IM Special

ജനസേവനത്തിന്റെ സി.ഐ.സി. മാതൃക

അമാനുല്ല വടക്കാങ്ങര

ദോഹ. ജനസേവനം ഞങ്ങള്‍ക്ക് ദൈവാരാധന എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന്റെ സേവനത്തിന്റെ മഹിത മാതൃക സൃഷ്ടിക്കുന്നവരാണ് ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി.
ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണകാണിക്കും എന്ന പ്രവാചക അധ്യാപനത്തില്‍ നിന്നും ആവേശമുള്‍കൊണ്ട് സഹജീവി സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റെയും മാതൃകകേന്ദ്രമായി മാറി, പുണ്യങ്ങളുടെ വസന്തകാലമായിരുന്ന ഈ റമളാനില്‍ സി. ഐ. സി റയ്യാന്‍ ഓഫീസ്. പ്രയാസപ്പെടുന്നവരിലേക്ക് സാന്ത്വനത്തിന്റെ ഇഫ്താര്‍ കിറ്റുമായി പുഞ്ചിരിക്കുന്ന മുഖത്തോടെ കടന്നുചെല്ലുകയാരിന്നു സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) യുടെ ജനസേവന വിഭാഗത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടരുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷംപ്രതി ദിനം ഏകദേശം അയ്യായിരത്തോളം ഇഫ്താര്‍ കിറ്റുകളാണ് ഈ കേന്ദ്രം വഴി വിതരണം ചെയ്തത്. ഈ വര്‍ഷം ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തതായി സി.ഐ.സി. ജനസേവന വിഭാഗം കോഡിനേറ്റര്‍ താഹിര്‍ കളത്തിങ്കല്‍ അറിയിച്ചു.

ഉച്ച തിരിഞ്ഞ് മൂന്നര മണിയോടെ സജീവമാവുന്ന സെന്ററില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സി.ഐ.സി.യുടെ കര്‍മനിരതരായ വളണ്ടിയര്‍മാരുടെ അശ്രാന്ത പരിശ്രമമാണ് ഈയൊരു സല്‍കര്‍മത്തിന്റെ വിജയ മന്ത്രം.

പ്രധാനമായും ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ മുഖേന ഖത്തര്‍ ചാരിറ്റില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണമാണ് സി.ഐ.സി. വിതരണം ചെയ്തത്. കൂടാതെ

വഹാബ് കമ്മ്യൂണിറ്റി, തെലുങ്കാന വെല്‍ഫയര്‍ അസോസിയേഷന്‍, അന്‍സാര്‍ അലൂംനി, എം.ഇ. എസ്. നോര്‍ത്ത് ഇന്ത്യന്‍ അലുംനി, ഐ.ടി.പി.എന്‍. വിമന്‍ ഇന്ത്യ, നടുമുറ്റം, കള്‍ചറല്‍ ഫോറം, യൂത്ത് ഫോറം, മിഷന്‍ 20, ഖത്തര്‍ മല്ലു വളണ്ടിയേര്‍സ് , എ.ഐ.ടി.എം. അലുംനി ഖത്തര്‍, ചക്കരക്കൂട്ടം, ഇന്‍കാസ് ഖത്തര്‍, ഖത്തര്‍ മലയാളീസ്, ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാര്‍, ഫേസ് വളാഞ്ചേരി തുടങ്ങി അമ്പതോളം ചെറുതും വലുതുമായ കൂട്ടായ്മകളുടേയും സംഘടനകളുടേയും പിന്തുണയും സഹകരണവുമാണ് ഈ സേവനത്തെ സവിശേഷമാക്കിയത്.

