ഖത്തറില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് ശൂറ കൗണ്‍സില്‍ മന്ത്രിസഭയ്ക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കും

ദോഹ.ഖത്തറില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് ശൂറ കൗണ്‍സില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കും. ഡിജിറ്റല്‍ ഉള്ളടക്കത്തിന്റ ഗുണനിലവാരവും മൂല്യങ്ങളും ഉറപ്പുവരുത്തുന്നതിന് സഹായകമായ നിയമനിര്‍മാണം അത്യാവശ്യമാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ചര്‍ച്ചയെത്തുടര്‍ന്ന്, അച്ചടക്കമുള്ള ഡിജിറ്റല്‍ മീഡിയ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദേശം മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കാന്‍ നിയമസഭാ സമിതി തീരുമാനിച്ചു.
മൂല്യങ്ങള്‍ക്കും ദേശീയ ഐഡന്റിറ്റിക്കും അനുസൃതമായ ഉള്ളടക്കം ഉറപ്പാക്കുന്നതിനും വിദേശ സംസ്‌കാരങ്ങളുടെയും അനിയന്ത്രിതമായ പരസ്യങ്ങളുടെയും വ്യാപനം തടയുന്നതിനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് രാജ്യത്തെ ബന്ധപ്പെട്ട അധികാരികള്‍ ലൈസന്‍സ് നല്‍കുന്ന ഒരു നിയമ ചട്ടക്കൂട് നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു.