അല്‍ റയ്യാനില്‍ രണ്ട് പുതിയ പൊതു പാര്‍ക്കുകള്‍ തുറന്നു

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗാല്‍) സഹകരണത്തോടെ അല്‍ റയ്യാനില്‍ ആവശ്യമായ എല്ലാ സേവനങ്ങളുമുള്ള രണ്ട് പൊതു പാര്‍ക്കുകള്‍ തുറന്നു.
അയല്‍പക്കങ്ങളിലെ താമസക്കാര്‍ക്ക് വൈവിധ്യമാര്‍ന്ന ഹരിത ഇടങ്ങള്‍ നല്‍കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പാര്‍ക്കുകള്‍ തുറന്നത്.
പുതിയ പാര്‍ക്കുകളായ ‘അല്‍ തമീദ്’, ‘അല്‍ സുഡാന്‍’ എന്നിവ പ്രവര്‍ത്തന സജ്ജമായതോടെ ഖത്തറില്‍ പൊതു പാര്‍ക്കുകളുടെ എണ്ണം 149 ആയി.
ഉദ്ഘാടന ചടങ്ങില്‍ പബ്ലിക് സര്‍വീസസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി എന്‍ജിനീയര്‍ അബ്ദുല്ല അഹമ്മദ് അല്‍ കരാനി, അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ജാബര്‍ ഹസന്‍ അല്‍ ജാബര്‍, പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ എന്‍ജിനീയര്‍. മുഹമ്മദ് ഇബ്രാഹിം അല്‍ സാദ മുതലായവര്‍ പങ്കെടുത്തു.