
ഡോ.മൊയ്തീന്‍ കുട്ടി എബിക്ക് ഊഷ്മളമായ യാത്രയയപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ദീര്‍ഘമായ സേവനത്തിന് ശേഷം കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗത്തില്‍ നിന്നും വിരമിക്കുന്ന ഡോ.മൊയ്തീന്‍ കുട്ടി എബിക്ക് വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ഊഷ്മളമായ യാത്രയയപ്പ് നല്‍കി .

മൂന്ന് വൈസ് ചാന്‍സിലര്‍മാര്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, വിവിധ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, വിവിധ കോളേജുകളിലെ അറബി വകുപ്പ് മേധാവികള്‍ തുടങ്ങിയവരുടെ സാന്നിധ്യം യായയയപ്പ് ചടങ്ങ് വ്യതിരിക്തമാക്കി.
കാലിക്കറ്റ് യൂണിവേര്‍സിറ്റി ഇ എം.എസ് സെമിനാര്‍ കോംപ്‌ളക്‌സില്‍ നടന്ന യാത്രയയപ്പ് ചടങ്ങ് വിദ്യാര്‍ഥികള്‍, സഹപ്രവര്‍ത്തകര്‍, സഹപാഠികള്‍, ഗവേഷകര്‍ എന്നിവര്‍ക്ക് പുറമേ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള
പ്രമുഖരുടെ നിറ സാന്നിധ്യം കൊണ്ട് സവിശേഷമായി.

വൈവിധ്യമാര്‍ന്ന ശാരീരിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അവഗണിച്ച് യൂണിവേര്‍സിറ്റി അറബി വിഭാഗത്തിലെ മിക്കവാറും എല്ലാ മുന്‍ മേധാവികളും അധ്യാപകരുമെത്തിയത് യാത്രയയപ്പ് ചടങ്ങിനെ കൂടുതല്‍ ശ്രദ്ധേയമാക്കി. എബി എന്ന വിദ്യാര്‍ഥിക്കും അധ്യാപകനും ഗുരുനാഥന്മാരുടേയും സഹപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും ഹൃദയത്തിലുള്ള സ്ഥാനം അടയാളപ്പെടുത്തിയ യാത്രയയപ്പ് ചടങ്ങ് ഏറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് അവധി ദിവസത്തിന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഈ ചടങ്ങില്‍ സംബന്ധിക്കാനെത്തിയത്. രാവിലെ തുടങ്ങിയ യായ്രയയപ്പ് ചടങ്ങ് വൈകുന്നേരം അവസാനിക്കുമ്പോഴും എബി എന്ന ബൃഹത്തായ പാഠ പുസ്തകത്തിലെ ഏതാനും പേജുകള്‍ മാത്രമേ മറിച്ചുനോക്കാനായുള്ളൂ എന്നാണ് ചടങ്ങ് സാക്ഷ്യപ്പെടുത്തിയത്. യാത്രയയപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച കേരളത്തിലെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച ചര്‍ച്ച എബി എന്ന വിദ്യാഭ്യാസ വിചക്ഷണനുള്ള ഉചിതമായ സമ്മാനമായി.
മൂന്ന് പതിറ്റാണ്ടോളം കാലം സേവന മേഖലയില്‍ നിറ സാന്നിധ്യമായി തിളങ്ങിയ ഡോ.മൊയ്തീന്‍ കുട്ടി എബിയുടെ മാതൃകാ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യ പത്രമായിരുന്നു യൂണിവേര്‍സിറ്റി ഇ എം.എസ് സെമിനാര്‍ കോംപ്‌ളക്‌സില്‍ തടിച്ചുകൂടിയ ധന്യമായ സദസ്സ്.

കൈ വെച്ച മേഖലയിലൊക്കെ സ്വന്തമായ കൈയൊപ്പ് ചാര്‍ത്തി സേവനത്തിന്റെ ഉദാത്ത മാതൃകയാണ് ഡോ.മൊയ്തീന്‍ കുട്ടി സൃഷ്ടിച്ചതെന്ന് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത കാലിക്കറ്റ് യൂണിവേര്‍സിറ്റി വൈസി ചാന്‍സിലര്‍ പ്രൊഫസര്‍ ഡോ.എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വകുപ്പ്, കെ.എസ്.എം.ഡി എഫ് സി , സ്റ്റേറ്റ് കോംപീറ്റന്റ് അതോരിറ്റി , വിദൂര വിദ്യാഭ്യാസം, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയിലൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ച ഡോ. മൊയ്തീന്‍ കുട്ടി കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പിനെ അന്താരാഷ്ട്ര തലത്തിലേക്കുയര്‍ത്തിയ പ്രതിഭയാണെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു.

ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര സെമിനാറുകളുമൊക്കെ ഏറെ മാതൃകാപരമാണ്. വിദേശ സര്‍വകലാശാലകളുമായി വൈജ്ഞാനിക വിനിമയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ സഹായകമായിരുന്നു ഡോ. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഈയിടെ നടന്ന ഈജിപ്ത് പര്യടനം. ലഭിക്കുന്ന അവസരങ്ങളൊക്കെ യൂണിവേര്‍സിറ്റിക്കും വിദ്യാര്‍ഥികള്‍ക്കും ഗുണകരമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചാണ് ഡോ.മൊയ്തീന്‍ കുട്ടി തന്റെ സേവനകാലം സാര്‍ഥകമാക്കിയതെന്നും വിദ്യാര്‍ഥികളുടേയും സഹപ്രവര്‍ത്തകരുടേയും ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ കോഴ്‌സിന് അറബി വകുപ്പിനേയും ഉള്‍പ്പെടുത്തിയത് ഡോ. മൊയ്തീന്‍ കുട്ടിയുടേയും സഹപ്രവര്‍ത്തകരുടേയും കഴിവിന്റേയും സേവന സന്നദ്ധതയുടേയും കൂടി ഭാഗമായാണ്. യൂണിവേര്‍സിറ്റിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വകുപ്പുകളിലൊന്നായി അറബി വിഭാഗം മാറിയിരിക്കുന്നു.

ഇന്ത്യന്‍ യൂണിവേര്‍സിറ്റികളില്‍ മികച്ച സ്ഥാപനമാണ് കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പിനുള്ളതെന്നും ഏറ്റവും കൂടുതല്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും നൂതനവുംമാതൃകാപരവുമായ പ്രവര്‍ത്തനങ്ങളിലൂടേയുമാണ് സര്‍വകലാശാല മുന്നേറുന്നതും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കാലിക്കറ്റ് യൂണിവേര്‍സിറ്റി മുന്‍ വൈസ് ചാന്‍സിലറും ആസാം യൂണിവേര്‍സിറ്റി പ്രൊഫസറുമായ പ്രൊഫസര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. അധ്യാപകന്‍ എന്ന നിലക്കും സഹപ്രവര്‍ത്തകന്‍ എന്ന നിലക്കും പകര്‍ത്താവുന്ന മാതൃകയാണ് ഡോ. മൊയ്തീന്‍കുട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

സംസ്‌കൃതം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഡോ.കെ.കെ. ഗീത കുമാരി, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം. സത്യന്‍, ശ്രീ നാരായണ ഗുരു ഓപണ്‍ യൂണിവേര്‍സിറ്റിയിലെ അറബി പിജി വകുപ്പിന്റെ അക്കാദമിക് കമ്മറ്റി ചെയര്‍മാനും ന്യൂ ഡല്‍ഹി ആസ്ഥാനമായ എച്ച്.ആര്‍.ഡിഎഫ് അധ്യക്ഷനുമായ ഡോ. ഹുസൈന്‍ മടവൂര്‍, യൂണിവേര്‍സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. പി.പി.മുഹമ്മദ്, മര്‍ക്കസു സഖാഫത്തു സ്സുന്നിയ്യ വൈസ് ചാന്‍സിലര്‍ ഡോ. ഹുസൈന്‍ മുഹമ്മദ് സഖാഫി ചുള്ളിയോട്, ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ് ലാമിയ്യ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ് മദ്, യൂണിവേര്‍സിറ്റി അറബി വകുപ്പ് മുന്‍ മേധാവികളായിരുന്ന ഡോ. ഇ.കെ.അഹ്‌മദ് കുട്ടി, ഡോ.വി.കെ. വീരാന്‍ മൊയ്തീന്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദര്‍, മുന്‍ അധ്യാപകരായിരുന്ന ഡോ. അഹ് മദ് ഇസ്മാഈല്‍ ലബ്ബ, ഡോ. കെ.പി.അബൂബക്കര്‍ , ഡോ. മുഹമ്മദ് ഹനീഫ, മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ ജമാല്‍ , സൈക്കോളജി വകുപ്പ് മുന്‍ മേധാവിയും സെനറ്റ് മെമ്പറുമായ ഡോ. ബേബി ശാരി, യീണിറ്റി വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ വി.സെയ്തലവി, മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ യു.സെയ്തലവി, സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഇസ്മാഈല്‍ ഒളായിക്കര, ആസാം യൂണിവേര്‍സിറ്റി പ്രൊഫസര്‍ ഡോ. അബ്ദുല്‍ റസാഖ്, ഫറൂഖ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അബ്ബാസ് കെ.പി, മമ്പാട് എം.ഇ.എസ് കോളേജ് അറബി വകുപ്പ് മേധാവി ഡോ. സാബിക്, ഡോ.സഗീര്‍ അലി, അഫ്‌സല്‍ മുസ് രിസ് , അബൂബക്കര്‍ നിസാമി, സിജി പ്രതിനിധി ഹാജി കെ.വി.അബ്ദുല്ലക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

യൂണിവേര്‍സിറ്റി മുന്‍ രജിസ്ട്രാറും അറബി വകുപ്പ് പ്രൊഫസറുമായ ഡോ. അബ്ദുല്‍ മജീദ് ടി.എ, അറബി വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡോ. സൈനുദ്ധീന്‍ പി.ടി, അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. അബ്ദുല്‍ മജീദ് ഇ, ഡോ. അലി നൗഫല്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മുനീര്‍ ജി.പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
യൂണിവേര്‍സിറ്റി ഗവേഷക വിദ്യാര്‍ഥി അലി തല്‍വാര്‍ രചിച്ച് അവതരിപ്പിച്ച ഉറുദു ഗാനം വിദ്യാര്‍ഥികളുടെ മനസില്‍ എബി എന്ന ഗുരുനാഥനുള്ള സ്‌നേഹാര്‍പ്പണമായി.