങ്ങളില്‍ സംഘടനക്കു വേണ്ടി ആത്മാര്‍ഥമായി പ്രയത്‌നിച്ചവരില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കാന്‍ സംഘടന മുന്നിട്ടിറങ്ങണമെന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന്റെ സഹായം കൂടെയുണ്ടാകുമെന്നും , പ്രവര്‍ത്തനങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
മണലൂര്‍ മണ്ഡലം പ്രസിഡന്റ് ഹാഷിം, നീതി ഭദ്ര ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ: ജാഫര്‍ ഖാന്‍, ഉപദേശക സമിതി അംഗങ്ങള്‍ ഹംസകുട്ടി, മുസ്തഫ എലത്തൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഗ്രാമീണ പത്രപ്രവര്‍ത്തകനും അര നൂറ്റാണ്ടിലധികം ചന്ദ്രികയുടെ ചേറ്റുവ ലേഖകനും ഏജന്റുമായിരുന്ന വി. അബ്ദുവിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
തൃശ്ശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി നസീര്‍ അഹ്‌മദ് നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!