ഭക്ഷണം നല്കാന്‍ തയ്യാറായി വരുന്ന കൂട്ടായ്മകള്‍ക്ക് ഭക്ഷണം ആവശ്യമുള്ള യഥാര്‍ത്ഥ ആളുകളെ കണ്ടെത്തി കൊടുക്കുകയും വിതരണത്തിന് നേതൃത്വം നല്‍കുകയുമാണ് സി.ഐ.സി. യുടെ മുഖ്യ ദൗത്യം. പ്രയാസപ്പെടുന്നവരെ തിരിച്ചറിയുന്നതിനായി രണ്ട് മാസത്തോളം സി.ഐ.സി വളണ്ടിയര്‍മാര്‍ ഫീല്‍ഡില്‍ ഇറങ്ങി പഠനം നടത്തിയിരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭക്ഷണം നല്‍കാന്‍ ധാരാളം സുമനസ്സുകള്‍ തയ്യാറാണ്, പക്ഷെ അത് ആവശ്യക്കാരുടെ കൈകളില്‍ എത്തിക്കുക എന്ന ഭാരിച്ച ദൗത്യമാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി സി .ഐ. സി ചെയ്തുവരുന്നത്. ഓരോ വര്‍ഷവും ഇതുമായി സഹകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി ജനസേവനത്തിന് നേതൃത്വം നല്‍കുന്ന സിദ്ദിഖ് വേങ്ങര അഭിപ്രായപ്പെട്ടു.

സൗദി ബോഡറിലെ കരാന, ഉംകര്‍, ജെറിയാന്‍, മകൈന്‍സ് , അബു നഖ്ല, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ബര്‍ക്കത്ത് അവാമിര്‍, ശഹാനിയ, റയ്യാന്‍, മൈദര്‍, ഫുറൂസിയ, അസീസിയ, ഐന്‍ ഖാലിദ്, വക്റ തുടങ്ങിയ സ്ഥലങ്ങളിലെ ലേബര്‍ ക്യാമ്പുകള്‍, വിജനമായ പ്രദേശങ്ങളിലെ ഫാമുകള്‍, ഒറ്റപ്പെട്ടു താമസിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ തുടങ്ങി ഖത്തറിന്റെ എല്ലാ ഭാഗത്തും തങ്ങളുടെ വളണ്ടിയര്‍മാര്‍ ഇഫ്താര്‍ കിറ്റുമായി എത്തിയിട്ടുണ്ടെന്ന് വളണ്ടിയര്‍ ക്യാപ്റ്റന്‍ മുഹമ്മദ് റഫീഖ് പറഞ്ഞു. ദിവസവും സേവന സന്നദ്ധരായ 45 ല്‍ പരം വളണ്ടിയര്‍മാരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

ഇഫ്താര്‍ കിറ്റുകള്‍ക്ക് പുറമെ വിവിധ കച്ചവട സ്ഥാപനങ്ങളുടെ സഹകരണത്തോടെ 800 ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ പലചരക്ക് സാധനങ്ങളുടെ കിറ്റുകളും, 200 ല്‍ പരം പെരുന്നാള്‍ പുതുവസ്ത്രങ്ങളും വിതരണം ചെയ്തതായി സി. ഐ. സി ജനസേവന വിഭാഗം എക്‌സിക്യൂട്ടീവ് അംഗം ഫഹദ് ഇ. കെ അറിയിച്ചു.

റമദാനില്‍ മാതൃകാപരമായ സേവനം ചെയ്ത വളണ്ടിയര്‍മാരെ കഴിഞ്ഞ ദിവസം സി.എം.സി. റയ്യാന്‍ സോണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. റഫീഖ് പി.സി.യുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങ് സി.ഐ.സി. വൈസ് പ്രസിഡണ്ട് യാസിര്‍ ഇല്ലതോടി ഉദ്ഘാടനം ചെയ്തു. റയ്യാന്‍ സോണല്‍ പ്രസിഡന്റ് സംസാരിച്ചു. സംഘടനാ സെക്രട്ടറി ജലീല്‍ എം എം അധ്യക്ഷനായിരുന്നു. സി ഐ സി കേന്ദ്ര ജനസേവന ഉപാധ്യക്ഷന്മാരായ നൂറുദ്ധീന്‍ അഷ്‌കറലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വളണ്ടിയര്‍ ക്യാപ്റ്റന്‍ ടി.എ. മുഹമ്മദ് റഫീഖ് സ്വാഗതവും സി.ഐ.സി റയ്യാന്‍ സോണ്‍ ജനറല്‍ സെക്രട്ടറി
ഷിബിലി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!